ഫെവിക്വിക്കോ സൂപ്പര്‍ ഗ്ലൂവോ കയ്യില്‍ ഒട്ടിപ്പിടിച്ചോ? പരിഹാരം ഇതാണ്

പൊട്ടിപ്പോയ എന്തെങ്കിലും സാധനങ്ങള്‍ ഒട്ടിക്കാനായി ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ ഒക്കെ നാം ഉപയോഗിക്കാറുണ്ടല്ലേ?എന്നാല്‍ ഇവ ഉപയോഗിക്കുമ്ബോള്‍ മിക്കപ്പോഴും സംഭവിക്കാറുള്ളത് പശ കയ്യില്‍ ഒട്ടിപ്പിടിക്കും എന്നതാണ്. വിരലുകളിലും കൈപ്പത്തിയിലുമൊക്കെ ഇത്തരത്തില്‍ പശ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത് മാറ്റാൻ നമ്മള്‍ പലരും കൈ ഒരയ്ക്കുകയോ പശ ഇളക്കാൻ ശ്രമിക്കുകയോ വെള്ളം ഉപയോഗിച്ച്‌ കഴുകാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും പലപ്പോഴും പശ ഇളക്കി കളയാൻ കഴിയാതെ വരും.

ഇങ്ങനെ ചെയ്യുമ്ബോള്‍ ചിലപ്പോള്‍ നമ്മുടെ ചർമവും ഇളകിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളില്‍ നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച്‌ ചർമ്മത്തിന് കേടുപാടുകള്‍ ഉണ്ടാകാതെ വളരെ എളുപ്പത്തില്‍ പശ നീക്കം ചെയ്യാവുന്നതേയുള്ളൂ. അതിനുള്ള ചില പൊടിക്കൈകള്‍ നോക്കിയാലോ?

എണ്ണ

വിരലുകളില്‍ അല്പം എണ്ണ പുരട്ടി, കുറച്ചു നേരം വയ്ക്കുക, തുടർന്ന് പശ പറ്റിപ്പിടിച്ച ഭാഗം അയവുവരുത്താൻ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. പശ പെട്ടെന്ന് ഇളകിപ്പോരും.

നെയില്‍ പോളിഷ് റിമൂവർ

നെയില്‍ പോളിഷ് റിമൂവർ തേയ്ക്കുന്നത് മറ്റൊരു പരിഹാരമാണ്. ഫെവിക്വിക്ക് നീക്കം ചെയ്യാനും ഇത് ഉപയോഗിക്കാം. നെയില്‍ പോളിഷ് റിമൂവർ പഞ്ഞിയില്‍ മുക്കി ആ ഭാഗത്ത് തേയ്ക്കുക. പശ പതിയെ അലിഞ്ഞുപോകും. അസെറ്റോണ്‍ അടങ്ങിയ റിമൂവറാണെങ്കില്‍ പെട്ടെന്ന് ഫലം കിട്ടും.

നാരങ്ങാനീര്

നാരങ്ങാനീര് മറ്റൊരു എളുപ്പവഴിയാണ്. നാരങ്ങയിലെ അസിഡിറ്റി പശയെ അലിയിക്കുന്നു. പശ നിങ്ങളുടെ തൊലിയില്‍ പറ്റിപ്പിടിച്ചാലുടൻ, കുറച്ച്‌ നാരങ്ങാനീര് പുരട്ടി പതുക്കെ തടവുക. ഇത് പശ പൊളിഞ്ഞുപോകാനും ആ ഭാഗത്തെ ചർമം മൃദുവാക്കാനും സഹായിക്കും.

ഉപ്പ്

വിരലുകളില്‍ പശ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് അല്‍പം ഉപ്പ് തേച്ചാല്‍ പശയുടെ കാഠിന്യം കുറയും. ഉപ്പിനൊപ്പം അല്പം വിനാഗിരി കലർത്തിയും ഉപയോഗിക്കാം. ഇവ പശ മൃദുവാക്കാനും ചർമ്മത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാനും സഹായിക്കും.

ഒലിവ് ഓയില്‍

മാർഗരിൻ അല്ലെങ്കില്‍ ഒലിവ് ഓയില്‍ മറ്റൊരു പ്രകൃതിദത്തമായ മാർഗ്ഗമാണ്. ഇതിലെ എണ്ണമയം പശയുമായി പ്രവർത്തിച്ച്‌ അതിന്റെ കാഠിന്യം കുറയ്ക്കുന്നു.

ഡിറ്റർജന്റ്

ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ കാല്‍ കപ്പ് ഡിറ്റർജന്റ് കലർത്തി ഏകദേശം ഇരുപത് സെക്കൻഡ് നേരത്തേക്ക് പശ പറ്റിപ്പിടിച്ച ഭാഗം അതിലേക്ക് മുക്കിവെക്കുക. പശ പെട്ടെന്ന് ഇളകിപ്പോകാനിത് ബെസ്റ്റാണ്.

സോപ്പും ചെറുചൂടുവെള്ളവും

പശയുടെ കാഠിന്യം കുറയ്ക്കുന്നതിനായി, സോപ്പ് കലർന്ന ചെറുചൂടുവെള്ളം ആ ഭാഗത്ത് മുക്കിവെയ്ക്കുക. പശ പെട്ടെന്ന് ഇളകിപ്പോരാൻ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *