ആറു ദിവസം കൊണ്ട് നേടിയത് 58.5 കോടി; ബോക്സ് ഓഫീസ് തൂക്കിയടിച്ച് കളങ്കാവൽ: മമ്മൂട്ടി ചിത്രത്തിൻറെ കളക്ഷൻ കണക്കുകൾ വായിക്കാം

കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘കളങ്കാവല്‍’ ബോക്‌സ് ഓഫീസില്‍ റെക്കോർഡ് കുതിപ്പ് തുടരുകയാണ്.വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനായും എത്തിയ ഈ ചിത്രം റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന പ്രത്യേകതയുമുണ്ട്.

ഡിസംബർ 5ന് റിലീസ് ചെയ്ത ചിത്രം ആറ് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 58.50 കോടി രൂപയാണ് നേടിയതെന്ന് പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ ഇന്ത്യ നെറ്റ് 24.30 കോടി, ഓവർസീസ് (വിദേശ കളക്ഷൻ) 29.90 കോടി, ഇന്ത്യ ഗ്രോസ് 28.60 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

ഏഴാം ദിവസത്തോടെ ‘കളങ്കാവല്‍’ 60 കോടി എന്ന സംഖ്യയും പിന്നിടുമെന്നാണ് ബുക്കിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 15.65 കോടിയായിരുന്നു ആദ്യദിനം ചിത്രം ആഗോളതലത്തില്‍ നേടിയത്. തുടർന്നുള്ള ദിവസങ്ങളില്‍ 15.60 കോടി, 13 കോടി, 5.45 കോടി, 5.15 കോടി, 4 കോടിയിലധികം എന്നിങ്ങനെയാണ് കളക്ഷൻ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ആറ് ദിവസം കൊണ്ട് 23.6 കോടി രൂപ നേടിയ ചിത്രം, കർണാടകയില്‍ 2.25 കോടി, തമിഴ്‌നാട്ടില്‍ 1.63 കോടി, ആന്ധ്ര-തെലങ്കാനയില്‍ 32 ലക്ഷം എന്നിങ്ങനെയും കളക്ഷൻ നേടിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ സമീപകാല പ്രകടനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ വിജയമാണ് ‘കളങ്കാവല്‍’.

Leave a Reply

Your email address will not be published. Required fields are marked *