റഷ്യ പുതിയ ആണവ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പുടിന്റെ അവകാശവാദം.മറ്റ് രാജ്യങ്ങളുടെ മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി, ഏത് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബ്യൂറെവെസ്റ്റ്‌നികിന് കഴിയുമെന്ന് പുടിന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മിസൈലിന്റെ നിര്‍ണായക പരീക്ഷണം പൂര്‍ത്തിയായെന്നും, ഇത് വിന്യസിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സൈനിക കമാന്‍ഡ് യോഗത്തില്‍ പുടിന്‍ വ്യക്തമാക്കി.
ഈ മിസൈല്‍ ലോകത്ത് വേറൊരു രാജ്യങ്ങള്‍ക്കുമില്ലെന്നാണ് റഷ്യയുടെ അവകാശവാദം. ഒക്ടോബര്‍ 21നാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തില്‍ മിസൈല്‍ ഏകദേശം 14,000 കിലോമീറ്റർ സഞ്ചരിച്ചതായും 15 മണിക്കൂറോളം വായുവില്‍ നിലനിന്നതായും ജനറല്‍ വലേരി ജെറാസിമോവ് പറഞ്ഞു.
പരീക്ഷണത്തിലുടനീളം ന്യൂക്ലിയര്‍ പവറിലാണ് മിസൈല്‍ മുന്നോട്ട് പോയതെന്നും, ഏത് തരത്തിലുള്ള പ്രതിരോധ സംവിധാനത്തെയും മറികടക്കാനാകുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തതെന്നും ജെറാസിമോവ് വെളിപ്പെടുത്തി. 9എം730 ബ്യൂറെവെസ്റ്റ്‌നിക് (സ്റ്റോം പെട്രല്‍) എന്ന മിസൈല്‍ എസ്‌എസ്‌സി എക്‌സ് 9 സ്‌കൈഫാള്‍ എന്നും അറിയപ്പെടുന്നു.
പരിധിയില്ലാത്ത ദൂരപരിധിയും പ്രവചനാതീതമായ പറക്കല്‍ ശേഷിയും ഇതിനുണ്ടെന്നും, അതുകൊണ്ട് തന്നെ, ഈ മിസൈല്‍ ഇന്റര്‍സെപ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും റഷ്യ അവകാശപ്പെടുന്നു. ഈ സംവിധാനം സാധ്യമാകുമോയെന്ന ആശങ്ക ചില റഷ്യന്‍ വിദഗ്ധര്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നെന്നും, എന്നാല്‍ ഇത് സാധ്യമാകുമെന്ന് ഇപ്പോള്‍ തെളിയിച്ചതായും പുടിന്‍ വ്യക്തമാക്കി.
മിസൈല്‍ വിന്യാസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പുടിന്‍ ജെറാസിമോവിനോട് നിര്‍ദ്ദേശിച്ചു. റഷ്യയുടെ ആണവ പ്രതിരോധശേഷി ഉയർന്ന തലത്തിലാണെന്ന് ബ്യൂറെവെസ്റ്റ്‌നിക് പരീക്ഷണത്തിന്റെ വിജയം തെളിയിച്ചതായും പുടിന്‍ പറഞ്ഞു. ലോകത്തിലെ ആണവായുധ ശേഖരത്തിന്റെ ഏകദേശം 87 ശതമാനവും യുഎസും റഷ്യയും ചേര്‍ന്നാണ് കൈവശം വച്ചിരിക്കുന്നതെന്നാണ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് ഫെഡറേഷന്റെ (എഫ്‌എഎസ്) കണക്ക്.
