ബിഹാറില്‍ ഏകദേശം 23 ലക്ഷത്തോളം സ്ത്രീകളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇത്രയധികം സ്ത്രീകളെ വോട്ടർപട്ടികയില്‍ നിന്നും നീക്കം ചെയ്തതെന്നും അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
59 നിയമസഭാ മണ്ഡലങ്ങളിലെ ദളിത്- മുസ്ലീം വനിതകകളെയാണ് വോട്ടർപട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളാണിതെന്നും അല്‍ക്ക ലാംബ ചൂണ്ടിക്കാട്ടുന്നു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആറിന്റെ പേരില്‍ ബിഹാറില്‍ വൻ തട്ടിപ്പാണ് നടത്തുന്നത്. ബിഹാറില്‍ ഏകദേശം 3.5 കോടി സ്ത്രീകളുണ്ട്. എന്നാല്‍ ഏകദേശം 23 ലക്ഷം സ്ത്രീകളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവർക്ക് വോട്ടുചെയ്യാനാകില്ല. ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. ഗോപാല്‍ഗഞ്ച്, സരണ്‍, ബെഗുസാരായ്, സമസ്തിപൂർ, ഭോജ്പൂർ, പൂർണിയ എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം സ്ത്രീകളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുളളത്. ഈ ആറ് ജില്ലകളിലായി 60 നിയമസഭാ സീറ്റുകളാണുളളത്. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡാറ്റ പരിശോധിച്ചാല്‍ ഇന്ത്യാ സഖ്യത്തിന് 25 സീറ്റുകളും എൻഡിഎ സഖ്യത്തിന് 34 സീറ്റുകളുമാണ് ലഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ഇപ്പോള്‍ എസ്‌ഐആറിന്റെ പേരില്‍ ഈ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയിരിക്കുകയാണ്’: അല്‍ക്ക ലാംബ പറഞ്ഞു.
ബിഹാറിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ പേരുകളാണ് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്, എങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ സ്ത്രീകള്‍ ചെയ്ത വോട്ടുകളും വ്യാജമായിരിക്കില്ലേ? ആ വ്യാജ വോട്ടുകള്‍ ഉപയോഗിച്ച് എംപിമാരായവരല്ലേ സർക്കാരുണ്ടാക്കിയത് എന്നും അല്‍ക്ക ലാംബ ചോദിച്ചു. ‘ഒരുവശത്ത് ബിഹാർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നു. മറുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് 23 ലക്ഷം സ്ത്രീകളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കി. മോദി സ്ത്രീകളുടെ വോട്ടവകാശമാണ് പിടിച്ചെടുത്തത്. പക്ഷെ, നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും എത്ര ശ്രമിച്ചാലും ബിഹാറില്‍ വോട്ട് മോഷണം നടക്കാൻ ഞങ്ങള്‍ അനുവദിക്കില്ല’: അല്‍ക്ക ലാംബ കൂട്ടിച്ചേർത്തു.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനു ശേഷം സെപ്റ്റംബർ മുപ്പതിനാണ് ബിഹാറില്‍ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. 7.42 കോടി വോട്ടർമാരാണ് ബീഹാറിലുള്ളത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകകളില്‍ പറയുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് മുൻപ് സംസ്ഥാനത്ത് 7.89 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പുറത്തിറങ്ങിയപ്പോള്‍ 65 ലക്ഷം പേർ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 7.24 കോടി വോട്ടർമാരാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 21.53 ലക്ഷം പേരുകള്‍ ചേർത്തു. 3.66 ലക്ഷം പേരെ ഒഴിവാക്കുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
