ഇന്ത്യയില്‍ ചരിത്രപരമായും വാസ്തുവിദ്യാപരമായും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ദൈവങ്ങളുടെ വിഗ്രഹമില്ലാത്ത ഒരു അമ്ബലത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?എന്നാല്‍ തമിഴ്നാട്ടിലെ സേലത്ത് അത്തരമൊരു ക്ഷേത്രമുണ്ട്, അന്യഗ്രഹജീവിക്കാണ് ആ ക്ഷേത്രം പൂർണമായും സമർപ്പിച്ചിരിക്കുന്നത്.
സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ആരാധനാലയം. പരമ്ബരാഗതമായ വിഗ്രഹങ്ങള്‍ക്ക് പകരം കറുത്ത അന്യഗ്രഹജീവിയുടെ പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സേലം മല്ലംമൂപ്പാംപെട്ടിയിലെ രാമഗൗണ്ടനൂർ സ്വദേശിയായ ലോകനാഥനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. താൻ കണ്ട സ്വപ്നത്തില്‍ അന്യഗ്രഹജീവിയായ ദൈവത്തെ കണ്ടതാണ് ക്ഷേത്രം പണിയാൻ പ്രചോദനമായതെന്നും അദ്ദേഹം പറയുന്നു. ഭൂമിക്കടിയില്‍ 11 അടി താഴ്ചയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവിയുടെ ഈ കറുത്ത പ്രതിമയെയാണ് ലോകനാഥൻ ദിവസവും ആരാധിക്കുന്നതും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.
ഈ അന്യഗ്രഹജീവിയാണ് പരമശിവൻ സൃഷ്ടിച്ച ആദ്യത്തെ ദൈവമെന്നും, പ്രകൃതിദുരന്തങ്ങളില്‍ നിന്നും ലോകത്തെ സംരക്ഷിക്കാൻ ഇതിന് വലിയ ശക്തിയുണ്ടെന്നും ലോകനാഥൻ വിശ്വസിക്കുന്നു. താൻ അന്യഗ്രഹജീവികളുമായി സംസാരിച്ചിട്ടുണ്ടെന്നും, ലോകത്തെ സംരക്ഷിക്കാൻ അവർ സഹായിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പത്താം ക്ലാസ് വരെ മാത്രം പഠിച്ച ലോകനാഥൻ കുറച്ച് വർഷങ്ങള്‍ക്ക് മുമ്ബ് ഒരു കഫേ നടത്തിയിരുന്നു. കാല്‍ വേദനയ്ക്ക് ചികിത്സ തേടുന്നതിനിടെ സിദ്ധർഭാഗ്യ എന്ന വ്യക്തിയെ കണ്ടുമുട്ടി ശിഷ്യനായി. പിന്നീട് ഗുരുനാഥൻ എന്ന മറ്റൊരു ഉപദേശകന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. പുരാതന സിദ്ധ താളിയോല ഗ്രന്ഥങ്ങളില്‍ അന്യഗ്രഹജീവികളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും ഭാവിയില്‍ ആളുകള്‍ അവരെ ആരാധിക്കുമെന്നും ലോകനാഥൻ വിശ്വസിക്കുന്നു.
ക്ഷേത്ര നിർമ്മാണത്തിനായി അദ്ദേഹം സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ല, ശിഷ്യന്മാരുടെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ക്ഷേത്രത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരുടെ ശ്രദ്ധയാണ് ആകർഷിച്ചത്. ഇത്തരത്തിലൊരു അസാധാരണമായ ആശയം കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അത്ഭുതവും തമാശയും കലർന്ന പ്രതികരണങ്ങളാണ് നല്‍കുന്നത്.
