ഗ്രാമങ്ങളിലെ മാർക്കറ്റുകളില്‍ രാസവസ്തുക്കള്‍ ചേർത്തും ഐസിലിടാതെയും മത്സ്യവില്‍പ്പന തകൃതിയാകുന്നു.ഭൂരിഭാഗം മാർക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കള്‍ ചേർത്ത് മത്സ്യങ്ങള്‍ വില്ക്കുമ്ബോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം മാത്രമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധകള്‍ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്.
വിപണികളിലെത്തുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും പഴകിയതും ഫോമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ ചേർത്തതുമാണ്. ഇതിന്റെ വീര്യം കൂടുന്നതിനനുസരിച്ച് മത്സ്യം കൂടുതല്‍ നാളുകള്‍ കേടാകാതെ സൂക്ഷിക്കാനാകും. ഉള്‍ക്കടലില്‍ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും പിന്നീട് നാട്ടിൻപുറങ്ങളിലും എത്തുമ്ബോഴേക്കും മണിക്കൂറുകള്‍ പിന്നിടും. മത്സ്യം ഐസിടാതെ സൂക്ഷിക്കുമ്ബോള് അവ വേഗത്തില്‍ ചീഞ്ഞു പോകും.
ഐസില്‍ സൂക്ഷിച്ചില്ലെങ്കിലും ഫ്രഷ്
ചിലർ മത്സ്യത്തില്‍ ഐസുകള്‍ക്കൊപ്പം അമോണിയ വിതറി പെട്ടിയിലാക്കുന്നുണ്ട്. ഇവ മൊത്തവിതരണ കേന്ദ്രങ്ങളിലും ചില്ലറ വില്‍പ്പനകേന്ദ്രങ്ങളിലേക്കും എത്തിക്കുമ്ബോള്‍ വീണ്ടും രാസവസ്തുക്കള്‍ ചേർക്കും. ഇങ്ങനെ രാസവസ്തുക്കള്‍ ചേർന്ന മത്സ്യം ഐസില്‍ സൂക്ഷിച്ചില്ലെങ്കിലും പുറംതോട് ചീയാതെ ഫ്രഷായിരിക്കും.
ഒരു കിലോ മത്സ്യം കേടുവരാതെ സൂക്ഷിക്കാൻ ഒരു കിലോ ഐസ് വേണം. എന്നാല്‍ പലപ്പോഴും കുറഞ്ഞ അളവ് ഐസില്‍ കൂടുതല്‍ മത്സ്യം സൂക്ഷിക്കുന്ന സ്ഥിതിയാണ്.
മാർക്കറ്റില്‍ നിന്ന് ചെറുകിട വ്യാപാരികളിലേക്ക് മത്സ്യം എത്തുമ്ബോഴാണ് ഐസ് ഇടാതെ വില്‍പ്പന നടത്തുന്നത്. ഇത്തരം കേടായ മത്സ്യങ്ങള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
പരിശോധന പേരിനു മാത്രം
മൊത്തകച്ചവട മാർക്കറ്റിലും ചെറുകിടമാർക്കറ്റുകളിലും വിഷം ചേർത്ത മത്സ്യം വില്‍ക്കുന്നതായി വ്യാപക പരാതി ഉയർന്നാലും പരിശോധന പേരിന് മാത്രം. ആഴ്ചയില്‍ ഒരിക്കലെങ്കിലും കൃത്യമായ പരിശോധന നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
