കുറഞ്ഞ ചെലവിൽ കൂടുതലോടാം; 30 കിലോമീറ്റർ വരെ മൈലേജ് ചെയ്യുന്ന മാരുതിയുടെ അഞ്ച് ബഡ്ജറ്റ് മോഡലുകൾ പരിചയപ്പെടാം

ദിവസേന ഒരുപാട് ദൂരം യാത്ര ചെയ്യേണ്ട ആവശ്യമുള്ളവര്‍ ഒരു കാര്‍ വാങ്ങുമ്ബോള്‍ മൈലേജിനായിരിക്കും പ്രഥമ പരിഗണന കൊടുക്കുക.ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സാധാരണയായി മിക്കവരുടെയും നോട്ടം പോകുക മാരുതി സുസുക്കി കാറുകളിലേക്കായിരിക്കും. കാരണം, കുറഞ്ഞ ബജറ്റില്‍ മികച്ച മൈലേജ് നല്‍കുന്ന കാറുകളില്‍ ഒട്ടുമിക്ക മോഡലുകളും മാരുതിയുടേതാണ്.

മാരുതിയുടെ പല കാറുകളും 30 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് നല്‍കുന്നു. ഇത് നഗരയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. 30 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയുള്ള ബഡ്ജറ്റ് സൗഹൃദമായ മാരുതിയുടെ 5 കാറുകള്‍ നമുക്ക് പരിചയപ്പെടാം.

എസ്-പ്രെസോ സിഎന്‍ജി

മികച്ച മൈലേജ് ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരു മികച്ച ഓപ്ഷനാണ് മാരുതി സുസുക്കി എസ്-പ്രെസോ. കുഞ്ഞന്‍ കാറിന്റെ സിഎന്‍ജി മോഡലാണ് ഇവിടെ ശ്രദ്ധേയം. ഇതിലെ 1.0 ലിറ്റര്‍ K10C പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എസ്-പ്രെസോ സിഎന്‍ജി മോഡല്‍ കിലോഗ്രാമിന് ഏകദേശം 33 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്ബനി അവകാശപ്പെടുന്നു.

ഇന്ത്യന്‍ വിപണിയില്‍ എസ്-പ്രെസോ സിഎന്‍ജി മോഡലിന്റെ എക്‌സ്-ഷോറൂം വില 4.62 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതിന്റെ ‘മിനി എസ്‌യുവി’ ഡിസൈനും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും സിറ്റി റോഡുകള്‍ക്ക് അനുയോജ്യമാക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന കാറായ എസ്‌പ്രെസോയില്‍ 6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡ് വരുന്നില്ലെന്നത് മാത്രമാണ് ഒരു പോരായ്മ.

ആള്‍ട്ടോ K10 സിഎന്‍ജി

കൂടുതല്‍ മൈലേജുള്ള കാര്‍ തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ആള്‍ട്ടോ K10 സിഎന്‍ജി. ആള്‍ട്ടോക്ക് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ സിഎന്‍ജി വേരിയന്റുകള്‍ ലഭ്യമാകൂ. കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ ക്ലെയിംഡ് മൈലേജുള്ള ആള്‍ട്ടോ K10 സിഎന്‍ജിയുടെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത് 4.82 ലക്ഷം രൂപ മുതലാണ്. നഗരയാത്രകളില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും പാര്‍ക്ക് ചെയ്യാനും പറ്റുന്ന കോംപാക്‌ട് കാറാണിത്.

വാഗണ്‍ആര്‍ സിഎന്‍ജി

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി വാഗണ്‍ആര്‍. ‘ടോള്‍ ബോയ്’ ഡിസൈനും വിശാലമായ ഇന്റീരിയറുമായി വരുന്ന വാഗണ്‍ആര്‍ സിഎന്‍ജിക്ക് 1.0 ലിറ്റര്‍ അല്ലെങ്കില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. ഇതിന്റെ സിഎന്‍ജി പതിപ്പില്‍ 1.0 ലിറ്റര്‍ K10C എഞ്ചിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

വാഗണ്‍ആര്‍ സിഎന്‍ജി മോഡല്‍ 33.47 km/kg മൈലേജ് നല്‍കുമെന്ന് മാരുതി അവകാശപ്പെടുന്നു. നിലവില്‍ 5.89 ലക്ഷം രൂപയാണ് മാരുതി സുസുക്കി വാഗണ്‍ആര്‍ സിഎന്‍ജി മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. മികച്ച ഹെഡ്റൂമും ബൂട്ട് സ്‌പേസും ഉള്ള ഈ കാര്‍ ഫാമിലി ഉപയോഗത്തിന് അനുയോജ്യമാണ്.

സെലേറിയോ സിഎന്‍ജി

ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള സിഎന്‍ജി കാറുകളില്‍ ഒന്നാണ് സെലേറിയോ. സെലേറിയോയില്‍ K10C ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. കിലോഗ്രാമിന് 34 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന സെലേറിയോ സിഎന്‍ജിയാണ് ഈ ലിസ്റ്റില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ സെലേറിയോ സിഎന്‍ജിയുടെ എക്‌സ്-ഷോറൂം വില 5.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

ആകര്‍ഷകമായ രൂപകല്‍പ്പനയും മികച്ച ഇന്ധനക്ഷമതയുമുള്ള സെലേറിയോയുടെ സുരക്ഷ കൂടിയിട്ടുണ്ട്. ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗ് ചേര്‍ത്ത് അടുത്തിടെയാണ് മാരുതി കാര്‍ അപ്‌ഡേറ്റ് ചെയ്തത്. പ്രതിമാസ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ബജറ്റ് കാറുകള്‍ തേടുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അയച്ചുകൊടുക്കുമല്ലോ.

സ്വിഫ്റ്റ് സിഎന്‍ജി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി സ്വിഫ്റ്റ്. കഴിഞ്ഞ വര്‍ഷമാണ് കമ്ബനി പുതിയ തലമുറ സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയത്. സ്വിഫ്റ്റ് സിഎന്‍ജിയില്‍ 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലിനേക്കാള്‍ കുറഞ്ഞ പവറും ടോര്‍ക്കും ആണ് സിഎന്‍ജി മോഡലിനുള്ളത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുക.

മാരുതി സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍ കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്ബനി പറയുന്നത്. ഹാച്ച്‌ബാക്കിന്റെ സിഎന്‍ജി മോഡലുകളുടെ എക്‌സ്-ഷോറൂം വില 7.45 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. മികച്ച പെര്‍ഫോമന്‍സും സ്പോര്‍ട്ടി ഡിസൈനുമുള്ള ഹാച്ച്‌ബാക്ക് മോഡല്‍ ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളുടെ ആദ്യത്തെ ചോയ്‌സാണ്.

Leave a Reply

Your email address will not be published. Required fields are marked *