നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിനായി ശരീരത്തില്‍ നടക്കുന്ന രാസപ്രവർത്തനങ്ങളെയാണ് മെറ്റബോളിസം എന്ന് പറയുന്നത്.ഈ ഊർജ്ജം ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങള്‍ക്കും ഏറെ ആവശ്യമാണ്. മെറ്റബോളിസത്തിന്റെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ശരീരത്തിന്റെ വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നത്.
എത്ര ഡയറ്റ് ചെയ്താലും, ജിമ്മില്‍ പോയാലും വണ്ണം കുറയുന്നില്ലെന്ന് തോന്നാറുണ്ടോ? നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നതാണ് ഇതിന് കാരണം. ഇതിനായി ശരീരത്തിന് ആവശ്യമായ ചില ശീലനങ്ങള്‍ പിന്തുടരേണ്ടത് വളരെ ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
- കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് നമ്മള്‍ പലപ്പോഴും കരുതുന്നത്. എന്നാല്‍ കലോറി ഗണ്യമായി കുറയ്ക്കുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി ദിവസം മുഴുവൻ സമീകൃതാഹാരം കഴിക്കുക. രാവിലത്തെ ഭക്ഷണത്തില്‍ മുട്ട, പഴം, ഓട്‌സ് എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.
- പലപ്പോഴും നമ്മള്‍ ചെയ്യുന്ന തെറ്റാണ് വെള്ളം വളരെ കുറച്ച് കുടിക്കുന്നത്. നിർജ്ജലീകരണം മെറ്റാബോളിസത്തെ 2-3% വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസവും കുറഞ്ഞത് 8-12 ഗ്ലാസ് (2.5-3 ലിറ്റർ) വെള്ളം കുടിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ തന്നെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് മെറ്റാബോളിസത്തിന് ഏറെ ഗുണകരമാണ്.
- മെറ്റബോളിസം ശരീരായ രീതിയില്‍ നടക്കുന്നതിന് പ്രോട്ടീൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാർബോഹൈഡ്രേറ്റിനെയും മറ്റ് കൊഴുപ്പുകളെയും അപേക്ഷിച്ച് പ്രോട്ടീനുകള്‍ ദഹിക്കാനും പ്രോസസ്സ് ചെയ്യുന്നതിനുമായി കൂടുതല്‍ ഊർജ്ജം ആവശ്യമാണ്. അതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീൻ കുറവാണെങ്കില്‍, അല്ലെങ്കില്‍ പ്രഭാതഭക്ഷണത്തില്‍ നിന്ന് പ്രോട്ടീൻ ഒഴിവാക്കുകയാണെങ്കില്‍ ഇത് മെറ്റാബോളിസത്തെ മന്ദഗതിയിലാക്കിയേക്കാം. കൂടാതെ പ്രോട്ടീന്റെ അളവ് കുറയുന്നതിന് പേശികളുടെ ബലക്കുറവിനും കാരണമായേക്കാം. അതിനാല്‍ ഭക്ഷണത്തില്‍ മത്സ്യം, ചിക്കൻ, മുട്ട, പയർ, കടല, പനീർ, തൈര് തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്.
- മനുഷ്യ ശരീരത്തിന് ഭക്ഷണം പോലെ തന്നെ ഏറ്റവും ആവശ്യമുള്ള ഒന്നാണ് നല്ല ഉറക്കം. രാത്രി 7 മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് വിശപ്പ് വർധിപ്പിക്കുന്ന “ഘ്രേലിൻ” ഹോർമോണിന്റെ അളവ് കൂട്ടുകയും , വിശപ്പ് കുറയ്ക്കുന്ന “ലെപ്റ്റിൻ” കുറയ്ക്കുകയും ചെയ്യും . കൂടാതെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടാനും ഇത് കാരണമായേക്കാം. അതിനാല്‍ എല്ലാ ദിവസവും 7-9 മണിക്കൂർ വരെ ഉറങ്ങുക. കൂടാതെ രാത്രി 10-11 നും 6-7 നും ഇടയില്‍ ഉറങ്ങാനും എഴുന്നേല്‍ക്കാനും ശീലിക്കുക.
- ദൈനംദിന ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന സമ്മർദ്ദം നമ്മുടെ ഹോർമോണുകളെ ദോഷകരമായി ബാധിക്കും. സ്ട്രെസ് കൂടുന്നത് കോർട്ടിസോള്‍ ഹോർമോണുകളുടെ അളവ് വർധിപ്പിക്കുകയും അടിവയറ്റിലും തുടയിലും കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ സ്ട്രെസ്സ് കുറയ്ക്കുന്നതിനായി ദിവസവും യോഗ ,വ്യായാമം , ഇഷ്ട വിനോദങ്ങളില്‍ ഏർപ്പെടുക തുടങ്ങിയവ ശീലിക്കേണ്ടതാണ്.
