വിവോ പുത്തൻ ചിപ്സെറ്റുകളുടെ കരുത്തുമായി തങ്ങളുടെ സ്മാർട്ട്ഫോണ്‍ നിര കൂടുതല്‍ ശക്തമാക്കുന്നു. ഈ വർഷം മേയില്‍ അവതരിപ്പിച്ച S30 പ്രോ മിനിയുടെ പിൻഗാമിയായി പുതിയ വിവോ എസ്50 പ്രോ മിനി ലോഞ്ചിന് തയാറെടുക്കുന്നതായി പുതിയ റിപ്പോർട്ടുകള്‍ വന്നിരിക്കുന്നു.ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് നവംബർ 26ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെൻ 5 ചിപ്സെറ്റ് കരുത്താക്കിയാകും ഇത് എത്തുക എന്നതാണ്.
ഈ ചിപ്സെറ്റിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളില്‍ ഒന്നാകും വിവോ S50 പ്രോ മിനി. വണ്‍പ്ലസിന്റെ Ace 6T മോഡലും ഇതേ ചിപ്സെറ്റ് കരുത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.വെയ്‌ബോയിലെ വിവോയുടെ ഹാൻ ബോ സിയാവോയില്‍ നിന്നാണ് വിവോ S50 പ്രോ മിനി പുതിയ കരുത്തൻ ചിപ്സെറ്റുമായി വരാൻ പോകുന്ന എന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഒരു സാധാരണ കോംപാക്‌ട് മോഡല്‍ എന്നതിനപ്പുറമുള്ള ഒരു കരുത്തൻ മിനി മോഡല്‍ ആയിരിക്കും ഇത് എന്നാണ് റിപ്പോർട്ട്.
സ്‌നാപ്ഡ്രാഗണ്‍ 8 ജെൻ 5 പ്രോസസർ കരുത്തില്‍ എത്തുന്ന കോംപാക്റ്റ് ഫോണായതിനാല്‍ വിവോ എസ്50 പ്രോ മിനിയെ “ബാറ്റില്‍ ഏഞ്ചല്‍” എന്ന് വിളിക്കുന്നു. ഇത് AnTuTu-യില്‍ 3 ദശലക്ഷം പോയിന്റുകള്‍ നേടി, മുൻ മിഡ്-റേഞ്ച് ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാള്‍ 1 ദശലക്ഷം പോയിന്റുകള്‍ കൂടുതലാണ്. LPDDR5X റാമും UFS4.1 സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവോയുടെ X300 സീരീസിലും X200 അള്‍ട്രയിലും കാണുന്ന അതേ റാം+ സ്റ്റോറേജ് കോംബോ ഈ പ്രോ മിനി മോഡലിലും കാണാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, “മിനി” എന്ന ലേബല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ മാത്രമാണ്, ഫീച്ചറുകളുടെ കാര്യത്തില്‍ വിവോ S50 പ്രോ മിനി അത്ര ‘മിനി’ ആയിരിക്കില്ല.
പെർഫോമൻസിന്റെ കാര്യത്തില്‍ മിഡ്-പ്രീമിയം ഡിവൈസുകളെക്കാള്‍ വലിയ കുതിച്ചുചാട്ടമാണ് ചില ടെസ്റ്റുകളില്‍ S50 പ്രോ മിനി കാഴ്ചവച്ചത് എന്നാണ് റിപ്പോർട്ടുകള്‍. പെർഫോമൻസ് മാത്രമല്ല, ഇതിലെ ക്യാമറ സജ്ജീകരണവും അത് “മിനി” ആയി തോന്നുന്നില്ല. 50MP മെയിൻ ക്യാമറയും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോയും വിവോ ഇതില്‍ സജ്ജീകരിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് ഒരു കോംപാക്റ്റ് ഡിവൈസിന് ലഭിക്കുന്ന അസാധാരണമായ കോംബോയായി വിലയിരുത്തപ്പെടുന്നു.
നനഞ്ഞ കൈകളാല്‍ പോലും തല്‍ക്ഷണം അണ്‍ലോക്ക് ചെയ്യാവുന്ന സെക്കൻഡ് ജനറേഷൻ 3D അള്‍ട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഈ വിവോ ഫോണില്‍ ഉണ്ടാകും. ചൈനീസ് വിപണി ലക്ഷ്യം വച്ചാണ് വിവോ S50 പ്രോ മിനി ലോഞ്ച് ചെയ്യുന്നത് എങ്കിലും ആഗോള തലത്തില്‍ ഇത് മറ്റൊരു പേരില്‍ അവതരിപ്പിക്കപ്പെടാൻ സാധ്യത കൂടുതലാണ്.
അതേസമയം ഇന്ത്യൻ വിപണിയില്‍ വിവോയുടേതായി ഇനി വരാൻ പോകുന്ന പ്രധാന സ്മാർട്ട്ഫോണ്‍ ലോഞ്ച് X300 സീരീസിന്റേത് ആണ്. വിവോ X300, വിവോ x300 പ്രോ മോഡലുകള്‍ അടങ്ങുന്ന ഈ സീരീസ് ഡിസംബർ 2ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. ചൈനയിലും ആഗോളതലത്തിലും ഇതിനോടകം ഈ ഫോണുകള്‍ എത്തിക്കഴിഞ്ഞു.
ഇന്ത്യയിലും മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 3nm പ്രൊസസർ കരുത്തിലാകും വിവോ X300 സീരീസ് എത്തുകയെന്ന് കരുതപ്പെടുന്നു. ഈ രണ്ട് മോഡലുകളും 200MP ക്യാമറ അടങ്ങുന്ന ഫോട്ടോഗ്രഫി സജ്ജീകരണങ്ങളോടെ എത്തും. വിവോ X300 ന് 1/1.4″ സാംസങ് എച്ച്‌പിബി സെൻസറുള്ള 200MP മെയിൻ ക്യാമറയും X300 പ്രോയില്‍ 1/1.4″ സാംസങ് HPB സെൻസർ സഹിതം 200MP ടെലിഫോട്ടോ ക്യാമറയും ഉണ്ടാകും.
