വിമാനങ്ങളിൽ പവർ ബാങ്ക് നിരോധനം ഏർപ്പെടുത്താൻ ഡിജിസിഐ; കാരണമെന്തെന്ന് വിശദമായി വായിക്കാം

വിമാനങ്ങളില്‍ പവർ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ. ഇൻഡിഗോ വിമാനത്തില്‍ അടുത്തിടെയുണ്ടായ തീപിടുത്തത്തെത്തുടർന്നാണ് ഇന്ത്യൻ വിമാനങ്ങളില്‍ പവർ ബാങ്കുകള്‍ കൊണ്ടുപോകുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പരിഗണിക്കാൻ ഡിജിസിഎ ഒരുങ്ങുന്നത്.തീപിടുത്ത സാധ്യത കാരണം അന്താരാഷ്ട്ര വിമാനക്കമ്ബനികള്‍ ലിഥിയം-അയണ്‍ ബാറ്ററികളുടെ ഉപയോഗം, സംഭരണം, ചാർജ് ചെയ്യല്‍ എന്നിവയില്‍ ഇതിനകം തന്നെ പരിധികള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ചയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിനിടെ ഡല്‍ഹി-ദിമാപൂർ ഇൻഡിഗോ വിമാനത്തില്‍ ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചത്. ക്യാബിൻ ക്രൂ ഉടൻ തന്നെ തീ അണച്ചതിനാല്‍ വലിയൊരു അപകടം ഒഴിവാക്കുകയായിരുന്നു. സുരക്ഷാ സവിശേഷതകളില്ലാത്ത വിലകുറഞ്ഞതോ ബ്രാൻഡ് ചെയ്യാത്തതോ ആയ പവർ ബാങ്കുകള്‍ അമിതമായി ചൂടാകുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാൻ സാധ്യതയുള്ളതാണ്. ലിഥിയം ബാറ്ററിയില്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ സുരക്ഷാ ആശങ്കകള്‍ ആഗോളതലത്തില്‍ തന്നെ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ ഈ തീരുമാനം.

ഇക്കാര്യത്തില്‍, യാത്രക്കാരും വിമാനക്കമ്ബനികളും വിമാനങ്ങളില്‍ പവർ ബാങ്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ കുറിച്ച്‌ ഡിജിസിഎ സമഗ്രമായ ഒരു അവലോകനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യതകള്‍ ഫലപ്രദമായി ലഘൂകരിക്കാൻ കഴിയുന്നില്ലെങ്കില്‍ വിമാനത്തിനുള്ളില്‍ പവർ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനോ, വൈദ്യുതി ശേഷിയില്‍ നിർബന്ധിത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതിനോ, പൂർണ്ണമായും നിരോധിക്കുന്നതിനോ ആണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *