വീട്ടുമുറ്റത്ത് കടുവ പിടിച്ചു വലിച്ചു കാട്ടിലേക്ക് കൊണ്ടുപോകുന്നു: വൈറലാകുന്ന ദൃശ്യങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കസേരയില്‍ മുറ്റത്തിരുന്നയാളെ മുന്നിലുള്ള കാട്ടില്‍ നിന്നോടിയെത്തുന്ന കടുവ ആക്രമിക്കുന്നതിന്റെയും ഇയാളെ കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതിൻ്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബ്രഹ്മപുരിയിലുള്ള ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് സംഭവം നടന്നതെന്നാണ് ഈ വീഡിയോ അവകാശപ്പെടുന്നത്. ഒരു സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞപോലുള്ള വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോയില്‍ “31/10/2025” എന്ന തീയതിയും “6:42” സമയവും കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് യഥാർത്ഥത്തില്‍ നടന്നതാണോ എന്നതാണ് പലരില്‍ നിന്നും ഉയരുന്ന ചോദ്യം. കാടിനോട് ചേർന്നുള്ള സ്ഥലത്താണ് ഇയാള്‍ ഇരിക്കുന്നത്. പെട്ടെന്നാണ് കാട്ടില്‍ നിന്ന് കടവ ഇയാള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതും ആക്രമിച്ച്‌ വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതും. 58,000-ത്തിലധികം പേരാണ് വൈറലായ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. എന്നാല്‍ കമൻ്റുകളിലാകെ ഇത് എഐ വീഡിയോയാണെന്നാണ് ആളുകള്‍ പറയുന്നത്.

ഇത്തരത്തില്‍ എഐ സൃഷ്ടിച്ച നിരവധി വ്യാജ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ ചന്ദ്രപൂർ ജില്ലാ അധികൃതർ രംഗത്തെത്തി. ഇത്തരമൊരു സംഭവം ഇവിടെ നടന്നിട്ടില്ലെന്നും ഇത് വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.

ഈ വീഡിയോ ഒരുപക്ഷേ എഐ ഉപയോഗിച്ച്‌ നിർമ്മിച്ചതായിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കടുവകളുടെ സാനിധ്യമുള്ള പ്രദേശങ്ങളില്‍ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തഡോബ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ചന്ദ്രപൂർ മേഖലയില്‍ കടുവകളെ കാണുന്നത് സാധാരണമാണ്. പലപ്പോഴായി ചില ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രദേശവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വാദം തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *