ഇന്ത്യയിലെ എക്സ് മുസ്ലിം സംഘടനയിലെ പ്രമുഖരില്‍ ഒരാളായ സാഹില്‍ വീണ്ടും ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്.തന്റെ മാതാവിന്റെ അവസാന ആഗ്രഹം നടപ്പിലാക്കുന്നതിനായി താൻ തിരികെ മതവിശ്വാസത്തിലേക്ക് തിരിച്ചുപോവുകയാണെന്ന് സാഹില്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് വിഡിയോയില്‍ വ്യക്തമാക്കി. വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സാഹില്‍ യൂട്യൂബ് ചാനല്‍ ഡിലീറ്റ് ചെയ്തു.
‘ഞാൻ ഈ ആക്ടിവിസം അവസാനിപ്പിക്കുകയാണ്. ആളുകള്‍ക്ക് എന്നെ വിമർശിക്കാം, കളിയാക്കാം, അതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എനിക്കാഗ്രഹമില്ലെങ്കില്‍ പോലും നാളെ മുതല്‍ ഞാൻ ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കേണ്ടി വരും’ എന്ന് സാഹില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഗോളതലത്തില്‍ എക്സ് മുസ്ലിം സംഘടനയുടെ പ്രധാന ആക്ടിവിസ്റ്റുകളിലൊരാളായി സാഹില്‍ മാറിയിരുന്നു. മറിയം നമാസി, സഫർ ഹെറെറ്റിക്, ഹാരിസ് സുല്‍ത്താൻ, ആദം സീക്കർ, അയാൻ ഹിർസി അലി തുടങ്ങിയ പ്രമുഖരുടെ പട്ടികയില്‍ സാഹിലും ഉള്‍പ്പെട്ടിരുന്നു. എക്സ് മുസ്ലിം സാഹില്‍ അണ്‍സെൻസേർഡ് എന്ന യൂട്യൂബ് ചാനലില്‍ രണ്ടര ലക്ഷത്തോളം സബ്സ്ക്രൈബർമാരുണ്ട്. 2023ല്‍ അഞ്ചുലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള മറ്റൊരു ചാനല്‍ യൂട്യൂബ് ബ്ലോക്ക് ചെയ്തിരുന്നു. തന്റെ തിരിച്ചുപോക്ക് വിശദീകരിച്ച വിഡിയോ ഇട്ടതിന് പിന്നാലെ സാഹില്‍ ചാനല്‍ ഡിലീറ്റ് ചെയ്തു.
മുസ്ലിം കുടുംബത്തില്‍ ജനിച്ച സാഹില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് യുക്തിവാദത്തിലേക്ക് തിരിയുന്നത്. മതപണ്ഡിതന്മാരും, പ്രഭാഷകരുമടക്കമുള്ള നിരവധിയാളുകള്‍ സാഹിലിന്റെ ചാനലില്‍ നടന്ന ചർച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ അമ്മയുടെ ആഗ്രഹപ്രകാരം മാത്രമാണ് മതവിശ്വാസത്തിലേക്ക് തിരികെ പോകാൻ തീരുമാനിച്ചതെന്ന് സാഹില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാഹിലിന്റെ മാതാവ് അടുത്തിടെ മരണപ്പെട്ടിരുന്നു.
