എ ഐ ഉപയോഗിച്ച് വ്യാജ ഐഡി നിർമ്മാണം; ഉയരുന്നത് കനത്ത സുരക്ഷാ വെല്ലുവിളി എന്ന് ടെക്കിയുടെ വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ടൂളുകള്‍ ദുരുപയോഗപ്പെടുത്തി വ്യാജ തിരിച്ചറിയല്‍ കാർഡുകള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ച്‌ ടെക്കി.ഗൂഗിളിന്റെ ‘നാനോ ബനാന’ എന്ന എഐ ടൂള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താമെന്ന് യുവാവ് പറയുന്നത്. ബംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന ടെക്കി ഹർവീണ്‍ സിംഗ് ഛദ്ദയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

‘ട്വിറ്റർ പ്രീത് സിംഗ്’ എന്ന പേരില്‍ വ്യാജമായി നിർമ്മിച്ച പാൻ കാർഡുകളുടെയും ആധാർ കാർഡുകളുടെയും ചിത്രങ്ങള്‍ യുവാവ് എക്സില്‍ പങ്കുവച്ചു. നിലവില്‍ ഇമേജുകള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഇത്തരം വ്യാജ രേഖകള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുമെന്നും ഇത് കടുത്ത സുരക്ഷാ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും യുവാവ് ചൂണ്ടിക്കാട്ടി.

“നാനോ ബനാന മികച്ചതെണെങ്കിലും അതേസമയം പ്രശ്നവുമാണ്. ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന വ്യാജ തിരിച്ചറിയല്‍ കാർഡുകള്‍ ഇതിലൂടെ ഉണ്ടാക്കാൻ സാധിക്കും. പഴയ ഇമേജ് വെരിഫിക്കേഷൻ സംവിധാനങ്ങള്‍ ഇവ ഡ്യൂപ്ലിക്കേറ്റ് ആണോയെന്ന് തിരിച്ചറിയുന്നതില്‍ പരാജയപ്പെടും’- ഛദ്ദ എക്സില്‍ കുറിച്ചു.

പുതിയ എഐ ടൂളുകള്‍ ഉപയോഗിച്ച്‌ വ്യാജ രേഖകള്‍ ഉണ്ടാക്കുന്നത് വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ പരിശോധനാ സംവിധാനങ്ങള്‍ക്കാണ് ഇത് വലിയ തലവേദനയായിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് യുവാവിന്റെ പോസ്റ്റില്‍ നിരവധി പേരാണ് പോംവഴിയുമായി രംഗത്തെത്തിയത്.

ഗൂഗിളിന്റെ ജെമിനി എഐ നിർമ്മിക്കുന്ന ചിത്രങ്ങളില്‍ ‘സിന്ത്‌ഐഡി’ എന്നൊരു ഡിജിറ്റല്‍ മുദ്ര (വിരലടയാളം) രേഖപ്പെടുത്തുന്നുണ്ട്. ഇത് ഉപയോഗിച്ച്‌ ചിത്രം വ്യാജമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. എന്നാല്‍, “ഓരോ ഐഡികാർഡും ജെമിനി ആപ്പ് ഉപയോഗിച്ച്‌ സ്കാൻ ചെയ്യാൻ ആരും മിനക്കെടാറില്ലെന്ന് ഛദ്ദ മറുപടി നല്‍കി.

ഉദ്ദാഹരണം ഒരാള്‍ ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ആധാർ കാർഡ് കാണിക്കുമ്ബോള്‍ അത് ശരിക്കും സ്കാൻ ചെയ്യുന്നുണ്ടോയെന്നും ടെക്കി തിരിച്ചു ചോദിക്കുന്നുണ്ട്. അതേസമയം ഏറ്റവും പുതിയ വിവരങ്ങള്‍ കൃത്യമായി എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് പരിശോധിച്ച്‌ ഉറപ്പാക്കിയാല്‍ മാത്രമേ ശരിയായ വെരിഫിക്കേഷൻ നടക്കുകയുള്ളൂവെന്നും, ചുമ്മാ കാർഡ് നോക്കിയാല്‍ പരിശോധനയാകില്ലെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *