വാട്സ്‌ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മള്‍ ഏതെങ്കിലും ഒരാള്‍ക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കില്‍ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം.നിരവധി പേർക്ക് പല രീതിയില്‍ ഉപകാരപ്രദമായ ഈ ഓപ്‌ഷൻ ലോകമെമ്ബാടുമുള്ള വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍ എന്താണ് ഈ ഡിലീറ്റ് ചെയ്ത മെസ്സേജ് എന്നുള്ള ആകാംക്ഷ സ്വാഭാവികമായും നമ്മളില്‍ ഉണ്ടാകില്ലേ? അത് കണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്.
അതെ, ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ നമുക്ക് വായിക്കാൻ കഴിയും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നമ്മുടെ ഫോണ്‍ സെറ്റിങ്സിലെ നോട്ടിഫിക്കേഷൻ എന്ന ഓപ്‌ഷനിലേക്ക് പോകുക. അവയിലെ അഡ്വാൻസ്ഡ് സെറ്റിങ്‌സ് ഓപ്‌ഷൻ തെരഞ്ഞെടുത്ത ശേഷം നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ഓപ്‌ഷൻ ഓണ്‍ ആക്കുക. ഒരാള്‍ അയച്ച ശേഷം ഡിലീറ്റ് ചെയ്ത മെസേജുകള്‍ നോട്ടിഫിക്കേഷൻ ഹിസ്റ്ററിയില്‍ കാണാനായി സാധിക്കും.
അതേസമയം, ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മികച്ച അപ്ഡേറ്റുകളും മെറ്റ കൊണ്ടുവരുന്നുണ്ട്. ഫേസ്ബുക്കില്‍ നമ്മളൊരു പോസ്റ്റിട്ടാല്‍ അത് എല്ലാവരെയും അറിയിക്കാൻ ടാഗ് ചെയ്ത് കഷ്ടപ്പെടേണ്ട അവസ്ഥയായിരുന്നു ഒരു സമയത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അവർ @everyone എന്നൊരു ഓപ്ഷൻ കൊണ്ടുവന്ന് അതങ്ങ് പരിഹരിച്ചു. ഇപ്പോഴിതാ വാട്‌സ്‌ആപ്പിലും സമാനമായ ഒരു സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് മെറ്റ. ഗ്രൂപ്പ് ചാറ്റുകളിലാണ് ഈ സംവിധാനം വരുന്നത്. ഗ്രൂപ്പ് ചാറ്റിലെ പോസ്റ്റ് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്താൻ @all എന്ന ഓപ്ഷനാണ് വാട്‌സ്‌ആപ്പിന്റെ ഓഫർ. ഇത് സമയം കളയുകയുമില്ല ടാഗ് ചെയ്യാനുള്ള ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യും.
എല്ലാവരെയും മെൻഷൻ ചെയ്യാൻ സാധിക്കുന്ന ഈ ‘മെന്‍ഷന്‍ ഓള്‍’ ഫീച്ചർ വഴി ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും നോട്ടിഫിക്കേഷൻ ലഭിക്കും. അംഗങ്ങളുടെ സെറ്റിങ്‌സ് ഏത് തരത്തിലാണെന്നുള്ളത് ഇതിനെ ബാധിക്കില്ല. ഗ്രൂപ്പ് മെസേജുകളില്‍ പ്രധാനപ്പെട്ട മെസേജുകള്‍ അംഗങ്ങള്‍ വിട്ടുപോകാതിരിക്കാനും ഇതൊരു പരിഹാരമാണ്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേറ്റില്‍ ചില ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവില്‍ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളുവെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചർ ലഭ്യമാകും.
പക്ഷേ ചില നിബന്ധനകളും ഇതിനുണ്ട്. 32 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണെങ്കില്‍ എല്ലാ അംഗങ്ങള്‍ക്കും ഈ ഫീച്ചർ ഉപയോഗിക്കാം. എന്നാല്‍ 32ല്‍ അധികം പേരുള്ള ഗ്രൂപ്പോ കമ്മ്യൂണിറ്റിയോ ആണെങ്കില്‍ അഡ്മിന് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ. അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാനും ചാറ്റുകള്‍ക്കിടയില്‍ ഒരു ശല്യമുണ്ടാവാതിരിക്കാനുമാണ് ഈ രീതി.
ഇനി നോട്ടിഫിക്കേഷനുകള്‍ മൂലം ബുദ്ധിമുട്ടാതിരിക്കാനും, ലഭിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ നമ്മുടെ പ്രയോരിറ്റി നിശ്ചയിക്കാനും ഗ്രൂപ്പ് ചാറ്റ് ഇൻഫർമേഷൻ സ്‌ക്രീൻ വഴി സാധിക്കും. യൂസർമാർക്ക് @all നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യാനും സാധിക്കും. ഗ്രൂപ്പിലുടനീളമുള്ള നോട്ടിഫിക്കേഷൻസ് മൂലം ബുദ്ധിമുട്ടാതിരിക്കാൻ ഗ്രൂപ്പ് മുഴുവനായും മ്യൂട്ട് ചെയ്താലും ഈ സെറ്റിങ്‌സ് നിലനില്‍ക്കും.
