കോവിഡ് വാക്സിനടുത്ത് അവർക്ക് ആറുതരം ക്യാൻസർ രോഗ സാധ്യത കൂടുതൽ; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി കൊറിയൻ പഠനം: വിശദമായി വായിക്കാം

കോവിഡ്-19 മഹാമാരി നാല് വർഷം പിന്നിട്ടിട്ടും വാക്സിനുകള്‍ ഇപ്പോഴും പൊതുചർച്ചകളിലെയും ശാസ്ത്രീയ പഠനങ്ങളിലെയും പ്രധാന വിഷയമായി തുടരുകയാണ്.ഗുരുതരമായ രോഗങ്ങളെയും മരണത്തെയും പ്രതിരോധിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ച കോവിഡ് വാക്സിനുകള്‍ക്ക്, ഹൃദയസംബന്ധമായ സങ്കീർണ്ണതകള്‍ മുതല്‍ ദീർഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വരെ നിരവധി വിവാദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു പുതിയ പഠനം വീണ്ടും ആശങ്കകള്‍ ഉണർത്തിയിരിക്കുകയാണ്. ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്ത ഈ കണ്ടെത്തലുകള്‍ ചർച്ചയായെങ്കിലും, പ്രമുഖ ആരോഗ്യ വിദഗ്ധർ ഇത് “ശാസ്ത്രീയമായി കൃത്യമല്ല” എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ്.

കൊറിയൻ പഠനം പറയുന്നത് എന്ത്?

‘ബയോമാർക്കർ റിസർച്ച്‌’ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍, കോവിഡ്-19 വാക്സിനേഷൻ എടുത്ത വ്യക്തികളില്‍ വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച്‌ ചിലതരം അർബുദങ്ങള്‍ കൂടുതലായി കാണപ്പെടുന്നു എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. 2021 നും 2023 നും ഇടയില്‍ ദക്ഷിണ കൊറിയയിലെ 84 ലക്ഷം മുതിർന്നവരുടെ ആരോഗ്യ രേഖകളാണ് പഠനം വിശകലനം ചെയ്തത്. വാക്സിൻ എടുത്തവർ, എടുക്കാത്തവർ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഒരു വർഷത്തെ കാലയളവില്‍ ഇവരില്‍ കാൻസർ രോഗനിർണയം ട്രാക്ക് ചെയ്തത്. ഫൈസർ, മോഡേണ പോലുള്ള mRNA വാക്സിനുകളും cDNA വാക്സിനുകളും പഠനത്തില്‍ ഉള്‍പ്പെടുന്നു.

പഠനം അവകാശപ്പെടുന്ന വർധനവ്:

തൈറോയ്ഡ് കാൻസർ: 35%, ഗ്യാസ്ട്രിക് കാൻസർ: 34% , പ്രോസ്റ്റേറ്റ് കാൻസർ: 68% , ശ്വാസകോശ കാൻസർ: 53% , സ്തനാർബുദം (സ്ത്രീകളില്‍): 20% , വൻകുടല്‍ കാൻസർ: 28% എന്നിങ്ങനെയാണ് കണക്കുകള്‍. mRNA വാക്സിനുകള്‍ തൈറോയ്ഡ്, ശ്വാസകോശം, വൻകുടല്‍, സ്തനാർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും cDNA വാക്സിനുകള്‍ തൈറോയ്ഡ്, ഗ്യാസ്ട്രിക്, വൻകുടല്‍, ശ്വാസകോശം, പ്രോസ്റ്റേറ്റ് കാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകർ വേർതിരിച്ച്‌ പറയുന്നുണ്ട്.

വിദഗ്ധരുടെ വിമർശനം: ‘ശാസ്ത്രീയമായി കൃത്യമല്ല’

വാക്സിനേഷൻ എങ്ങനെ കാൻസറിന് കാരണമാകുമെന്നതിന് ജൈവശാസ്ത്രപരമായ ഒരു വിശദീകരണവും നല്‍കിയിട്ടില്ല എന്ന് പഠനം തന്നെ സമ്മതിക്കുന്നുണ്ട്. വാക്സിനെടുത്ത ശേഷം ഒരു വർഷത്തിനുള്ളില്‍ രോഗനിർണയം നടത്തിയ സമയം മാത്രമാണ് ഗവേഷകർ നിരീക്ഷിച്ചത്. ഈ കണ്ടെത്തലുകളെയാണ് അന്താരാഷ്ട്ര വിദഗ്ധർ ശക്തമായി ചോദ്യം ചെയ്യുന്നത്.

അമേരിക്കയിലെ ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയിലെ ഡോ. ബെഞ്ചമിൻ മേജർ ഈ അവകാശവാദങ്ങളെ പൂർണ്ണമായും നിരാകരിച്ചു. അദ്ദേഹത്തിന്റെ പ്രധാന വാദങ്ങള്‍ ഇവയാണ്:

കാൻസറിന് ദീർഘകാല നിരീക്ഷണം വേണം:

കാൻസർ രൂപപ്പെടാനും വളരാനും രോഗനിർണയം നടത്താനും വർഷങ്ങള്‍ എടുക്കും. ഈ ഗവേഷണം അവകാശപ്പെടുന്നത്ര വേഗത്തില്‍ കാൻസർ വികസിക്കുന്നില്ല. അതിനാല്‍, ഒരു വർഷത്തെ നിരീക്ഷണം മാത്രം മതിയാവില്ല.”

ഡാറ്റയിലെ പൊരുത്തക്കേട്:

വാക്സിനുകള്‍ കാൻസറിന് കാരണമായിരുന്നുവെങ്കില്‍, ഭൂരിഭാഗം ജനങ്ങളും വാക്സിനേഷൻ എടുത്ത 2022-ഓടെ കൊറിയയില്‍ ഈ കാൻസർ കേസുകളില്‍ ഗണ്യമായ വർധനവ് ഉണ്ടാകുമായിരുന്നു. എന്നാല്‍ കൊറിയൻ കാൻസർ അസോസിയേഷന്റെ ഔദ്യോഗിക ഡാറ്റയില്‍ അത്തരമൊരു കുതിച്ചുചാട്ടം കാണിക്കുന്നില്ല എന്നും ഡോ. മേജർ ചൂണ്ടിക്കാട്ടി.

ജൈവിക സംവിധാനത്തിന്റെ അഭാവവും ഹ്രസ്വമായ നിരീക്ഷണ കാലയളവും കാരണം, ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തിടുക്കത്തില്‍ നിഗമനങ്ങളില്‍ എത്തുന്നത് ശരിയല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. നിർണായകമായ ശാസ്ത്രീയ തെളിവുകളില്ലാതെ വാക്സിനുകളെ കാൻസറുമായി ബന്ധിപ്പിക്കുന്നത് പൊതുജനങ്ങളില്‍ ഭയവും തെറ്റായ വിവരങ്ങളും പടരാൻ കാരണമാകുമെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

വാക്സിൻ എടുത്തവരില്‍ കാൻസർ നേരത്തെ കണ്ടെത്തിയ സാധ്യതകളും, വാക്സിൻ എടുക്കാത്തവരില്‍ രോഗനിർണയം വൈകിയ സാധ്യതകളും ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ ഈ പഠനത്തില്‍ ശരിയായി പരിഗണിച്ചിട്ടില്ല എന്നും വിമർശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *