ഇന്ന് ലോക ടോയ്‌ലറ്റ് ദിനം. ശുചിമുറിയുമായി ബന്ധപ്പെട്ട ശുചിത്വ ശീലങ്ങളെ കുറിച്ച് മനുഷ്യരില്‍ അവബോധം വളർത്താൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും നവംബർ 19 ന് ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുന്നത്.ശുചിമുറി ഉപയോഗിക്കേണ്ടത്തിന്റെ ആവശ്യകതെയെക്കുറിച്ചും, ശുചിമുറികള്‍ വൃത്തിയോടെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചുമെല്ലാം അവബോധം ഉണ്ടാക്കാനാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാല്‍, ഇന്നും കേരളത്തില്‍ ശുചിമുറികളല്ല, അവ സ്ഥിതി ചെയ്യുന്ന ഇടങ്ങളാണ് പ്രശ്നം.
കന്നിമൂലയില്‍ ടോയ്ലെറ്റ് പണിഞ്ഞാല്‍ വലിയ ദോഷമുണ്ടാകും എന്ന അന്ധവിശ്വാസം പേറുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷവും. വാസ്തുശാസ്ത്ര വിശാരദന്മാർ എന്ന് സ്വയം പ്രഖ്യാപിക്കപ്പെട്ട ഒരുസംഘം ആളുകളുടെ കണ്ടുപിടിത്തമാണ് ഇത്. മതവിശ്വാസ ഭേദമന്യേ പലരും തങ്ങളുടെ കഷ്ടത മാറാൻ വീടിന്റെ കന്നിമൂലയിലെ കക്കൂസ് ഇടിച്ചുപൊളിച്ച് കളയുന്ന കാലമാണിത്. ഇന്നും കക്കൂസില്‍ പോകാതെ പുറംസ്ഥലങ്ങളില്‍ മലമൂത്ര വിസർജ്ജനം നടത്തുന്ന ആളുകളും നമ്മുടെ നാട്ടില്‍ കുറവല്ല. വെളിയിട വിസർജ്ജ്യമുക്ത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ പോലും ഈ പ്രവണതയുണ്ട്.
ഇടംതന്നെയാണ് പ്രശ്നം; പക്ഷേ അത് കന്നിമൂലയല്ല!
കേരളത്തില്‍ കക്കൂസ് നിലവില്‍ വന്നു തുടങ്ങുന്ന കാലത്ത് വീടിനോട് ചേർന്നായിരുന്നില്ല നിർമ്മിച്ചിരുന്നത്. പകരം പറമ്ബിന്റെ അതിരുകളോട് ചേർന്നായിരുന്നു. വീട്ടില്‍ നിന്നും എത്ര അകലത്തില്‍ ശുചിമുറി പണിയാമോ അത്രയും നല്ലത് എന്ന ചിന്തയായിരുന്നു ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും നിലനിന്നിരുന്നത്. എന്നാല്‍, തൊണ്ണൂറുകളില്‍ കംപ്ലീറ്റ് സാനിറ്റേഷൻ പദ്ധതി നടപ്പാക്കി തുടങ്ങിയതോടെയാണ് പണമുള്ളവനും പണമില്ലാത്തവനുമെല്ലാം വീടുകളോട് ചേർന്ന് ശുചിമുറികള്‍ നിർമ്മിച്ച് തുടങ്ങിയത്. പക്ഷേ പിന്നീട് പല വീടുകളിലേയും ശുചിമുറികള്‍ വലിയ വാസ്തു പ്രശ്നമായി മാറിത്തുടങ്ങി.
വാസ്തു ശാസ്ത്ര വിദഗ്ധർ എന്ന് സ്വയം പ്രഖ്യാപിക്കപ്പെട്ടവരുടെ വിശദീകരണം അനുസരിച്ച് വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയാണ് കന്നിമൂല. ദേവസാന്നിധ്യം കുടികൊള്ളുന്ന പ്രദേശമാണത്രെ ഇത്. ഇവിടെ കക്കൂസ് പാടില്ലെന്നും ഇവർ പ്രചരിപ്പിച്ചു. വലിയ ദോഷങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന പാവങ്ങള്‍ പലരും കന്നിമൂലയിലെ കക്കൂസ് പൊളിക്കാൻ ആരംഭിച്ചു.
വീടുകളില്‍ ശുചിമുറികളുടെ ദിശ മാറ്റി ‘ദോഷങ്ങള്‍ മാറ്റാം’ എന്ന അന്ധവിശ്വാസം ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. കന്നിമൂലയിലെ കക്കൂസ് പൊളിക്കണമെന്നും തെക്കോട്ടിരിക്കുന്ന ക്ലോസെറ്റ് വടക്കോട്ട് തിരിക്കണമെന്നുമെല്ലാം വാസ്തുവിദഗ്ധർ ഇപ്പോഴും നിർദ്ദേശം കൊടുക്കുന്നുണ്ട്. ശുചിമുറികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു പ്രധാന ഘടകം തന്നെയാണ്. എന്നാല്‍, അതിന് ദേവകോപവുമായി യാതൊരു ബന്ധവുമില്ല. മറിച്ച് നമ്മുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട് താനും.
ശുചിമുറികളുടെ ശരിയായ ഉപയോഗവും ശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് പരിപാലനവുമാണ് ആരോഗ്യത്തെ നിർണയിക്കുന്നത്. സംസ്ഥാനത്തെ 70 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയ പരിധിയേക്കാള്‍ കൂടുതലാണെന്ന കണ്ടെത്തലുകള്‍ ഗുരുതരമാണ്. ജലാശയങ്ങളിലെ മലിനീകരണവും അതില്‍ പിന്നിലല്ല.
ശാസ്ത്രീയമായി നിർമ്മിക്കാത്ത സെപ്റ്റിക് ടാങ്കുകളാണ് യഥാർത്ഥ വില്ലൻ. അവയില്‍ നിന്നുള്ള മലിനജലം മണ്ണിലൂടെ ജലാശയങ്ങളിലേക്കും കിണറുകളിലേക്കും എത്തുകയാണ്. ചില പ്രദേശങ്ങളില്‍ ടാങ്കുകളിലെ മാലിന്യം നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുക്കുന്നു. കോളിഫോം ബാക്ടീരിയയെ ഭക്ഷണമാക്കിയാണ് അമീബിക് മെനിഞ്ചൈറ്റിസിന് കാരണമാകുന്ന അപകടകാരികളായ അമീബകള്‍ ഉള്‍പ്പെടെ വളരുന്നത്. ഇതോടെ ജലാശയങ്ങള്‍ വിവിധ രോഗങ്ങളുടെ ‘പൂർണ്ണ വളർത്തുമാടം’ ആകുന്നു.
കിണറുകള്‍ക്കും സെപ്റ്റിക് ടാങ്കുകള്‍ക്കും ഇടയില്‍ കുറഞ്ഞത് ഏഴര മീറ്റർ അകലമെങ്കിലും വേണം. എന്നാല്‍ അനവധി വീടുകള്‍ ഈ മാനദണ്ഡം പാലിക്കുന്നില്ല. കൂടാതെ, സെപ്റ്റിക് ടാങ്കുകളുടെ നിർമാണം നിർദേശങ്ങള്‍ അനുസരിച്ചല്ല-ഫലമായി, മലിനജലം മണ്ണിലേക്കും പിന്നീട് ജലാശയങ്ങളിലേക്കും കലരുന്നു. വീട്ടിലെ മലിനജലം ശാസ്ത്രീയമായ സോക്‌പിറ്റുകള്‍ ഉപയോഗിച്ച് മാറ്റാൻ കഴിയുന്നുവെങ്കിലും, അതിന് പ്രചാരം ഇപ്പോഴും കുറവാണ്.
ഈ സാഹചര്യത്തില്‍ നാട്ടില്‍ ആവശ്യമായ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ്(സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്- എസ്ടിപി) പ്ലാന്റുകള്‍ അത്യാവശ്യമാണ്. സർക്കാർ പദ്ധതികള്‍ക്കും ഫണ്ടുകള്‍ക്കും ശേഷവും പ്രാദേശികതലത്തിലെ എതിർപ്പുകള്‍ ഇത്തരത്തിലുള്ള പല പദ്ധതികളെയും തടസപ്പെടുത്തുന്നുണ്ട്. അതേസമയം, ജലാശയങ്ങളെ മലിനമാക്കുന്നതിന് ഇപ്പോള്‍ കർശന ശിക്ഷകളാണ്. ടോയ്ലറ്റ് മാലിന്യമോ മറ്റേതെങ്കിലും പാഴ് വസ്തുക്കളോ ജലാശയത്തില്‍ ഒഴുക്കുന്നവർക്ക്:
കേരള മുൻസിപ്പാലിറ്റി ആക്‌ട്, പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം: 50,000 വരെ പിഴ
Kerala Irrigation and Water Conservation (Amendment) Act പ്രകാരം: 2 ലക്ഷം വരെ പിഴയും പരമാവധി 3 വർഷം വരെ തടവും
എല്ലാം കൂടിച്ചേർന്നാല്‍ നിർണ്ണായകമായ ഒരു സന്ദേശം നാം പ്രചരിപ്പിക്കേണ്ടത് ഇതു മാത്രമാണ്: പ്രശ്നം വീടിന്റെ ‘മൂല’യില്‍ അല്ല, നമ്മുടെ ശീലങ്ങളിലും സമീപനത്തിലും ആണ്. ശുചിത്വം ശാസ്ത്രീയമായി മനസ്സിലാക്കി നടപ്പാക്കിയാല്‍ മാത്രമേ ആരോഗ്യവും ജീവിത ഗുണമേന്മയും മെച്ചപ്പെടൂ.
