സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന് പറഞ്ഞ ഇന്ത്യൻ വിദ്യാർഥിക്ക് യുഎസ് വിസ നിഷേധിച്ചതായി പരാതി.താൻ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നും, ഗാസ-ഇസ്രയേല്‍ യുദ്ധം പോലുള്ള ആഗോള വിഷയങ്ങളെക്കുറിച്ചുള്ള തൻ്റെ വ്യക്തിപരമായ വികാരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനിന്നുവെന്നും പറഞ്ഞതിന് പിന്നാലെയാണ് 27കാരന് വിസ നിഷേധിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റിനോട് സംസാരിക്കവെ ആയിരുന്നു കൗശിക് രാജ് തൻ്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഡാറ്റാ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി 89 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് കൗശിക് രാജിന് ലഭിച്ചത്. അഭിമുഖം ഉള്‍പ്പെടെ എല്ലാ വിസ നടപടിക്രമങ്ങളും ഇയാള്‍ പൂർത്തിയാക്കിരുന്നു. ഡൊണാള്‍ഡ് ട്രംപിൻ്റെ ഭരണകൂടത്തിന് കീഴില്‍, സോഷ്യല്‍ മീഡിയ പരിശോധന വിസ തെരഞ്ഞെടുക്കല്‍ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കൗശിക് രാജിന് മാത്രമല്ല. സമാനരീതിയില്‍ അഭിമുഖ പരീക്ഷകള്‍ക്ക് പിന്നാലെ മൂന്ന് പേരുടെ കൂടെ വിസ നിഷേധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. അപേക്ഷാ പ്രക്രിയയുടെ മറ്റ് എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയെന്നും, സോഷ്യല്‍ മീഡിയയുടെ കാര്യം പറഞ്ഞതിന് പിന്നാലെയാണ് വിസ നിരസിക്കപ്പെട്ടതെന്നും വിദ്യാർഥികള്‍ ആരോപിച്ചു.
ജൂണിലാണ് വിസ സ്ക്രീനിംഗ് നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎസ് ഒരു പുതിയ നടപടി പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാൻ തുടങ്ങിയത്. യുഎസ് നിയമപ്രകാരം അവരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്നതിന് ഇത് ഉപകാരപ്പെടുമെന്നാണ് അവരുടെ അവകാശവാദം.
