ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നോർക്കയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും ചേർന്ന് സംഘടിപ്പിച്ച ഏകദിന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ പ്രവാസ ജീവിതത്തിന് ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കോണുകളിലും മലയാളികള്‍ എത്തിച്ചേർന്നു കഴിഞ്ഞു. തൊഴില്‍ അന്വേഷിച്ചുള്ള കുടിയേറ്റം എന്നതായിരുന്നു ആദ്യകാലങ്ങളിലെ മുൻഗണന. എന്നാല്‍, ആ കാഴ്ചപ്പാടിന് പിന്നീട് മാറ്റം വന്നു. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ വലിയ നിക്ഷേപകരായ മലയാളികളും വിദേശ സർവകലാശാലകളില്‍ ഉന്നത വിജയം കൈവരിക്കുന്ന മലയാളികളും ഉണ്ട്. പ്രവാസി രൂപത്തില്‍ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും മലയാളികള്‍ ശ്രദ്ധേയരായിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളുടെ പൊതു സാംസ്കാരിക ധാരയോടൊപ്പം ചേരുകയും അതിന് നേതൃത്വം നല്‍കുന്നവരായും മലയാളികള്‍ മാറി.
ഔദ്യോഗിക രേഖ പ്രകാരം കാല് കോടിയോളം മലയാളികള്‍ പ്രവാസികളായി കേരളത്തിനു പുറത്തുണ്ട്. 2023-ലെ കേരള മൈഗ്രേഷൻ സർവ്വേ വ്യക്തമാക്കുന്നത്, കുടിയേറ്റത്തിൻ്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുവരുന്നു എന്നാണ്. മുൻപ് പ്രവാസി എന്ന് പറഞ്ഞാല്‍ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികളെയാണ് ഉദ്ദേശിച്ചത്. അത് ഏറെക്കുറെ ശരിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൻ്റെ ശതമാനം കുറയുകയും, യുവാക്കള്‍ ജർമ്മനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തോടൊപ്പം, കുടിയേറ്റത്തിൻ്റെ സ്വഭാവത്തിലും മാറ്റം വന്നു.
ആദ്യ കാലങ്ങളില്‍ ഐടി, ഹെല്‍ത്ത് കെയർ മേഖലകള്‍ക്കു യിരുന്നു പ്രാധാന്യം. മാനേജ്മെൻ്റ്, അക്കാദമിക മേഖലകളിലേക്ക് ധാരാളം പേർ തൊഴിലെടുക്കുന്നു. പ്രവാസി മലയാളികളില്‍ 11% വിദ്യാർഥികളാണ് എന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങള്‍ നല്ല ലക്ഷണങ്ങളാണ്. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കൊപ്പം ഉയർന്നുവരുന്ന വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.
പ്രവാസികളുടെ വിഷയങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ നല്ല താല്പര്യമെടുക്കുന്ന സംസ്ഥാനമാണ് കേരളം. യഥാർത്ഥത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുൻപ് തന്നെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഒരു വകുപ്പിന് കേരളത്തില്‍ രൂപം നല്‍കിയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ ശ്രമം പിന്നീട് നോർക്ക റൂട്ട്സ് എന്ന പേരില്‍ പ്രവാസ ജീവിതത്തിൻ്റെ ഭാഗമായി മാറി. ഇന്ന് ഏതെങ്കിലും തരത്തില്‍ നോർക്കയുമായി ബന്ധപ്പെടാത്ത പ്രവാസി മലയാളികള്‍ ഉണ്ടാകില്ല. നോർക്കയുടെ പ്രവർത്തനങ്ങള്‍ നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു.
