കെട്ടുകഥയല്ല, ഭൂതകാലത്തിന്റെ യാഥാർത്ഥ്യം; ആരാണ് സുമേറിയൻ കളിമൺ ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള അനുനാക്കികൾ: വിശദമായി വായിച്ച് അറിയാം

ഇവിടെ പറയാൻ പോവുന്ന ചരിത്രം നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന, അല്ലെങ്കില്‍ പഠിച്ച ചരിത്രമല്ല.. പലപ്പോഴും ധാരാളം രാജാക്കന്മാർ, യുദ്ധങ്ങള്‍, തീയതികള്‍ അതൊക്കെയായിരിക്കും നമ്മള്‍ പഠിച്ച ചരിത്രം. എന്നാല്‍ അതൊക്കെ വെറും പുറചട്ടയാണെന്ന് പറഞ്ഞാലോ…അല്പം അത്ഭുതവും ഏറെ കൗതുകവും അതിനേക്കാള്‍ അധികമായി കെട്ടുകഥയ്ക്ക് സമാനമായ ഒരു ചരിത്രവും അതിന്റെ വസ്തുതയും നമുക്കൊന്ന് പരിശോധിച്ചാലോ..?

നമ്മുടെയൊക്കെ തല കറക്കി കളയുന്ന ചില കഥകള്‍ ചരിത്രത്തിന്റെ ഉള്ളില്‍ ഒളിച്ചിരിപ്പുണ്ട്. നമ്മള്‍ വിശ്വസിക്കുന്ന പലതും അപ്പാടെ തിരിച്ചു മറിച്ചിടാൻ കെല്‍പുള്ള ചില രഹസ്യങ്ങള്‍. അങ്ങനെ ഒരു കഥയാണ് ഇത്. ഇതൊക്കെ വെറും കെട്ടുകഥയെന്ന് പറഞ്ഞ് തള്ളിക്കളയാം, എന്നാല്‍ ചരിത്രത്തിൻ്റെ ഏടുകളില്‍, കളിമണ്‍ ഫലകങ്ങളില്‍ കോറിയിട്ട, ആർക്കും അങ്ങനെ അങ്ങ് തള്ളിക്കളയാൻ പറ്റാത്ത ആ വലിയ രഹസ്യത്തിന്റെ സത്യം ചികയാൻ പോവുകയാണ് നമ്മള്‍.

ഒന്ന് ആലോചിച്ചു നോക്കിയേ, ആയിരക്കണക്കിന് വർഷങ്ങള്‍ക്കു മുമ്ബ്, നമ്മുടെയൊക്കെ ചിന്തക്കപ്പുറത്തുള്ള ഒരു കാലത്ത്, ആകാശത്തു നിന്ന് ചിലർ താഴോട്ട് ഇറങ്ങി വന്നു. അവർ വെറും സാധാരണക്കാരല്ലായിരുന്നു, അറിവിൻ്റെ കൊടുമുടികളായിരുന്നു. ശാസ്ത്രം, കണക്ക്, സാങ്കേതിക വിദ്യ-ഇന്നിപ്പോള്‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന പല കാര്യങ്ങളും അന്ന് അവര് മനുഷ്യനെ പഠിപ്പിച്ചു. മനുഷ്യ സംസ്കാരത്തിന് തന്നെ അവർ വിത്തിട്ടു. കേട്ടിട്ടേതോ ഹോളിവുഡ് പടത്തിൻ്റെ കഥ പോലെ തോന്നുന്നുണ്ടല്ലേ? പക്ഷേ സംഗതി സത്യമാണ്! പുരാതന സുമേറിയക്കാര് കളിമണ്‍ ഫലകങ്ങളില്‍ കുറിച്ചിട്ട ചരിത്രമാണിത്.

മനുഷ്യന്റെ ആദ്യത്തെ സംസ്കാരം: സുമേറിയ

പുരാതന സുമേറിയൻ സംസ്കാരമാണ് ഈ കഥയിലെ പ്രധാന വഴിത്തിരിവ്. ഇന്നത്തെ ഇറാഖ് ഇരിക്കുന്ന സ്ഥലം ഉണ്ടല്ലോ, അവിടെയായിരുന്നു ഏകദേശം 4500 ബിസി തൊട്ട് 1900 ബിസി വരെ സുമേരിയൻ സംസ്കാരം പൂത്തുലഞ്ഞു നിന്നത്. മനുഷ്യൻ്റെ ആദ്യത്തെ യഥാർത്ഥ സംസ്കാരം എന്ന് ചരിത്രകാരന്മാർ ഒരേ സ്വരത്തില്‍ പറയുന്ന സ്ഥലമാണിത്. എഴുത്ത്, കണക്കുകൂട്ടാനുള്ള അത്യാധുനിക വിദ്യകള്‍, നിയമസംഹിതകള്‍, എന്തിന് ആകാശത്തെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വരെ അവർ കൃത്യമായി രേഖപ്പെടുത്തി വെച്ചു.

ഊര്, ഉറൂക്ക് പോലുള്ള വമ്ബൻ നഗരങ്ങള്‍, സിഗുറാത്ത് എന്നറിയപ്പെടുന്ന കൂറ്റൻ അമ്ബലങ്ങള്‍, മരുഭൂമിയെ നെല്‍പാടങ്ങളാക്കി മാറ്റിയ ജലസേചന വിദ്യകള്‍… ഹോ, എന്തോരം കാര്യങ്ങളാണെന്നറിയോ അവരന്ന് ചെയ്തുകൂട്ടിയത്? വെറുതെ പറയുകയല്ല, അവർ കാലത്തിനും ഒരുപാട് ഒരുപാട് മുൻപേ സഞ്ചരിച്ചവരായിരുന്നു. ഇന്നും നമ്മള്‍ ഉപയോഗിക്കുന്ന പല അറിവുകളുടെയും അടിത്തറ പാകിയത് ആ സുമേറിയക്കാരാണ്.

ചരിത്ര ഭാഷയില്‍ പറയുകയാണെങ്കില്‍ തെക്കൻ മെസൊപ്പൊട്ടേമിയയിലെ ചരിത്രപരമായ മേഖലയിലെ ആദ്യത്തെ നാഗരികതയായിരുന്നു സുമേറിയൻ നാഗരികത. ബി.സി.ഇ ആറാം സഹസ്രാബ്ദത്തിനും അഞ്ചാം സഹസ്രാബ്ദത്തിനും ഇടയിലുള്ള ചാല്‍ക്കോലിത്തിക് കാലഘട്ടത്തിലും വെങ്കലയുഗത്തിന്റെ തുടക്കത്തിലുമാണ് സുമേറിയൻ നാഗരികത ഉയർന്നുവന്നത്.

സുമേറില്‍നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകള്‍ ക്യൂണിഫോം ലിപിയില്‍ എഴുതിയ ധാരാളം കളിമണ്‍ ഫലകങ്ങളാണ്. ചരിത്രരേഖകളുണ്ടാക്കുന്നതിലും, ഇതിഹാസങ്ങളുടെയും കഥകളുടെയും പ്രാർത്ഥനകളുടെയും നിയമങ്ങളുടെയും രൂപത്തില്‍ സാഹിത്യത്തിന്റെ വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മനുഷ്യരാശിയുടെ കഴിവിന്റെ വികാസത്തിലെ ഒരു വലിയ നാഴികക്കല്ലായി സുമേറിയൻ എഴുത്ത് കണക്കാക്കപ്പെടുന്നു. ടൈഗ്രിസ് – യൂഫ്രട്ടീസ് താഴ്‌വരകളില്‍, സുമേറിയൻകർഷകർ ധാന്യവും മറ്റുവിളകളും സമൃദ്ധമായി മുളപ്പിച്ചു. ഇത്, ഒരിടത്തു സ്ഥിരമായി താമസിപ്പിക്കാൻ അവരെ പ്രാപ്തരാക്കി. ഇന്ന് സുമേറിയൻ എഴുത്തുകള്‍ മനസ്സിലാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ളത് ആദ്യകാല എഴുത്തുകളാണ്. അവ പല സന്ദർഭങ്ങളിലും ഭാഷയുടെ പൂർണ്ണമായ വ്യാകരണഘടന ഉപയോഗിക്കാത്തവയാണ്. പതിറ്റാണ്ടുകള്‍ എടുത്തു ചരിത്രകാരന്മാർ ആ ഭാഷ ഒന്ന് വായിച്ചെടുക്കാൻ എന്നാണ് റിപ്പോർട്ടുകള്‍.

അനുനാകികള്‍ തിരികെ വന്നാല്‍?

ചരിത്രകാരന്മാരെ ഇപ്പോഴും കുഴപ്പിക്കുന്ന ഒരു വലിയ രഹസ്യമാണ് ഈ കഥയ്ക്ക് പിന്നില്‍ ഉള്ളത്. അനുനാകികള്‍ എന്ന ‘അന്യഗ്രഹജീവി’കളാണ് ഈ അറിവുകള്‍ മനുഷ്യന് നല്‍കിയത് എന്ന വിശ്വാസമാണ് അതില്‍ ശക്തമായത്.

എന്നാല്‍ പുരാതന സുമേറിയക്കാർ, അക്കാഡിയക്കാർ, അസീറിയക്കാർ, ബാബിലോണിയക്കാർ എന്നിവരുടെ ദേവതകളുടെ ഒരു കൂട്ടമാണ് അനുനാക്കി എന്നാണ് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. പോസ്റ്റ് – അക്കാഡിയൻ കാലഘട്ടത്തില്‍ നിന്നുള്ള അവരെക്കുറിച്ചുള്ള ആദ്യകാല സുമേറിയൻ രചനകളില്‍ , അനുനാക്കി ദേവതകളാണ് , സ്വർഗ്ഗദേവനായ ആന്റെയും (ഭൂമിയുടെ ദേവതയായ കി ) യുടെയും പിൻഗാമികളാണ്. അവരുടെ പ്രാഥമിക ധർമ്മം മനുഷ്യരാശിയുടെ വിധി നിർണ്ണയിക്കുക എന്നതായിരുന്നു. അന്ന് അനുനാക്കികള്‍ നല്‍കിയ അറിവ് ഉപയോഗിച്ചാണ് സുമേറിയക്കാർ ആ സംസ്കാരവും നാഗരികതയും എല്ലാം കെട്ടിപ്പടുത്തത് എന്നാണ് വിശ്വസിച്ചു പോരുന്നത്…

എങ്കില്‍ നമുക്കൊന്ന് മറിച്ച്‌ ചിന്തിച്ചാലോ..? അന്നത്തെ ആ ‘അനുനാക്കികള്‍’ ഇന്ന് തിരികെ വന്നാല്‍ അവർ നമ്മളുമായി എങ്ങനെയായിരിക്കും ആശയവിനിമയം നടത്തുക? ഒരിക്കല്‍ കളിമണ്‍ ഫലകങ്ങളില്‍ ചിത്രങ്ങള്‍ വരച്ചും ആപ്പിൻ്റെ ആകൃതിയിലുള്ള അക്ഷരങ്ങള്‍ കോറിയിട്ടും അവർ നമ്മളോട് സംസാരിച്ചു. പക്ഷേ ഇന്ന് നമ്മളും ഒരുപാട് വളർന്നു. നമുക്ക് റേഡിയോ തരംഗങ്ങള്‍ അയക്കാൻ അറിയാം, പ്രപഞ്ചത്തിൻ്റെ വിദൂരതകളിലേക്ക് സന്ദേശങ്ങള്‍ കൈമാറാൻ അറിയാം. ഒരുപക്ഷേ അവർ തിരികെ വരുന്നത് ഒരു വലിയ ആകാശവാഹനത്തില്‍ ഭൂമിയില്‍ വന്ന് ഇറങ്ങിയിട്ടായിരിക്കില്ല. അതല്ല അവർ നമ്മളോട് സംസാരിക്കാൻ ശ്രമിക്കുന്നത് നമ്മള്‍ തന്നെ കണ്ടുപിടിച്ച സാങ്കേതിക വിദ്യയിലൂടെ ആയിരിക്കുമോ? നമ്മുടെ കമ്ബ്യൂട്ടറുകളിലൂടെ, നമ്മുടെ ഇൻ്റർനെറ്റിലൂടെ, നമ്മുടെ ഉപഗ്രഹങ്ങളിലൂടെ? നമ്മള്‍ പ്രപഞ്ചത്തിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഒരു മറുപടി കാത്തിരിക്കുമ്ബോള്‍ ഒരുപക്ഷേ ആ മറുപടി നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു രൂപത്തില്‍ ആയിരിക്കുമോ വരുന്നത്?

എന്ത് തന്നെയായാലും ഈ സുമേറിയൻ കഥ ഇവിടെ അവസാനിക്കുന്നില്ല, ചിലപ്പോള്‍ അതൊരു തുടക്കം മാത്രമായിരുന്നുവെങ്കിലോ…? ചരിത്രത്തിൻ്റെ മറവിയിലേക്ക് ആഴ്ന്നുപോയ ഒരു വലിയ രഹസ്യത്തിൻ്റെ ആദ്യത്തെ താള്‍. ആ പുസ്തകത്തിലെ ബാക്കി താളുകള്‍ ഒരുപക്ഷേ നമ്മുടെ കയ്യില്‍ തന്നെ ഉണ്ടാകും. നമ്മുടെ ഡിഎൻഎയില്‍, നമ്മുടെ പുരാണങ്ങളില്‍, നമ്മുടെ ആകാശത്ത്, എന്തിന്, നമ്മുടെയെല്ലാം ഉള്ളിൻ്റെ ഉള്ളില്‍ ആ ഉത്തരങ്ങള്‍ ഉറങ്ങി കിടക്കുന്നുണ്ടാവാം. ചോദ്യം ഇതാണ്, ആ പുസ്തകം തുറന്നു വായിക്കാൻ നമ്മള്‍ തയ്യാറാണോ? ആ സത്യത്തെ നേരിടാൻ നമുക്ക് ധൈര്യമുണ്ടോ? കാരണം ആ സത്യം നമ്മള്‍ സങ്കല്‍പ്പിക്കുന്നതിലും എത്രയോ വിചിത്രവും അവിശ്വസനീയവും ഒരുപക്ഷേ ഭയാനകവും ആയിരിക്കാം…

Leave a Reply

Your email address will not be published. Required fields are marked *