വമ്പൻ രാഷ്ട്രീയ നീക്കവുമായി സ്റ്റാലിൻ സർക്കാർ; തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ ബിൽ അവതരിപ്പിക്കാൻ ശ്രമം; ഹിന്ദി സിനിമകൾക്കും പാട്ടുകൾക്കും പരസ്യങ്ങൾക്കും നിരോധനം വരും: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടില്‍ ഹിന്ദിക്ക് നിരോധനം ഏര്‍പ്പെടുത്താനുളള നീക്കവുമായി എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം ഹിന്ദി നിരോധന ബില്‍ അവതരിപ്പിക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.ഹോര്‍ഡിംഗുകളില്‍ ഹിന്ദി നിരോധിക്കാനും ഹിന്ദി ഭാഷാ ചിത്രങ്ങള്‍ക്കും ഗാനങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്താനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമവിദഗ്ധര്‍ അടക്കമുളളവരുടെ അടിയന്തര യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി വിളിച്ച്‌ ചേര്‍ത്തിരുന്നു. ഹിന്ദി നിരോധിക്കാനുളള നീക്കം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഡിഎംകെയുടെ വാദം. ഞങ്ങള്‍ ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്യില്ല. ഭരണഘടന അനുസരിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് ഞങ്ങള്‍ എതിരാണ്, മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി.

അതേസമയം ഡിഎംകെ സര്‍ക്കാരിന്റെ നീക്കം മണ്ടത്തരം ആണെന്ന് ബിജെപി നേതാവ് വിനോജ് ശെല്‍വം പ്രതികരിച്ചു. ഭാഷയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുത്. കരൂര്‍ അന്വേഷണം, ആംസ്‌ട്രോംഗ് വിഷയം അടക്കമുളളവയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഭാഷാ വിവാദം ഉയര്‍ത്തി ശ്രദ്ധ തിരിച്ച്‌ വിടാനുളള ശ്രമം ആണ് ഡിഎംകെ നടത്തുന്നത് എന്നും ബിജെപി ആരോപിക്കുന്നു.

ത്രിഭാഷാ നയം അടക്കമുളള നീക്കങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ഡിഎംകെ സര്‍ക്കാര്‍ ബജറ്റ് അവതരണത്തില്‍ ഇന്ത്യന്‍ രൂപയുടെ ചിഹ്നമായ ‘₹’ പകരം തമിഴ് അക്ഷരം ‘ரூ’ ആണ് ഉപയോഗിച്ചിരുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാതിരിക്കുകയാണെങ്കില്‍ ആ ഭാഷയെ എതിര്‍ക്കില്ലെന്നും എന്നാല്‍ തമിഴരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്.

‘ത്രിഭാഷാ നയത്തിന്റെ പേരില്‍ ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുളള ബിജെപിയുടെ ശ്രമങ്ങളോട് സംസ്ഥാനം യോജിക്കില്ല. മാത്രമല്ല തമിഴും ഹിന്ദിയും ഉള്‍പ്പെടുന്ന ദ്വിഭാഷാ നയം തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൂടുതല്‍ സഹായിക്കുകയാണ് ചെയ്തിട്ടുളളത്. ബിജെപി തമിഴ്‌നാടിനെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. തമിഴിനേയും തമിഴ്‌നാട്ടുകാരെയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും’, എന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *