ഡല്‍ഹി റെഡ് ഫോർട്ട് സ്ഫോടന ഗൂഢാലോചനയിലെ പ്രധാന പ്രതികളില്‍ ഒരാളായ ജാസിർ ബിലാല്‍ വാണി എന്ന ‘ദാനിഷി’ന്റെ ഫോണില്‍ നിന്നും നിർണ്ണായക തെളിവുകള്‍ കണ്ടെത്തി.ഇയാളുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫോള്‍ഡറില്‍ നിന്ന് നിരവധി ഡ്രോണുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് എൻഐഎ കണ്ടെത്തിയത്.
ഡ്രോണ്‍ ചിത്രങ്ങളില്‍ പലതും ഹമാസ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതിന് സമാനമായതാണ്. ഇതിലൂടെ ഭീകര പ്രവർത്തനങ്ങള്‍ക്കായി ‘ഹമാസ് പാറ്റേണ്‍’ പിന്തുടരാൻ ഇവർ ശ്രമിച്ചതായാണ് സൂചന. ഡ്രോണുകളില്‍ സ്ഫോടകവസ്തുക്കള്‍ എങ്ങനെ ഘടിപ്പിക്കാമെന്ന് കാണിക്കുന്ന വീഡിയോകളും ദാനിഷിന്റെ ഫോണില്‍ ഉണ്ടായിരുന്നു. പ്രത്യേക ആപ്ലിക്കേഷൻ വഴിയാണ് ഇയാള്‍ക്ക് ഈ വീഡിയോകള്‍ ലഭിച്ചത്. ചില വിദേശ നമ്ബറുകളും ഈ ആപ്പില്‍ കണ്ടെത്തിയിട്ടുണ്ട്.
25 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന, കൂടുതല്‍ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകള്‍ നിർമ്മിക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കുറഞ്ഞ ചിലവില്‍ നിലത്തുനിന്നോ കൈകൊണ്ടോ വിക്ഷേപിക്കാൻ കഴിയുന്ന റോക്കറ്റുകളെക്കുറിച്ചും ഈ സംഘം പഠനം നടത്തിയിരുന്നു. ഇത്തരം റോക്കറ്റുകള്‍ ഹമാസ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനും വേഗത്തില്‍ ആക്രമണം നടത്താനും വേണ്ടിയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
ദാനിഷ് ഡ്രോണുകള്‍ രൂപമാറ്റം വരുത്തുന്നതില്‍ വിദഗ്ദ്ധനാണ്. ഭീകരാക്രമണങ്ങള്‍ നടത്താനായി ഡ്രോണുകള്‍ പരിഷ്കരിക്കാനും റോക്കറ്റുകള്‍ നിർമ്മിക്കാനും ഇയാള്‍ സാങ്കേതിക സഹായം നല്‍കിയതായി എൻഐഎ പറയുന്നു. ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലക്കാരനായ ദാനിഷിനെ കഴിഞ്ഞ മാസം 17നാണ് ശ്രീനഗറില്‍ വച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. ഡല്‍ഹി റെഡ് ഫോർട്ടില്‍ നടന്ന കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യാൻ തീവ്രവാദി ഉമർ ഉൻ നബിയുമായി ചേർന്ന് ഇയാള്‍ പ്രവർത്തിച്ചിരുന്നതായും എൻഐഎ അറിയിച്ചു.
