2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് എന്ത്? സെർച്ച് ഹിസ്റ്ററി പുറത്തുവിട്ട കമ്പനി; പട്ടികയിൽ ഇഡ്ഡലി മുതൽ മാർക്കോ വരെ; വിശദമായി വായിക്കാം

2025 അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സെർച്ച്‌ ചെയ്തതെന്താണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍.ഗൂഗില്‍ ട്രെൻഡ്സില്‍ ഇന്ത്യയെന്ന ഓപ്ഷൻ നല്‍കുമ്ബോള്‍ “India’s Year in Search 2025: The A to Z of Trending Searches” ലഭിക്കും. ഈയടുത്ത് അന്തരിച്ച ധർമ്മേന്ദ്ര മുതല്‍ മഹാ കുംഭമേളയും ഇഡലിയും ഓപ്പറേഷൻ സിന്ദൂറും വരെ ലിസ്റ്റിലുണ്ട്.

ഐപിഎല്‍ തന്നെ ആണ് ഈ വർഷവും ഇന്ത്യക്കാർ എറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക്. കഴിഞ്ഞ വർഷവും ആദ്യ സ്ഥാനത്ത് ഐപിഎല്‍ തന്നെയായിരുന്നു. വാർത്താ സംഭവമെന്ന നിലയില്‍ എറ്റവും കൂടുതല്‍ സെർച്ച്‌ ചെയ്യപ്പെട്ട വാക്ക് മഹാ കുംഭമേളയാണ്. എറ്റവും കൂടുതല്‍ സെർച്ച്‌ ചെയ്യപ്പെട്ട പേര് യുവ ക്രിക്കറ്റ് താരമായ വൈഭവ് സൂര്യവംശിയുടേതാണ്.

ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സിനിമ സയ്യാര ആണ്. രണ്ടാം സ്ഥാനത്ത് കാന്താരയുമുണ്ട്. മൂന്നാം സ്ഥാനത്ത് രജനീകാന്തിന്റെ കൂലിയുമുണ്ട്. അതേ സമയം മലയാളി താരം ഉണ്ണി മുകുന്ദന്റെ മാർകോ ആറാം സ്ഥാനത്തുണ്ട്. ആളുകളെ സെർച്ച്‌ ചെയ്യുന്നതില്‍ ഭൂരിഭാഗവും ക്രിക്കറ്റ് താരങ്ങളുടെ പേരുകളാണ്. വൈഭവ് കൂടാതെ പ്രിയാൻഷ് ആര്യ, അഭിഷേക് ശർമ, ഷെയ്ക് റഷീദ് എന്നിവരെല്ലാം പിന്നാലെയുണ്ട്. വനിതാ താരങ്ങളായ ജെമിനാ റോഡ്രിഗസും സ്മൃതി മന്ദാനയും ലിസ്റ്റിലുണ്ട്. സെർച്ച്‌ ചെയ്ത എഐകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ജെമിനി, ജെമിനി ഫോട്ടോ, ഗ്രോക് എന്നിവയാണ്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഏഷ്യാ കപ്പും, ഐസിസി ചാമ്ബ്യൻസ് ട്രോഫിയുമാണ്.

വാർത്തകളില്‍ കുംഭമേള കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകള്‍ തിരഞ്ഞത് ധ‍ർമേന്ദ്ര, ബിഹാർ ഇലക്ഷൻ ഫലം, ഇന്ത്യ- പാക് വാർത്തകള്‍ എന്നിവയാണ്. ഓപ്പറേഷൻ സിന്ദൂറും പഹല്‍ഗാമുമെല്ലാം ആദ്യ പത്തിലുണ്ട്. സ്ഥലങ്ങളില്‍ മഹാകുംഭമേള, ഫിലിപ്പീൻസ്, ജോർജിയ, മൗറീഷ്യസ്, കശ്മീർ തുടങ്ങിയവ ആദ്യ 10ല്‍ ഇടം നേടി. ഭക്ഷണ വിഭവങ്ങളില്‍ ഇഡ്ലിയാണ് മുന്നില്‍. കോക്ക്ടെയില്‍ ആയ പോണ്‍സ്റ്റാർ മാർട്ടിനി, മോദകം, കുക്കീസ് വിഭാഗത്തില്‍ പെടുന്ന തെക്കുവ തുടങ്ങിയവ ഉള്‍പ്പെടുന്നു. ബീട്ട്റൂട്ട് കഞ്ഞി ആറാം സ്ഥാനത്താണ്. അതേ സമയം, ഈ വിഭാഗത്തില്‍ തിരുവാതിരൈക്കളിയുമുണ്ട്. എന്നാല്‍ ഇത് മലയാളികളുടെ തിരുവാതിരക്കളിയല്ല, തമിഴ്നാട്ടില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം മധുര പലഹാരമാണ് തിരുവാതിരൈക്കളി.

ഇനി എന്താണ് വഖഫ് ബില്‍, എന്താണ് ഓപ്പറേഷൻ സിന്ദൂ‍ർ, എന്താണ് മോക്ക് ഡ്രില്‍, എന്താണ് എസ്‌ഐആ‍‍ർ എന്നുമെല്ലാമാണ് ഇന്ത്യക്കാർ തിരഞ്ഞിട്ടുള്ളത്. വെടിനിർത്തല്‍, മോക്ക് ഡ്രില്‍, പൂക്കി, മെയ്ദിനം, 5201314 എന്ന സംഖ്യ ചൈനീസില്‍ അ‍ർത്ഥമാക്കുന്നതെന്താണ്, സ്റ്റാംപീഡ് എന്നിവയുടെയെല്ലാം അർത്ഥങ്ങളും ഏറെ സെർച്ച്‌ ചെയ്യപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ഭാഷകളെയും സംസ്കാരങ്ങളെയും പോലെത്തന്നെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യക്കാരുടെ ഗൂഗിള്‍ സെർച്ചും എന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *