തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്മോസ് മിസൈല്‍ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീംകോടതി അനുമതി.ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ ആണ് സുപ്രീംകോടതി കേരള സർക്കാരിന് അനുമതി നല്‍കിയത്. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണല്‍ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നല്‍കാനും സുപ്രീംകോടതി അനുമതി നല്കി.
ഇതിനുപുറമെ സശസ്ത്ര സീമ ബല് ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നല്കി.ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഓ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈല്‍ നിർമാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്വെയർ നിർമാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്.
ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനേക്കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.സശസ്ത്ര സീമ ബലിന്റെ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്സ് കേരളത്തില്‍ ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ആവശ്യമാണ്. ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്സ് നിലവില്‍വരുന്നതോടെ കേരളത്തില്‍ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും.
