ഈ വർഷത്തെ നോബല്‍ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർഷവും ഒക്ടോബർ ആറ് മുതല്‍ പത്ത് വരെയുളള തീയതികളിലാണ് വിവിധ മേഖലയിലുളള നോബല്‍ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്.റോയല്‍ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്ബത്തികശാസ്ത്രം എന്നീ മേഖലകളില്‍ ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവർക്ക് നല്‍കുന്ന പുരസ്‌കാരമാണ് നോബല്‍ സമ്മാനം.
ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായാണ് നോബല്‍ സമ്മാനത്തെ കണക്കാക്കുന്നത്. നോബല്‍ പതക്കത്തിനും ബഹുമതി പത്രത്തിനും പുറമേ ജേതാവിന് പത്ത് മില്യണ്‍ സ്വീഡല്‍ ക്രോണ വരെ (2006ലെ കണക്കുപ്രകാരം ആറ് കോടി 26 ലക്ഷം) ലഭിക്കുന്നു. എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കായി നോമിനേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ അക്കാഡമി പെട്ടെന്നൊന്നും പുറത്തുവിടാറില്ല. 50 വർഷം വരെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
ചരിത്രം
1896ല്‍ അന്തരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രണ്ട് നോബലിന്റെ അവസാന വില്‍പത്ര പ്രകാരമാണ് നോബല്‍ പുരസ്‌കാരങ്ങള്‍ ഏർപ്പെടുത്തിയത്. അദ്ദേഹം മരിക്കുന്നതിന് ഒരു വർഷം മുൻപ് തയ്യാറാക്കിയ വില്‍പത്രത്തില്‍ ഇതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ നിർദ്ദേശങ്ങളും ചേർത്തിട്ടുണ്ട്. നോബല്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഈ ബഹുമതികള്‍ക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കില്ല. പകരം അക്കാദമിക് വിദഗ്ദരോ മുൻ നോബല്‍ പുരസ്‌കാര ജേതാക്കളോ പ്രമുഖ ഗവേഷകരോ പാർലമെന്റേറിയൻമാരോ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുളളവരോ ആയിരിക്കണം നാമനിർദ്ദേശം സമർപ്പിക്കേണ്ടത്.
50 വർഷത്തെ രഹസ്യം
ഇത്തരത്തില്‍ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ വിവരങ്ങള്‍ പുരസ്‌കാരം പ്രഖ്യാപിച്ച് 50 വർഷം വരെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. നാമനിർദ്ദേശം ലഭിച്ചവരുടെയും നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെയും വിവരങ്ങള്‍ ഒരു കാരണവശാലും 50 വർഷത്തേക്ക് പുറത്തുവിടരരുതെന്ന് നോബല്‍ ഫൗണ്ടേഷൻ ചട്ടങ്ങളില്‍ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അതായത് 2025ല്‍ ഒരു വ്യക്തിയെ നോബല്‍ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കില്‍ 2075 വരെ ആ വിവരങ്ങള്‍ വെളിപ്പെടുത്താൻ പാടുളളതല്ല.
1901 മുതലാണ് ആദ്യമായി ഈ പുരസ്‌കാരം നല്‍കിതുടങ്ങിയത്. പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി, നിക്ഷ്പക്ഷത,സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യുന്നവരുടെ വിവരങ്ങള്‍ ഉടൻ വെളിപ്പെടുത്തിയാല്‍ പലതരത്തിലുളള സമ്മർദ്ദങ്ങള്‍ക്കും കാരണമായേക്കും. അത്തരത്തിലുണ്ടാകുന്ന ചർച്ചകളുടെ ന്യായയുക്തതയെ അപകടത്തിലാക്കുമെന്നും ഫൗണ്ടേഷൻ വിശദീകരിക്കുന്നു. ബാഹ്യ ഇടപെടലുകളില്‍ നിന്ന് നോബല്‍ സമ്മാനത്തെ സംരക്ഷിക്കുകയെന്ന ആഗ്രഹമുളളതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്.
ഇതിലൂടെ അർഹരായ വ്യക്തികളെ ശുപാർശ ചെയ്യാനുളള സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് നോബല്‍ ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു. 1973ല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിന് നല്‍കിയ സമാധാനത്തിനുളള നോബല്‍ സമ്മാനം വിയറ്റ്നാം യുദ്ധത്തിനിടയില്‍ ആഗോള ചർച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. നാമനിർദ്ദേശം ചെയ്തവരുടെ പേരുകള്‍ പരസ്യമാക്കിയിരുന്നുവെങ്കില്‍ അവർക്ക് രാഷ്ട്രീയ തിരിച്ചടിയോ സമ്മർദ്ദമോ നേരിടേണ്ടി വരുമായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു.
ഹിറ്റ്‌ലറുടെ പേര് പുറത്തായപ്പോള്‍
നോബല്‍ സമ്മാനത്തിന്റെ ചരിത്രത്തില്‍ 1939ല്‍ ഒരു രസകരമായ വിവരം പുറത്തുവന്നിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറിനെ സമാധാനത്തിനുളള നോബല്‍ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്നായിരുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം ഹിറ്റ്‌ലറെ ആക്ഷേപഹാസ്യ പ്രതിഷേധമായാണ് നാമനിർദ്ദേശം ചെയ്തിരുന്നത്. അത് പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഈ വിവരം പുറത്തുവന്നിരുന്നുവെങ്കില്‍ ഇത് കടുത്ത പ്രതിഷേധത്തിന് കാരണമാകുമായിരുന്നു.
ഇപ്പോഴത്തെ അവസ്ഥ
244 വ്യക്തികള്‍ക്കും 94 സംഘടനകള്‍ക്കുമാണ് ഇത്തവണ നാമനിർദ്ദേശമുള്ളത്. സ്വയം പ്രഖ്യാപിത നാമനിർദ്ദേശങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ട്രംപ് അടക്കമുള്ളവരുടെ പേര് ഉയരുന്നത്. ഫ്രാൻസിസ് മാർപാപ്പ, ജയിലില്‍ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്‌ലാ സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ഭാര്യ യൂലിയ, യു.എൻ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസ്, പാലസ്തീനികള്‍ക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി തുടങ്ങിയവരുടെ പേരും ഇത്തരത്തില്‍ കേള്‍ക്കുന്നുണ്ട്.
ഈ വർഷത്തെ സമാധാനത്തിനുളള നോബല്‍ പുരസ്കാരം ആർക്ക്?
സമാധാന നോബല്‍ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുളളൂ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നോബല്‍ പ്രഖ്യാപനം മുൻവർഷങ്ങളിലേക്കാള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഡിസംബർ പത്തിന് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ വച്ചാണ് നോബല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്.
