കേരളതീരങ്ങളിൽ മത്തി ലഭ്യത കുറയാനുള്ള കാരണമെന്ത്? ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ ഇങ്ങനെ…

കേരള തീരപ്രദേശത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത വർധനവും അതിന്റെ പാരിസ്ഥിതിക-സാമ്ബത്തിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ച കാരണങ്ങള്‍ വ്യക്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) പുതിയ പഠന റിപ്പോർട്ട്.മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണമെന്ന് ഗവേഷകർ കണ്ടെത്തി.

കാലാവസ്ഥാ വ്യതിയാനം കടലിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ക്ക് വഴിയൊരുക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗമായ മത്തിയുടെ ലഭ്യതയില്‍ സമീപ വർഷങ്ങളില്‍ ശ്രദ്ധേയമായ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012-ല്‍ സംസ്ഥാനത്ത് റെക്കോഡ് അളവായ നാല് ലക്ഷം ടണ്‍ മത്തി ലഭിച്ചെങ്കിലും, 2021-ല്‍ ഇത് വെറും 3500 ടണ്ണായി കുത്തനെ ഇടിഞ്ഞു. എന്നാല്‍, കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്റിമീറ്റർ വലുപ്പമുള്ള കുഞ്ഞൻ മത്തികള്‍ കേരള തീരത്ത് വൻതോതില്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂർ ജില്ലകളില്‍ ഇവ കൂട്ടത്തോടെ കരയ്ക്കടിയുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ശാസ്ത്രീയ പഠനത്തിനായി കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിലെ ജൈവശാസ്ത്രപരവും സമുദ്രപരവുമായ ഘടകങ്ങള്‍ വിശദമായി വിശകലനം ചെയ്താണ് സിഎംഎഫ്‌ആർഐയുടെ ഗവേഷണം നടത്തിയത്. കഴിഞ്ഞ വർഷത്തെ അനുകൂലമായ മണ്‍സൂണ്‍ മഴയും, അടിത്തട്ടിലെ പോഷകസമ്ബന്നമായ ജലം മുകളിലേക്ക് ഉയരുന്ന പ്രക്രിയ (അപ്വെല്ലിംഗ്)യും മത്തി ലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങളുടെ (പ്ലാങ്ക്ടണ്‍) വൻതോതിലുള്ള വർധനവിന് കാരണമായി. ഇത് ലാർവകളുടെ അതിജീവന നിരക്ക് കൂട്ടുകയും, മത്തികുഞ്ഞുങ്ങളുടെ എണ്ണത്തില്‍ അഭൂതപൂർവ വർധനവുണ്ടാക്കുകയും ചെയ്തു.

എന്നാല്‍, മത്തികുഞ്ഞുങ്ങളുടെ എണ്ണം അമിതമായി വർധിച്ചതോടെ, അവയുടെ ഭക്ഷ്യലഭ്യതയില്‍ ക്രമേണ ക്ഷാമം നേരിട്ടു. ഇത് അവയുടെ വളർച്ച മുരടിക്കുന്നതിനും, തൂക്കം കുറയുന്നതിനും ഇടയാക്കി. ഫലമായി, വിപണിയില്‍ മത്തിയുടെ വില കുത്തനെ ഇടിഞ്ഞു, മാത്രമല്ല കുഞ്ഞൻ മത്തികളെ പിടിക്കുന്നത് തന്നെ നിർത്തിവയ്ക്കേണ്ട സ്ഥിതിയുണ്ടായി.

സൂക്ഷ്മപ്ലവകങ്ങളുടെ അളവ് പോലുള്ള ആവാസവ്യവസ്ഥയിലെ ഉല്‍പ്പാദനക്ഷമതയാണ് മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. കൂടാതെ, സമുദ്രത്തിലെ ഉഷ്ണതരംഗങ്ങള്‍ (മറൈൻ ഹീറ്റ്വേവ്സ്) മത്തിയുടെ പ്രജനനവും വ്യാപനവും ബാധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ഏറ്റക്കുറച്ചിലുകള്‍ വർധിക്കാൻ സാധ്യതയുള്ളതിനാല്‍, ഓരോ മത്സ്യവിഭവത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പ് സംവിധാനങ്ങള്‍ (ഫോർകാസ്റ്റിംഗ്) ആവശ്യമാണെന്ന് പഠനം നിർദേശിക്കുന്നു. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തണമെന്നും ശുപാർശ ചെയ്യുന്നു. ഇത്തരം മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സംരക്ഷിക്കാൻ അനിവാര്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സിഎംഎഫ്‌ആർഐ പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ. യു. ഗംഗ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *