കെഎസ്ആർടിസി ഡിപ്പൊകളില്‍ കംപ്യൂട്ടർ വാങ്ങുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കാത്ത് കോവളം എംഎല്‍എ എം.വിൻസെന്‍റ് മാത്രമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ വിമർശനം.
തൊഴിലാളി സംഘടനയുടെ നേതാവാണെങ്കിലും കെഎസ്‌ആർടിസിയോട് ഒരു സ്നേഹവുമില്ലാത്തയാളാണ് വിൻസെന്‍റ്.വിഴിഞ്ഞം കെഎസ്‌ആർടിസി സ്റ്റാൻഡ് നവീകരണത്തിന് യാതൊരു ഇടപെടലും നടത്തിയിട്ടില്ല. പിന്നീട് ഹോട്ടല്‍ ഉടമയുടെ സ്പോണ്‍സർഷിപ്പിലാണ് സ്റ്റാൻഡ് നവീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ തനിക്കെതിരായി നടത്തിയ പരാമർശങ്ങള്‍ പച്ചക്കള്ളമാണെന്ന് എം. വിൻസെന്‍റ് എംഎല്‍എ പിന്നീട് പ്രതികരിച്ചു.
ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയില്‍ പച്ചക്കള്ളമാണു പറഞ്ഞത്. സ്വന്തം നിയോജകമണ്ഡലത്തിലെ കെഎസ്‌ആർടിസി ബസ് ഡിപ്പൊകളുടെ നവീകരണത്തിന് ഒരു രൂപ പോലും നല്‍കാത്ത ഒരേയൊരു എംഎല്‍എ കോവളം എംഎല്‍എ ആണെന്നും ബജറ്റില്‍ അനുവദിച്ച ബസ് ടെർമിനല്‍ കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിർമാണത്തിന് യാതൊരു മുൻകൈയും എടുത്തിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍, കോവളം നിയോജകമണ്ഡലത്തിലുള്ള രണ്ട് കെഎസ്‌ആർടിസി ഡിപ്പൊകളില്‍ ഒന്നായ പൂവാറില്‍ പുതിയ കെട്ടിട നിർമാണത്തിന് 70 ലക്ഷം രൂപയും വിഴിഞ്ഞം കെഎസ്‌ആർടിസി ഡിപ്പോയുടെ ഉള്ളില്‍ റോഡ് കോണ്‍ക്രീറ്റിനും വർക്ക്ഷോപ്പ് നവീകരണത്തിനുമായി 14.05 ലക്ഷം രൂപയും അനുവദിച്ച് അതിന്‍റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളതാണെന്ന് എംഎല്‍എ പറഞ്ഞു.
ധനമന്ത്രി അവതരിപ്പിച്ച 2023-24ലെ സംസ്ഥാന ബജറ്റില്‍ അഞ്ച് കെഎസ്‌ആർടിസി ഡിപ്പൊകളില്‍ നവീകരണത്തിന് തുക അനുവദിച്ചതില്‍ ഒരെണ്ണം വിഴിഞ്ഞം ഡിപ്പൊ ആയിരുന്നു. ഈ ബസ് ടെർമിനല്‍ പദ്ധതി നടപ്പാക്കുന്നതിനായി നിരന്തരമായി കെഎസ്‌ആർടിസിയുടെ സിഎംഡിയും മറ്റു ഉദ്യോഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെടുകയും ഒടുവിലായി കഴിഞ്ഞ മാസം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം കൂടുകയും ചെയ്തതാണെന്നും വിൻസെന്‍റ് ചൂണ്ടിക്കാട്ടി.
കള്ളം പറയാൻ നിയമസഭ വേദി ഉപയോഗിച്ച ഗതാഗത മന്ത്രി തെറ്റായ ആരോപണങ്ങള്‍ പിൻവലിച്ച് മാപ്പ് പറയണമെന്ന് വിൻസെന്‍റ് ആവശ്യപ്പെട്ടു.
