ഡൽഹിയിൽ സ്ഫോടനത്തിന് പദ്ധതി; 2 ഐ എസ് ചാവേറുകൾ പിടിയിൽ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ തിരക്കേറിയ മാളിലും പൊതുപാർക്കിലും ചാവേർ സ്ഫോടനത്തിന് ലക്ഷ്യമിട്ട രണ്ട് ഐസിസ് ഭീകരർ പിടിയില്‍.സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ലഘുലേഖകളും പിടിച്ചെടുത്തു. ടൈമർ സെറ്റു ചെയ്യാനായി വാങ്ങിയ വാച്ചും കണ്ടെടുത്തു.

രഹസ്യാന്വേഷണ ഏജൻസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹി, ഭോപ്പാല്‍ സ്വദേശികളായ ഇരുവരുടേയും പേര് അഡ്നൻ ഖാൻ എന്നാണ്.

ഡല്‍ഹി സ്വദേശിയായ 20കാരൻ അഡ്നൻ ഖാനെ ഡല്‍ഹിയിലെ സാദിഖ് നഗറില്‍ നിന്ന് കഴിഞ്ഞ 16നാണ് പിടികൂടിയത്. 21കാരനായ രണ്ടാമനെ ഭോപ്പാലില്‍ നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. മദ്ധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും ഓപ്പറേഷനില്‍ പങ്കെടുത്തു. ഇരുവരെയും ഒറ്റയ്‌ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തപ്പോഴാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്.

20ന് ദീപാവലി ദിനത്തില്‍ സൗത്ത് ഡല്‍ഹിയിലെ മാള്‍, പൊതുപാർക്ക് എന്നിവിടങ്ങളില്‍ ചാവേർ സ്ഫോടനം നടത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരേയും പിടികൂടാൻ തെരച്ചില്‍ ഊർജിതമാക്കിയെന്നും വ്യക്തമാക്കി.

പാകിസ്ഥാനുമായി ബന്ധം

1. ഇരുവർക്കും പാകിസ്ഥാനിലെ ഐസിസ് ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. അവരുടെ സഹായവും ലഭിച്ചിരുന്നു.

2. ഐസിസിന്റെ സിറിയ- തുർക്കി അതിർത്തിയിലെ ഭീകര നേതാവുമായി ഇവർ നിരന്തരം ആശയവിനിമയം നടത്തി. ചാവേർ ആക്രമണങ്ങളില്‍ പരിശീലനം നേടിയവരാണ് ഇരുവരും.

തീവ്ര ആശയങ്ങളിലൂടെ ഐസിസിലേക്ക്

ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ ആഗ്രഹിച്ചയാളാണ് ഭോപ്പാല്‍ സ്വദേശി അഡ്നൻ ഖാൻ. പരീക്ഷയെഴുതാൻ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അതിനിടെ, തീവ്ര ആശയങ്ങള്‍ പിന്തുടരുന്ന വാട്സാപ്പ് ഗ്രൂപ്പുകളില്‍ സജീവമായി. ഐസിസ് ആശയങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകള്‍ അടക്കം കണ്ടാണ് അതിലേക്ക് തിരിഞ്ഞത്. വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദില്‍ ആർക്കിയോളജിക്കല്‍ സർവേയ്‌ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ജഡ്‌ജിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് നേരത്തെ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി സ്വദേശി അഡ‌്‌നൻഖാൻ ഐ.ടി ഡിപ്ലോമക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *