ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിവരവെയാണ് വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.സംസ്ഥാന യാത്ര നടത്തുന്നതോടെ ജനഹിതം മാറ്റിമറിക്കാന്‍ സാധിക്കുമെന്നായിരുന്നു വിജയ് കരുതിയത്. രണ്ടാഴ്ച പിന്നിട്ട് കരൂരില്‍ യാത്ര എത്തിയപ്പോള്‍ എല്ലാം മാറി. ദുരന്തത്തില്‍ 41 പേര്‍ മരിക്കുകയും പിന്നീടുണ്ടായ സംഭവവും വിജയ് ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിച്ചു.
ദുരന്തസ്ഥലത്ത് നിന്ന് വിജയ് പെട്ടെന്ന് പോയതും പ്രതികരിക്കാന്‍ വൈകിയതുമെല്ലാം രാഷ്ട്രീയ എതിരാളികള്‍ക്ക് കളം നിറയാന്‍ അവസരമൊരുക്കി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇറക്കിയ വീഡിയോ സന്ദേശത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിജയിയെ വീണ്ടും കുരുക്കിലാക്കി. മാത്രമല്ല, ദുരന്തത്തില്‍ ഖേദം പ്രകടിപ്പിക്കാതിരുന്നത് ശരിയായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.
വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടെ കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിജയ്ക്ക് സാധിച്ചു എന്നതായിരുന്നു ദുരന്തത്തിന് മുമ്ബുള്ള ചിത്രം. മാത്രമല്ല, സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലും വിജയ് സ്ഥാനമുറപ്പിക്കുന്നു എന്ന പ്രചാരണമുണ്ടായി. ഇതിനിടെയാണ് ദുരന്തമുണ്ടായതും രാഷ്ട്രീയ ചിത്രം മാറിയതും. ഡിഎംകെ രൂക്ഷമായി വിജയിയെ വിമര്‍ശിച്ചങ്കിലും മറ്റു പാര്‍ട്ടികള്‍ സൂക്ഷിച്ചാണ് പ്രതികരിച്ചത്.
ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും വിജയിയെ ഒറ്റപ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. രാഹുല്‍ ഗാന്ധി എംകെ സ്റ്റാലിനെയും വിജയിയെയും ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കി. പി ചിദംബരം വിജയിയെ കുറ്റപ്പെടുത്താതെയാണ് സംസാരിച്ചത്. നാം തമിഴര്‍ കക്ഷി, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള വോട്ടര്‍മാര്‍ വിജയിയെ പിന്തുണച്ചേക്കാമെന്ന തോന്നല്‍ തമിഴ് രാഷ്ട്രീയത്തില്‍ നേരത്തെയുണ്ട്.
ബിജെപിയുടെ നീക്കങ്ങള്‍ ഇങ്ങനെ
ഈ വോട്ടുകള്‍ കൂടി കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുനീക്കം നടത്തുന്നതത്രെ. തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ഡല്‍ഹിയിലെത്തി തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചലനങ്ങള്‍ കേന്ദ്ര നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചു. തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് ജെ പാണ്ഡെ തിങ്കളാഴ്ച ചെന്നൈയിലെത്തി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും.
വിജയിയെ കൂടെ നിര്‍ത്താന്‍ സാധിക്കുമോ എന്നാണ് ബിജെപി ആലോചിക്കുന്നത്. ടിവികെ നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തി എന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്കൊപ്പം നിന്നാല്‍ യാതൊന്നും പേടിക്കേണ്ടതില്ല എന്ന ഉറപ്പ് ബിജെപി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരിക്കലും ഒറ്റപ്പെടുത്തില്ല എന്ന ഡല്‍ഹിയിലെ ബിജെപി നേതൃത്വം വിജയിയെ ദൂതന്മാര്‍ മുഖേന അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ഭാവി എന്ത് എന്നറിയാന്‍ വിജയ് അടുപ്പമുള്ളവരുടെ പ്രതികരണം തേടിയെന്നാണ് മറ്റൊരു വിവരം. ചില കാര്യങ്ങള്‍ പാളിപ്പോയി എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വിജയിയെ ധരിപ്പിച്ചത്രെ. നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് താന്‍ വീഡിയോ സന്ദേശം പുറത്തുവിട്ടതെന്നാണ് അവരോട് വിജയ് പറഞ്ഞു. രഹസ്യമായി അദ്ദേഹം നടത്തിയ സര്‍വ്വെയില്‍ വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും ജനപ്രീതി കുറഞ്ഞെന്നുമാണ് കിട്ടിയ വിവരം.
അടുത്താഴ്ച തമിഴ്‌നാട്ടില്‍ സുപ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈക്കോടതി നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ ടിവികെ നേതാക്കള്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മറ്റൊരു വിവരം.
