ഇന്ത്യയിലെ ഏറ്റവും വില കൂടിയ നമ്ബറായി HR 88 B 8888, വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്: വിശദാംശങ്ങൾ വായിക്കാം

വാഹനത്തിന് ഇഷ്ടനമ്ബര്‍ സ്വന്തമാക്കുന്നതിന് ലക്ഷങ്ങള്‍ പൊടിക്കുന്നത് വാഹന‍പ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇഷ്ട നമ്ബറിനായുള്ള ലേലം വിളി ലക്ഷങ്ങള്‍ കടന്ന് കോടിയില്‍ എത്തിയിരിക്കുകയാണ്. ഹരിയാണയില്‍ കഴിഞ്ഞ ദിവസം ഒരു രജിസ്‌ട്രേഷന്‍ നമ്ബര്‍ ലേലത്തില്‍ വിറ്റുപോയത് 1.17 കോടി രൂപയാക്കാണ്. HR 88 B 8888 എന്ന നമ്ബറാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്ബറായി മാറിയിരിക്കുന്നത്.

ആഴ്ചതോറും VIP അല്ലെങ്കില്‍ ഫാൻസി നമ്ബറുകള്‍ ഹരിയാന ഗതാഗത വകുപ്പ് ഓണ്‍ലൈൻ ലേലത്തിന് വയ്ക്കാറുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും തിങ്കളാഴ്ച രാവിലെ 9നും ഇടയില്‍ ഇഷ്ടമുള്ള നമ്ബറുകള്‍ക്കായി ലേലം വിളിക്കുന്നവർക്ക് അപേക്ഷിക്കാം. പിന്നാലെ ലേലം വിളി തുടങ്ങും. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഫലം പ്രഖ്യാപിക്കും. fancy.parivahan.gov.in എന്ന പോർട്ടലിലാണ് ഓണ്‍ലൈനായി ലേലം നടക്കുക.

ഒന്നിലധികം ആളുകള്‍ ഒരേ നമ്ബറിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ലേലത്തിലേക്ക് പോകും. ലേലത്തില്‍ നമ്ബര്‍ നേടിയ വിജയിയെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് പ്രഖ്യാപിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച ലേലത്തില്‍ വെച്ചതില്‍ HR 88 B 8888 എന്ന നമ്ബറിനാണ് ഏറ്റവുമധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തത്. 45 പേരാണ് ഈ നമ്ബറിനായി മത്സരരംഗത്ത് ഇറങ്ങിയത്. 50,000 രൂപയാണ് അടിസ്ഥാന ലേലത്തുകയായി തീരുമാനിച്ചിരുന്നത്. അടിസ്ഥാന തുകയില്‍ ആരംഭിച്ച ലേലം ഓരോ മിനിറ്റിലും കൂടികൂടി വരികയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലേലത്തുക 88 ലക്ഷം രൂപയില്‍ എത്തിയിരുന്നു. ഒടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ ലേലം അവസാനിപ്പിച്ചു. അപ്പോഴേക്കും ഈ നമ്ബറിന്റെ വില 1.17 കോടി രൂപയില്‍ എത്തിയിരുന്നു.

അതേസമയം, 1.17 കോടി രൂപ മുടക്കി സ്വന്തമാക്കിയ നമ്ബര്‍ ഏത് വാഹനത്തിനാണ് നല്‍കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമീപ കാലത്തായി കേരളത്തിലും വാഹനത്തിന്റെ ഫാന്‍സി നമ്ബര്‍ സ്വന്തമാക്കുന്നതിനുള്ള മത്സരം കൂടി വരികയാണ്. KL 07 DG 0007 ആണ് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയ വാഹന രജിസ്‌ട്രേഷന്‍ നമ്ബര്‍. ലംബോര്‍ഗിനി ഉറുസ് എസ്‌യുവിക്ക് നല്‍കുന്നതിനായാണ് ഈ നമ്ബര്‍ വേണു ഗോപാലകൃഷ്ണന്‍ എന്നയാള്‍ ലേലത്തില്‍ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *