ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ചോരുന്നു; സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത് ഗർഭിണികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഇഞ്ചക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ വരെ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ആശങ്കയേറുന്നുവെന്ന റിപ്പോർട്ടുമായി ബിബിസി.ഇന്ത്യയിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് ടെലിഗ്രാമില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് ഏറെ പ്രശസ്തി നേടിയ ആശുപത്രിയിലാണ് സംഭവം. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിസിടിവി ക്യാമറകള്‍ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച്‌ ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നതാണ് പുറത്തുവരുന്ന വിവരം. 2025 ആദ്യം ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ ഗർഭിണികള്‍ക്ക് സ്വകാര്യ ഭാഗങ്ങളില്‍ ഇൻജക്ഷൻ നല്‍കുന്ന വീഡിയോ അടക്കം പുറത്തുവന്നിരുന്നു. ഇത് ഗുജറാത്തില്‍ നിന്നുള്ളതെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്ന ലിങ്കില്‍ സമാനമായ നിരവധി വീഡിയോകളും ഉണ്ടായിരുന്നു ഇവ പണം അടച്ചാല്‍ കാണാൻ കഴിയുന്ന രീതിയില്‍ വിറ്റഴിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

ഡോക്ടർമാരുടെ സുരക്ഷയെ കരുതിയാണ് പ്രസവ വാർഡില്‍ സിസിടിവി ക്യാമറ വച്ചതെന്നാണ് ഹോസ്പിറ്റല്‍ അധികൃതരെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഏത്‌ ആശുപത്രിയിലാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തത് എന്നതുസംബന്ധിച്ചുള്ള പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സമാന രീതിയില്‍ 50000ത്തിലേറെ സിസിടിവികളില്‍ നിന്നുള്ള നിരവധി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ പോലീസിന് ലഭിച്ചത്. സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള ഗ‍ർഭിണികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സൈബർ കുറ്റവാളികളുടെ വൻ സംഘമാണ് സിസിടിവി ഹാക്കിംഗിന് പിന്നിലെന്നാണ് പോലീസിനെ ഉദ്ധരിച്ച്‌ റിപ്പോർട്ട് വിശദമാക്കുന്നത്. ഗ്രാമീണ മേഖലകളില്‍ അടക്കം ഇന്ന് സിസിടിവി സാധാരണമാണ്.

മാളുകള്‍, ഓഫീസുകള്‍, സ്കൂളുകള്‍, അപാർട്ട്മെന്റുകള്‍, കടകള്‍, വീടുകള്‍ എന്നിങ്ങനെ മുക്കിനും മൂലയിലും വരെ സിസിടിവി ക്യാമറകളുണ്ട്. സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെങ്കിലും വേണ്ട രീതിയിലുള്ള സംരക്ഷണം ഒരുക്കാത്ത സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സ്വകാര്യത ആശങ്കയിലാണ് എന്നാണ് അധികൃതർ നല്‍കുന്ന മുന്നറിയിപ്പ്. സൈബർ സുരക്ഷാ പരിശീലനങ്ങള്‍ ലഭിക്കാത്ത ആളുകള്‍ അടക്കമാണ് സിസിടിവി സ്ഥാപിക്കുന്നത്. തദ്ദേശീയമായ നിർമ്മിക്കുന്ന പല സിസിടിവി മോഡലുകളും അനായാസമായി ഹാക്ക് ചെയ്യാമെന്നാണ് പോലീസ് വിശദമാക്കുന്നത്. 2018ല്‍ ബെംഗളൂരുവില്‍ ടെക്കിയുവാവ് തന്റെ വെബ് ക്യാം ഹാക്ക് ചെയ്ത് ഹാക്കർമാർ സ്വകാര്യ വീഡിയോ ഉപയോഗിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയതായി പരാതി നല്‍കിയിരുന്നു.

2023ല്‍ വീട്ടിലെ സിസിടിവി ഹാക്ക് ചെയ്ത് സ്വകാര്യ വീഡിയോ പുറത്ത് വന്നതായി പ്രമുഖ യുട്യൂബറും പരാതിപ്പെട്ടിരുന്നു. ഗുജറാത്തില്‍ കണ്ടെത്തിയ ഹാക്കിംഗ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിച്ച്‌ കിടക്കുന്നതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, കോർപ്പറേറ്റ് ഓഫീസുകള്‍, വീടുകള്‍ക്കുള്ളില്‍ നിന്ന് അടക്കമുള്ള വീഡിയോകളാണ് ഇത്തരത്തില്‍ കണ്ടെത്താൻ സാധിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തിരിച്ചറിയാൻ സാധിച്ചതായാണ് അഹമ്മദാബാദ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിലെ അന്വേഷണ ഉദ്യോഗസ്ഥനായ ലാവിന സിൻഹ വിശദമാക്കുന്നത്. 800 രൂപ മുതല്‍ രണ്ടായിരം രൂപ വരെ വിലയ്ക്കാണ് ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. ടെലിഗ്രാം ചാനലുകള്‍ സബ്സ്ക്രിപ്ശൻ മുഖേന ലൈവ് സ്ട്രീമിംഗും നടത്തുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

പ്രതികള്‍ക്കെതിരെ രോഗിയുടെ സ്വകാര്യത ലംഘിച്ചതുള്‍പ്പെടയുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതല്‍ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില്‍ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും ബാക്കിയുള്ളവർ ഡല്‍ഹി, യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ് സ്വദേശികളാണ്. മോശം പാസ്വേഡുകള്‍ ആണ് മിക്കയിടങ്ങളിലും സിസിടിവി അഡ്മിൻ നല്‍കാറെന്നാണ് വിദഗ്ധർ കണ്ടെത്തിയിട്ടുള്ളത്.

One thought on “ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ചോരുന്നു; സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത് ഗർഭിണികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഇഞ്ചക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ വരെ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

Leave a Reply

Your email address will not be published. Required fields are marked *