സ്വർണ്ണവിലയുടെ നീക്കം എങ്ങനെ? വിൽക്കണോ, വാങ്ങണോ? വിദഗ്ധ വിലയിരുത്തലുകൾ വായിക്കാം

കൂറ്റൻ മുന്നേറ്റത്തിന് ശേഷം സ്വർണം കിതക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.ഒമ്ബത് ആഴ്ചത്തെ നേട്ടം അവസാനിപ്പിച്ച്‌ 3 ശതമാനം ഇടിവാണ് സ്വർണത്തില്‍ ഉണ്ടായത്. പ്രധാന ആഗോള സംഭവങ്ങള്‍ക്ക് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്തതാണ് ഇതിന് കാരണം.

വില കുറഞ്ഞ് തുടങ്ങിയതോടെ സ്വർണം വാങ്ങാനായി കൂടുതല്‍ പേർ ജ്വല്ലറികളിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് തന്നെയാണോ വാങ്ങാൻ ഉചിതമായ സമയം, അതോ കാത്തിരിക്കേണ്ടതുണ്ടോയെന്നതാണ് പ്രധാന ചോദ്യം.

‘പ്രസിഡൻ്റ് ട്രംപും ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ലാഭമെടുക്കല്‍ നടന്നതോടെയാണ് സ്വർണ്ണം കഴിഞ്ഞയാഴ്ച 3 ശതമാനം ഇടിഞ്ഞ് ഒമ്ബത് ആഴ്ചത്തെ തുടർച്ചയായ നേട്ടം അവസാനിപ്പിച്ചത്.വ്യാപാര ചർച്ചകളിലെ പുരോഗതി സുരക്ഷിത നിക്ഷേപങ്ങളുടെ ആവശ്യകത കുറച്ചു’,ആക്സിസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച്‌ അനലിസ്റ്റ് ദേവേയ ഗഗ്ലാനി പറഞ്ഞു. യുഎസ് ഫെഡറല്‍ റിസർവ്, യൂറോപ്യൻ സെൻട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാൻ എന്നിവയുടെ നയപരമായ പ്രഖ്യാപനങ്ങളിലേക്ക് ഇപ്പോള്‍ വിപണി ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതീക്ഷിച്ചതിലും കുറഞ്ഞ സിപിഐ ഡാറ്റയ്ക്ക് ശേഷം ഫെഡ് 0.25 ബേസിസ് പോയിൻ്റ് പലിശ നിരക്ക് കുറയ്ക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കുന്നുണ്ട്’, ഗഗ്ലാനി അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും ഇന്ത്യയില്‍ സ്വർണ്ണത്തിന് റെക്കോർഡ് വില വർദ്ധിച്ചതിനാല്‍ ഭൗതികപരമായ ആവശ്യകത കുറഞ്ഞിട്ടുണ്ട്. സ്വർണ്ണവില ഹ്രസ്വകാലത്തേക്ക് കൂടി ഒരു നിശ്ചിത പരിധിക്കുള്ളില്‍ തുടരാം. കാര്യമായ കുറവ് വരാൻ സാധ്യതയില്ല, എന്നാല്‍ പുതിയ ആഗോള അനിശ്ചിതത്വങ്ങള്‍ ഉയർന്നുവന്നില്ലെങ്കില്‍ വലിയ വർദ്ധനവിന് തടസ്സങ്ങള്‍ നേരിട്ടേക്കാം. ഇന്ത്യൻ നിക്ഷേപകർ തിരക്ക് കൂട്ടാതെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതാണ് ഉത്തമം, അദ്ദേഹം പറഞ്ഞു.

‘യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, യുഎസ് ഫെഡറല്‍ റിസർവിൻ്റെ പ്രഖ്യാപനം, നിരവധി പ്രധാന ടെക് കമ്ബനികളുടെ വരുമാന റിപ്പോർട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന സംഭവങ്ങള്‍ കാരണം ഈ ആഴ്ച സ്വർണ വിപണിയെ സംബന്ധിച്ച്‌ ഏറെ നിർണായകമാണ്’, ആസ്പെക്‌ട് ബുളിയൻ & റിഫൈനറി സിഇഒ ദർശൻ ദേശായി പറഞ്ഞു. ‘വ്യാപാരക്കരാറിനെക്കുറിച്ചുള്ള നല്ല വാർത്തകളോ ഡോളറിൻ്റെ കൂടുതല്‍ നേട്ടങ്ങളോ സ്വർണ്ണത്തില്‍ കൂടുതല്‍ ലാഭമെടുക്കാൻ ഇടയാക്കും. കൂടാതെ, ഫെഡറല്‍ റിസർവ് പ്രതീക്ഷിച്ചതിലും കുറഞ്ഞ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനാണ് ബുധനാഴ്ചത്തെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നതെങ്കില്‍, അത് സ്വർണ്ണവിലയില്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്തും’, അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്വർണ വില

രാജ്യാന്തര വിലയിലെ ഇടിവിന്റെ ചുവടുപറ്റി കേരളത്തിലും ഇന്ന് സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുടേയും കുറവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന്11,410 രൂപയിലും പവന് 91,280 രൂപയുമാണ് ഇന്ന് വില.

970000 വരെ എത്തിയ സ്വർണ വിലയാണ് ഇപ്പോള്‍ കുത്തനെ വീണത്. സ്വർണ വില കുറഞ്ഞത് കേരളത്തിലെ ഉപഭോക്താക്കളിലും ആവേശം തീർക്കുന്നുണ്ട്. എന്നാല്‍ വലിയ ആവേശം ഇപ്പോള്‍ കാണിക്കേണ്ടതില്ലെന്ന് ആവർത്തിക്കുകയാണ് വിദഗ്ധർ. അത്തരത്തില്‍ വില ഉയർന്നാല്‍ സ്വർണത്തിന് പവന് ഒരു ലക്ഷം കടക്കാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. അതേസമയം സ്വർണം വില ഉയരുമെന്ന ആവേശത്തില്‍ നിക്ഷേപ താത്പര്യത്തോടെ വാങ്ങിവെയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആഭരണങ്ങള്‍ക്ക് പകരം സ്വർണക്കട്ടിയോ നാണയങ്ങളോ വാങ്ങി വെയ്ക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വില കുറയുമ്ബോള്‍ പഴയ സ്വർണം കൊടുക്കാൻ കൂട്ടത്തോടെ ആളുകള്‍ എത്തുന്നത് ജ്വല്ലറികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *