6 വര്‍ഷത്തിനിടെ 116 സിനിമകള്‍ ചെയ്ത മലയാള സൂപ്പര്‍ ഹീറോ; ആളെ മനസ്സിലായോ?

മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് ജയൻ. 1939 ജൂലൈ 25-ന് കൊല്ലം ജില്ലയില്‍ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായിട്ടാണ് ജയൻ എന്ന എം.കൃഷ്ണൻ നായർ ജനിച്ചത്. വീടിനടുത്തുള്ള മലയാളി മന്ദിരം സ്‌കൂളിലാണ് ജയൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒരു സർക്കാർ ബോയ്‌സ് സ്‌കൂളില്‍ പഠിച്ചു.

പഠനത്തിലും കലയിലും കായികരംഗത്തും കഴിവുണ്ടായിരുന്നതിന് പുറമെ, പാട്ടിലും ഏറെ തല്‍പ്പരനായിരുന്നു. മനോരമ ഓണ്‍ലൈൻ റിപ്പോർട്ട് അനുസരിച്ച്‌, സ്കൂളിലെ എൻസിസിയില്‍ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടത് വഴി ജയന് ഇന്ത്യൻ നാവികസേനയില്‍ നേരിട്ട് നിയമനം ലഭിച്ചു. 15 വർഷം അദ്ദേഹം നാവികസേനയില്‍ സേവനമനുഷ്ഠിച്ചു. സേനയില്‍ നിന്ന് രാജിവയ്ക്കുമ്ബോള്‍ മാസ്റ്റർ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയൻ.

പ്രമുഖ മലയാള നടി ജയഭാരതിയുടെ കസിൻ കൂടിയായ ജയൻ, ശാപമോക്ഷം (1974) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അപ്പോഴേക്കും അദ്ദേഹം ജയൻ എന്ന പേര് സ്വീകരിച്ചിരുന്നു. തനതായ ശൈലിയും ശരീര സൗന്ദര്യവും കാരണം ജയൻ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. പഞ്ചമി (1976) എന്ന ചിത്രത്തിലെ മികച്ച പ്രകടനം പരക്കെ ശ്രദ്ധിക്കപ്പെട്ടതോടെ ജയൻ മലയാള സിനിമയില്‍ തൻ്റെ സ്ഥാനം ഉറപ്പിച്ചു. ഓർമ്മകള്‍ മരിക്കുമോ, മദനോത്സവം, അടിമക്കച്ചവടം, തച്ചോളി അംബു മുതല്‍ ജയിക്കാനായി ജനിച്ചവൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, കടത്തനാട്ട് മാക്കം, ലിസ തുടങ്ങിയ സിനിമകള്‍ ജയനെ പ്രശസ്തനാക്കി മാറ്റി.

ജയന്റെ ശബ്ദം, ഡയലോഗ് ഡെലിവറി, ശരീരഭാഷ എന്നിവയെല്ലാം പ്രേക്ഷകരെ ആകർഷിച്ചു. ജയന്റെ ആക്ഷൻ രംഗങ്ങളിലെ കൃത്യതയും മെയ്‌വഴക്കവും വലിയ രീതിയില്‍ ശ്രദ്ധനേടി. താമസിയാതെ, അത്തരം സിനിമകള്‍ ജയനു വേണ്ടിമാത്രം നിർമ്മിക്കപ്പെടാൻ തുടങ്ങി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ ധീരമായ സ്റ്റണ്ട് സീനുകളില്‍ ജയൻ തിളങ്ങി.

ജയനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയത്, സംവിധായകൻ ഹരിഹരൻ്റെ ശരപഞ്ചരം (1979) എന്ന ചിത്രത്തിലെ പ്രതിനായക വേഷമായിരുന്നു. ചിത്രത്തില്‍ ജയൻ കുതിരയ്ക്ക് എണ്ണയിടുന്ന രംഗം തലമുറകള്‍ ഇന്നും ഓർത്തിരിക്കുന്ന ഐക്കോണിക് സീനായി മാറി. ശരപഞ്ചരം ജയനെ പുതിയ സൂപ്പർസ്റ്റാറാക്കി മാറ്റി, ഒപ്പം മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ആക്ഷൻ ഹീറോയെന്ന പദവിയിലേക്കും ഉയർത്തി. തുടർന്ന് ജയൻ്റെ പ്രശസ്തി പരമാവധി ഉപയോഗപ്പെടുത്തിയ നിരവധി സിനിമകള്‍ റിലീസായി. ജയൻ-സുകുമാരൻ-സോമൻ സൂപ്പർസ്റ്റാർ ത്രയത്തിൻ്റെ പിറവിയും ഈ കാലഘട്ടത്തിലാണ്. മോചനം, സർപ്പം, അവനോ അതോ അവളോ, ആവേശം മുതല്‍ അങ്കക്കുറി, തീനാളങ്ങള്‍, കഴുകൻ, കരിപുരണ്ട ജീവിതങ്ങള്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളെല്ലാം മികച്ച പ്രതികരണം നേടി.

1980 ജയന്റെ ജീവിതത്തിലെ സുപ്രധാന വർഷമായിരുന്നു, കാരണം ഈ വർഷമാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകളും പ്രകടനങ്ങളും പുറത്തിറങ്ങിയത്. അങ്ങാടി, കരിമ്ബന, മീൻ, ലവ് ഇൻ സിംഗപ്പൂർ, ബെൻസ് വാസു, മൂർഖൻ, മനുഷ്യ മൃഗം എന്നിവയെല്ലാം ആ വർഷം പിറന്നതാണ്. അതേവർഷം തന്നെയാണ്, കോളിളക്കത്തിന്റെ സെറ്റില്‍ നടന്ന അപകടത്തില്‍ പെട്ട് ജയൻ വിടവാങ്ങിയതും.

അപകടകരമായ സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യുന്നതിനുള്ള ധൈര്യത്തിൻ്റെയും ചങ്കൂറ്റത്തിൻ്റെയും പേരിലും പ്രശസ്തനായിരുന്നു ജയൻ. ആക്ഷൻ രംഗങ്ങള്‍ പൂർണതയോടെ ചെയ്യണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹമാണ് അകാലമരണത്തിനും കാരണമായത്.

1980 നവംബർ 16-ന്, സംവിധായകൻ പി.എൻ. സുന്ദരത്തിൻ്റെ മള്‍ട്ടി-സ്റ്റാർ ചിത്രമായ കോളിളക്കത്തിൻ്റെ ക്ലൈമാക്സ് സംഘട്ടന രംഗം മദ്രാസിനടുത്ത് ശോലവാരത്ത് നടക്കുകയായിരുന്നു. ഒരു രംഗത്തില്‍, ജയൻ സഹനടൻ സുകുമാരൻ്റെ മോട്ടോർ സൈക്കിളിൻ്റെ പിന്നിലെ സീറ്റില്‍ കയറി അതില്‍ നിന്ന് എഴുന്നേറ്റ്, വില്ലൻ (ബാലൻ കെ. നായർ) രക്ഷപ്പെടുന്ന ഹെലികോപ്റ്ററിൻ്റെ ലാൻഡിംഗ് സ്കിഡില്‍ തൂങ്ങിക്കിടന്ന് വില്ലനുമായി പോരാടുന്നതായിരുന്നു രംഗം.

ആദ്യ ടേക്ക് നന്നായി പൂർത്തിയാവുകയും സംവിധായകന് തൃപ്തിയാവുകയും ചെയ്തു. എന്നിരുന്നാലും, സ്റ്റണ്ട് രംഗങ്ങളില്‍ പൂർണ്ണതയ്ക്ക് വേണ്ടി വാശിപിടിക്കുന്ന ജയൻ റീടേക്ക് ആവശ്യപ്പെട്ടു. രണ്ടാമത്തെ ടേക്കിനിടെ, ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ട് അത് തകർന്നു വീണു. പൈലറ്റ് ഹെലികോപ്റ്ററില്‍ നിന്ന് പുറത്തേക്ക് ചാടി, ബാലൻ കെ. നായർ തെറിച്ചു വീണു. ഇരുവർക്കും പരിക്കേറ്റു. നിർഭാഗ്യവശാല്‍, താഴെ വീണ ജയൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അന്നു വൈകുന്നേരത്തോടെ ജയൻ മരണപ്പെട്ടു.

കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ജയന്റെ മരണം. വലിയ ആരാധകവൃന്ദമുണ്ടായിരുന്നു അദ്ദേഹത്തിന്. ജയനുവേണ്ടി പ്ലാൻ ചെയ്ത പല ചിത്രങ്ങളും മറ്റു നടന്മാരെ വച്ചു പൂർത്തിയാക്കേണ്ടി വന്നു. കോളിളക്കം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിൻ്റെ ഏതാനും സിനിമകള്‍ മരണാനന്തരം റിലീസായി.

ജയൻ്റെ ജനപ്രീതി അവിടെയും അവസാനിച്ചില്ല. ടെലിവിഷൻ്റെയും മിമിക്രി ട്രൂപ്പുകളുടെയും വരവോടെ അദ്ദേഹത്തിൻ്റെ പ്രകടനങ്ങള്‍, പ്രത്യേകിച്ച്‌ ഡയലോഗുകള്‍ പറയുന്ന തനതായ ശൈലി മറ്റൊരു രീതിയില്‍ ആഘോഷിക്കപ്പെട്ടു.

വെറും ആറ് വർഷം മാത്രമാണ് ജയൻ അഭിനയരംഗത്ത് ഉണ്ടായിരുന്നത്. അക്കാലയളവില്‍ ഏകദേശം 116 സിനിമകളില്‍ ജയൻ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *