സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി ദി എപിക്. ചിത്രം ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തും.ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗംഭീരമായാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് നാലര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.
പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരില്‍ സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ. ഇതുവരെ കാണാത്ത ചില പുതിയ സീനുകളും ഈ പതിപ്പില്‍ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.
ചിത്രം ഇന്ത്യയില്‍ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. വേള്‍ഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും. റിലീസ് സമയത്ത് ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസില്‍ ₹650 കോടി രൂപ നേടിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
