കാറിനുള്ളിലെ ഈ സ്വിച്ചിന്റെ ഉപയോഗം പലർക്കും ഇപ്പോഴും അറിയില്ല; ഹെഡ് ലൈറ്റ് ലെവലിംഗ് കൺട്രോൾ ഉപയോഗിക്കേണ്ടത് എപ്പോൾ/ എങ്ങനെ? വിശദമായി വായിച്ച് അറിയാം

കാർ ഓടിക്കാൻ മിക്കയാളുകള്‍ക്കും അറിയാമെങ്കിലും കാറിനെ മനസിലാക്കിയവർ വളരെ കുറവായിരിക്കും. ഓടിക്കുമ്ബോള്‍ എന്തെങ്കിലും തകരാർ സംഭവിച്ചാല്‍ ബോണറ്റ് പൊക്കിവെച്ച്‌ കുറച്ചുനേരം നോക്കുന്നതെല്ലാം സിനിമകളില്‍ കാണുന്ന സ്ഥിരം കാഴ്ച്ചയാണ്. ഇതെല്ലാം നാം ജീവിതത്തിലും പലതവണ പകർത്തിയിട്ടുണ്ടാവും. മെക്കാനിക്കലായി എന്തെങ്കിലും സംഭവിച്ചാല്‍ നേരെ വർക്ക്ക്ഷോപ്പിലേക്ക് പോയാല്‍ പോരെ അത് നോക്കി എന്തിനാ തലപുകയ്ക്കുന്നതെന്നാവും പലരും ചിന്തിക്കുന്നത് തന്നെ.

മെക്കാനിക്കല്‍ വശങ്ങള്‍ അവിടെ നില്‍ക്കട്ടെ, കാറികത്ത് കൊടുത്തിരിക്കുന്ന പല സ്വിച്ചുകളും എങ്ങനെ ഉപയോഗിക്കണമെന്ന് പോലും പലർക്കും ധാരണയില്ലെന്നതാണ് സത്യം. നിങ്ങളുടെ കാറില്‍ കയറിയിരിക്കുമ്ബോള്‍ ഇനിയെങ്കിലും എന്തെല്ലാം സ്വിച്ചുകളും കണ്‍ട്രോളുകളും കമ്ബനി കൊടുത്തിട്ടുണ്ടെന്നും ഇവ എങ്ങനെ ഉപയോഗിക്കാമെന്നും ചുമ്മാതൊന്ന് നോക്കണേ. ഇക്കൂട്ടത്തില്‍ പലർക്കും കൃത്യമായി ഉപയോഗിക്കാൻ അറിയാൻ വയ്യാത്തൊരു സംഗതിയായിരിക്കും ഡാഷ്‌ബോർഡിലെ ഹെഡ്‌ലൈറ്റ് ലെവലിംഗ് കണ്‍ട്രോള്‍. 0, 1, 2, 3 എന്നീ നമ്ബറുകള്‍ ഉള്‍പ്പെത്തിക്കൊണ്ടുള്ള സംഗതി പലരും ഉപയോഗിച്ച്‌ പോലും കാണാറില്ല.

ഡാഷ്‌ബോർഡിലെ ഹെഡ്‌ലൈറ്റ് ലെവലിംഗ് കണ്‍ട്രോൾ എങ്ങനെ ഉപയോഗിക്കണം?

വാഹനത്തില്‍ കയറിയിരിക്കുമ്ബോള്‍ ഈ കണ്‍ട്രോള്‍ അത്രവേഗം കണ്ടുപിടിക്കാൻ പറ്റിയെന്ന് വരില്ല കേട്ടോ. കാരണം സ്റ്റിയറിംഗ് വീലിന്റെ അടിയിലായിട്ടാണ് പലപ്പേഴും ഇവ കാണപ്പെടാറുള്ളത്.ഹെഡ്‌ലൈറ്റ് ലെവലിംഗ് കണ്‍ട്രോള്‍ 0, 1, 2, 3 എന്നീ നമ്ബറുകളിലാവും ഉണ്ടാവുക. നമ്ബറുകള്‍ വാഹനത്തിലെ ഭാരത്തിനനുസരിച്ച്‌ ഹെഡ്‌ലൈറ്റുകളുടെ ഉയരം ക്രമീകരിക്കാനാണ് ഉപയോഗിക്കുന്നത്. വാഹനം കൂടുതല്‍ ഭാരമുള്ളതായിരിക്കുമ്ബോള്‍ പിൻഭാഗം താഴ്ന്ന് ഹെഡ്‌ലൈറ്റുകള്‍ മുകളിലേക്ക് ഉയർന്ന് എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണില്‍ വെളിച്ചം തട്ടാൻ സാധ്യതയുണ്ട്.ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്താൻ സാധ്യതയുണ്ട്. ഈ പ്രശ്നം ഒഴിവാക്കാനാണ് ഹെഡ്‌ലൈറ്റ് ലെവലിംഗ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത്. ഇതുവഴി ഹെഡ്‌ലൈറ്റുകളുടെ പ്രകാശത്തെ താഴേക്ക് ക്രമീകരിക്കാൻ സാധിക്കുന്നു.

ഒറ്റയ്ക്കോ അല്ലെങ്കില്‍ ഫ്രണ്ട് സീറ്റില്‍ ഒരാളോ ഇരിക്കുമ്ബോള്‍ പൊതുവേ ഇതൊരു പ്രശ്‌നമാവാറില്ലെങ്കിലും കാറുകളില്‍ പിന്നില്‍ കൂടുതല്‍ ആളുകള്‍ കയറുമ്ബോഴും അല്ലെങ്കില്‍ ലഗേജ് കൂടുതല്‍ വഹിക്കുമ്ബോഴുമാവാം ഹെഡ്‌ലൈറ്റ് ലെവലിംഗ് കണ്‍ട്രോള്‍ ഉപകാരപ്പെടുന്നത്.ഇനി ഈ ഓരോ നമ്ബറുകളും കൃത്യമായി ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ ഏതെല്ലാമാണെന്ന് പറഞ്ഞുതരാം.നിങ്ങള്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്ബോള്‍ അല്ലെങ്കില്‍ മുൻസീറ്റില്‍ ഒരാളും കുറഞ്ഞ ലഗേജും ഉള്ളപ്പോള്‍ 0 എന്ന ലെവല്‍ ഉപയോഗിക്കുക. ഇതാണ് ഹെഡ്‌ലൈറ്റുകളുടെ സാധാരണ നില. ഇനി ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമുള്ളപ്പോള്‍, അല്ലെങ്കില്‍ ഡ്രൈവറും മുന്നിലും പിന്നിലുമായി ഒന്നോ രണ്ടോ യാത്രക്കാരും കുറഞ്ഞ ലഗേജും ഉള്ളപ്പോള്‍ ഹെഡ്‌ലൈറ്റ് ലെവലിംഗ് കണ്‍ട്രോളിലെ നമ്ബർ 1 ഉപയോഗിക്കാം.കാറില്‍ ഡ്രൈവറും എല്ലാ സീറ്റുകളിലും യാത്രക്കാരും ഉണ്ടായിരിക്കുമ്ബോള്‍, അല്ലെങ്കില്‍ ഡ്രൈവറും മുൻസീറ്റിലെ യാത്രക്കാരനും പുന്നില്‍ കുറഞ്ഞ ലഗേജും ഉള്ളപ്പോള്‍ ഹെഡ്‌ലൈറ്റ് ലെവലിംഗ് കണ്‍ട്രോള്‍ 2 ആക്കി ഉപയോഗിക്കുന്നതാണ് ഉചിതം.

കാറില്‍ പരമാവധി യാത്രക്കാരും ധാരാളം ലഗേജുകളും വെച്ച്‌ ഫുള്‍ ലോഡ് ഉള്ളപ്പോള്‍ 3 ഉപയോഗിക്കാം. വാഹനത്തില്‍ പൂർണമായി ഭാരം കയറ്റിയിരിക്കുമ്ബോള്‍ ഹെഡ്‌ലൈറ്റുകള്‍ താഴേക്ക് ഇറക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.ഇത് മുന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് അമിത വെളിച്ചം തട്ടി ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയും. ഹെഡ്‌ലൈറ്റ് ലെവലിംഗ് സിസ്റ്റം സാധാരണയായി വാഹനത്തിന്റെ സസ്പെൻഷനുമായി ബന്ധിപ്പിച്ച ഒരു സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ ഉയരം മാറുന്നത് ഈ സെൻസർ കണ്ടെത്തുകയും അതിനനുസരിച്ച്‌ ഹെഡ്‌ലൈറ്റുകളുടെ ആംഗിള്‍ മാറ്റുകയും ചെയ്യുന്നു. ഇത് മാനുവലായി ക്രമീകരിക്കാനുള്ള സൗകര്യമാണ് ഡാഷ്‌ബോർഡിലെ കണ്‍ട്രോളർ.

വാഹനങ്ങളിലെ ഹെഡ്‌ലൈറ്റുകള്‍ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്ന സാങ്കേതികവിദ്യ ഇപ്പോള്‍ ഉള്ള വാഹനങ്ങളില്‍ ലഭ്യമാണ്. സാധാരണയായി അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകള്‍ അല്ലെങ്കില്‍ അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ് സിസ്റ്റം എന്ന് ഇത് അറിയപ്പെടുന്നു. മിക്ക മോഡേണ്‍ കാറുകളും ഈയൊരു ഫീച്ചറുമായി വരുന്നതിനാല്‍ അധികം കണ്‍ഫ്യൂഷന്റെ ആവശ്യം വരുന്നില്ല.കാർ സ്വമേധയ ഇതെല്ലാം ക്രമീകരിക്കും. ഈ സിസ്റ്റങ്ങളില്‍ സെൻസറുകള്‍ വാഹനത്തിന്റെ ഭാരം, റോഡിന്റെ ചരിവ്, വാഹനത്തിന്റെ വേഗത എന്നിവയെല്ലാം തിരിച്ചറിഞ്ഞ് ഹെഡ്‌ലൈറ്റുകളുടെ ഉയരം സ്വയം ക്രമീകരിക്കുന്നു. ഇത് ഡ്രൈവർക്ക് മാനുവലായി ക്രമീകരിക്കേണ്ട ആവശ്യം ഒഴിവാക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *