വിറക് അടുപ്പുകള്‍ക്ക് പകരം ഇന്ന് അടുക്കള ഭരിക്കുന്നത് ഗ്യാസ് അടുപ്പാണ്. പാചകം ചെയ്യാൻ വളരെ എളുപ്പമായതിനാലാണ് എല്ലാവരും ഗ്യാസ് അടുപ്പിനെ ആശ്രയിക്കുന്നത്.എന്നാല്‍ പാചകത്തിനായി ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില ദിനംപ്രതി കൂടിവരികയാണ്. അതിനാല്‍തന്നെ പലരും വളരെ കരുതലോടെയാണ് ഗ്യാസ് ഉപയോഗിക്കുന്നത്.
എന്നാല്‍ പുതിയ സിലിണ്ടർ വാങ്ങുന്നതിന് മുൻപ് പഴയ സിലിണ്ടർ പൂർണമായും തീർന്നോയെന്ന് ഉറപ്പാകേണ്ടതാണ്. പലർക്കും അവ പരിശോധിക്കാൻ അറിയില്ല. അതിനാല്‍ ഗ്യാസ് തീരുന്നതിന് മുൻപ് തന്നെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നു. അത് കണ്ടുപിടിക്കാൻ ഒരു പൊടിക്കെെ നോക്കിയാലോ?
ഇത് പരിശോധിക്കാൻ കുറച്ച് വെള്ളം മാത്രംമതി. ആദ്യം ഒരു ഗ്ലാസിലോ പാത്രത്തിലോ കുറച്ച് വെള്ളം എടുക്കുക. ഇനി ആ വെള്ളം എല്‍പിജി സിലിണ്ടറിന്റെ മുകളില്‍ നിന്ന് താഴേക്ക് ഒഴിക്കണം. വളരെ പതുക്കെ വേണം ഒഴിക്കാൻ. ശേഷം നിങ്ങളുടെ കെെകൊണ്ട് മുകളില്‍ നിന്ന് താഴേക്ക് തൊട്ടുനോക്കുക. സിലിണ്ടറില്‍ എവിടെയാണോ തണുപ്പ് അനുഭവപ്പെടുന്നത് അവിടെ വരെ ഗ്യാസ് ഉണ്ടെന്നാണ് അർത്ഥം.
സിലിണ്ടറിനുള്ളില്‍ ദ്രാവക രൂപത്തിലാണ് ഗ്യാസ് നിറച്ചിരിക്കുന്നത്. അതിനാല്‍ അതിന് മുകളില്‍ വെള്ളം വീഴുമ്ബോള്‍ അവിടെ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നു. സിലിണ്ടറിന്റെ താഴെയുള്ള ഭാഗത്താണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതെങ്കില്‍ വാതകം തീരാൻ പോകുന്നുവെന്നാണ് അർത്ഥം.
