ഇൻസ്റ്റഗ്രാമില്‍ സ്ക്രോള്‍ ചെയ്യുന്നതിനിടെ നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത റീലുകള്‍ ഫീഡില്‍ വരുമ്ബോള്‍ ഇത് എങ്ങനെയെങ്കിലും നിർത്താൻ വഴിയുണ്ടോ എന്ന് ആലോചിക്കുന്നവരാകും നമ്മളില്‍ പലരും.അതിന് ഒരു പുത്തൻ വഴിയാണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഫീഡില്‍ നിങ്ങള്‍ക്ക് എന്ത് കാണണമെന്ന് തീരുമാനിക്കാൻ സാധിക്കുന്ന ‘യുവർ അല്‍ഗോരിതം’ ടാബാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ ഫീഡുകളില്‍ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താല്പര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചർ.
പ്ലാറ്റ്ഫോമില്‍ നിങ്ങള്‍ കാണാൻ താല്പര്യപ്പെടുന്ന തരത്തിലുള്ള റീലുകള്‍ തിരഞ്ഞെടുക്കാൻ ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും. താല്പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും താല്പര്യമില്ലാത്തവ വേണ്ടെന്ന് വയ്ക്കാനും സാധിക്കുന്നതാണ് പുതിയ ഫീച്ചർ. ഉപയോക്താക്കള്‍ക്ക് പ്രൊഫൈലിന് മുകളില്‍ വലതു വശത്തായി പുതിയ ‘യുവർ അല്‍ഗോരിതം’ ടാബ് കാണാൻ സാധിക്കും. അതില്‍ അവർക്ക് കാണാൻ താല്പര്യമുള്ള റീലുകളുടെ വിവിധ വിഷയങ്ങള്‍ കാണാനും കഴിയുമെന്നും അതില്‍ നിന്ന് തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി വിശദീകരിച്ചു. ഈ വിഷയങ്ങള്‍ സമീപകാല ഉപയോക്തൃ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി എഐ- ജനറേറ്റ് ചെയ്തതായിരിക്കും.
ഇന്ന് മുതല്‍ യുഎസിലാണ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിക്കുന്നത്. താമസിയാതെ ആഗോളതലത്തില്‍ ഇത് വ്യാപിപ്പിക്കും. ഒരു മാസമായി ഇൻസ്റ്റാഗ്രാം ഈ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും മൊസേരി അറിയിച്ചു.
