നമ്മുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒരു കൊച്ചുതാരമാണ് ഗ്രാമ്ബൂ (Clove). കറികള്‍ക്കും മധുരപലഹാരങ്ങള്‍ക്കും ഒരുപോലെ രുചി നല്‍കുന്നതിലുപരിയായി, സിസിജിയം ആരോമാറ്റിക്കം (Syzygium aromaticum) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ പൂമൊട്ടുകള്‍ക്ക് നിരവധി ആരോഗ്യപരമായ ഗുണങ്ങളുണ്ട്.പണ്ടുകാലം മുതല്‍ക്കേ പല്ലുവേദനയ്ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും ഒരു ഒറ്റമൂലിയായി ഉപയോഗിച്ചിരുന്ന ഗ്രാമ്ബൂ, പുതിയ പഠനങ്ങള്‍ അനുസരിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. പ്രതിദിനം ഒരൊറ്റ ഗ്രാമ്ബൂ കഴിക്കുന്നത് പോലും നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വലിയൊരു മുതല്‍ക്കൂട്ട് ആയേക്കാം.
കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ ഗ്രാമ്ബൂവിന്റെ പങ്ക്
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പ്രധാന വില്ലനാണ് കൊളസ്‌ട്രോള്‍. ഇതില്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (LDL – Low-Density Lipoprotein), അഥവാ ‘ചീത്ത കൊളസ്‌ട്രോള്‍’ രക്തധമനികളില്‍ അടിഞ്ഞുകൂടി അഥീറോസ്‌ക്ലിറോസിസ് (രക്തധമനികള്‍ ദൃഢീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) എന്ന ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം.
ഗ്രാമ്ബൂവില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള യൂജെനോള്‍ (Eugenol) പോലുള്ള സജീവ സംയുക്തങ്ങളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ഈ അവസ്ഥയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അതേസമയം ‘നല്ല കൊളസ്‌ട്രോള്‍’ ആയ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോളിന്റെ (HDL – High-Density Lipoprotein) അളവ് മെച്ചപ്പെടുത്താനും ഗ്രാമ്ബൂവിന് സാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആരോഗ്യകരമായ ഈ ലിപിഡ് പ്രൊഫൈല്‍ നിലനിർത്തുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