രണ്ട് പദ്ധതികളുമായി പ്രവർത്തനമാരംഭിച്ച നോർക്ക ഇന്ന് മുപ്പതോളം പദ്ധതികള്‍ നടപ്പിലാക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമ്മുടെ നാടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഇവിടെ രൂപംകൊണ്ട ലോക കേരള സഭ. പ്രവാസികളുടെ അഭിപ്രായങ്ങള്‍ ആരായാനും വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ സംഭാവന എന്നത് അവിടുന്ന് കാലാകാലങ്ങളില്‍ ലഭിക്കുന്ന പണത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. പ്രവാസ ജീവിതം നയിക്കുന്നവരില്‍ ഒരുപാട് രംഗത്തെ വിദഗ്ധരും പ്രതിഭകളും ഉണ്ട്. അവരുടെ വൈദഗ്ധ്യവും പ്രതിഭയും അവിടെ ജോലി ചെയ്തുകൊണ്ടുതന്നെ നാടിൻ്റെ വികസനത്തിനുവേണ്ടി ഉപയോഗിക്കണം. കേരളത്തിൻ്റെ വികാസത്തിന് പ്രവാസി മലയാളികളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നൈപുണ്യ പരിശീലന പരിപാടികളടക്കം സംഘടിപ്പിക്കുന്നു. ഇതിലൂടെ അവരുടെ തൊഴില്‍ പരിചയം കേരളത്തിലെ തൊഴില്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടാക്കുന്നു. ജർമനിയുമായി സഹകരിച്ചുകൊണ്ടുള്ള നൈപുണ്യ പ്രോഗ്രാമുകളും യുകെ , കാനഡ രാജ്യങ്ങളുമായി സഹകരിച്ചുള്ള തൊഴില്‍ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുക്കുന്നത്. 1983-ലെ നിയമത്തിന് പകരമായി ‘എമിഗ്രേഷൻ ആൻഡ് റിക്രൂട്ട്മെൻ്റ് ഫെസിലിറ്റേഷൻ ആക്ട് 2025’ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചുള്ള ക്രിയാത്മകമായ അഭിപ്രായങ്ങള്‍ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരെല്ലാം ഇവ ചർച്ച ചെയ്യണമെന്ന് അഭ്യർഥിക്കുകയാണ്.
കുടിയേറ്റ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ പ്രാധാന്യത്തോടെ കണ്ട് വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍ നടത്തും. ഇതിനായി കുടിയേറ്റ സെല്‍, പരാതി പരിഹാര സംവിധാനം, ഓരോ രാജ്യത്തെയും ജീവിത സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിന് ഓണ്‍ലൈൻ പോർട്ടല്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. നിയമപരമായി ഈ മേഖലയില്‍ പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങളും ഏജൻ്റുമാരും ഉണ്ട്. എന്നാല്‍, വിദേശത്ത് തൊഴിലോ വിദ്യാഭ്യാസമോ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യുന്ന, നിയമവിരുദ്ധമായി പ്രവർത്തിക്കുകയും സാധാരണക്കാരനെ കബളിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെയും ഏജൻ്റുമാരെയും അംഗീകരിക്കാനാവില്ല.
ഒരാള്‍ക്ക് പോലും ദുരനുഭവം ഇല്ലാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. സുരക്ഷയും സുതാര്യതയും ഉള്ള രീതിയില്‍ ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും തയ്യാറാകണം. കോണ്‍ക്ലേവിലെ ചർച്ചകളിലൂടെ ഉയർന്നുവരുന്ന ആശയങ്ങള്‍ ഈ രംഗത്ത് ചെയ്യേണ്ട കാര്യങ്ങള്‍ക്ക് രൂപം നല്കുന്നതില് സഹായകമാകും. അത് പ്രവാസി സഹോദരങ്ങള്‍ക്ക് സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ കോണ്‍ക്ലേവ് വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുണ്‍ കുമാർ ചാറ്റർജി ചടങ്ങില്‍ പ്രഭാഷണം നിർവഹിച്ചു. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി ജിന ഉയിക, ശ്രീ. സുരീന്ദർ ഭഗത്, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ. ടിവി , റീജിയണല്‍ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് , ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസർ ശ്രീ. അരവിന്ദ് മേനോൻ, പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം & കൊച്ചി) മേജർ. ശശാങ്ക് ത്രിപാഠി,കെഡിഐഎസ്സി മെമ്ബർ സെക്രട്ടറി പി.വി, ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, തുടങ്ങിയവർ പങ്കെടുത്തു
