ബംഗലൂരുവിൽ ബ്ലോക്ക് ഉണ്ടാകുന്നത് വെറുതെയാണോ; ഏഴുമാസത്തിനിടയിൽ നിരത്തിലിറങ്ങിയത് നാലുലക്ഷം വാഹനങ്ങൾ: കണക്കുകൾ ഇങ്ങനെ

ഗതാഗതത്തിരക്കില്‍ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരം സ്വകാര്യ വാഹനങ്ങളുടെ പെരുപ്പത്താല്‍ കൂടുതല്‍ സമ്മർദ്ദത്തിലായിരിക്കുകയാണ്.കഴിഞ്ഞ ഏഴ് മാസത്തെ വാഹന രജിസ്ട്രേഷൻ കണക്കുകള്‍ നഗരത്തിന്റെ യാത്രാപ്രശ്നം എത്രത്തോളം വഷളായി എന്ന് വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബർ അവസാനം വരെയുള്ള കാലയളവില്‍ ഏകദേശം നാല് ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് നഗരത്തില്‍ രജിസ്റ്റർ ചെയ്ത് നിരത്തിലിറങ്ങിയത്.

ഈ ഏഴ് മാസത്തിനിടെ, 3,03,201 ഇരുചക്ര വാഹനങ്ങളും 84,963 കാറുകളും ഉള്‍പ്പെടെ ആകെ 3,88,164 വാഹനങ്ങളാണ് നഗരത്തില്‍ പുതിയതായി രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ പുതിയ വാഹനങ്ങളുടെ എണ്ണത്തില്‍ 10 ശതമാനത്തോളം വർധനവാണ് ഈ റിപ്പോർട്ട് കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ മാസത്തെ കണക്കുകളും വർധന സൂചിപ്പിക്കുന്നു. ഏപ്രിലില്‍ 36,888 ഇരുചക്ര വാഹനങ്ങളും 12,278 കാറുകളും രജിസ്റ്റർ ചെയ്ത സ്ഥാനത്ത്, മേയില്‍ 39,086 ഇരുചക്രവാഹനങ്ങളും 11,225 കാറുകളും പുതിയതായി രജിസ്റ്റർ ചെയ്തു. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വാഹന രജിസ്ട്രേഷൻ വലിയ അളവില്‍ തുടർന്നു. സെപ്റ്റംബറില്‍ 38,990 ഇരുചക്രവാഹനങ്ങളും 9,997 കാറുകളുമാണ് നഗരത്തില്‍ രജിസ്റ്റർ ചെയ്തത്. എന്നാല്‍, ദീപാവലി ഉത്സവകാലമായിരുന്ന ഒക്ടോബറിലാണ് ഈ ഏഴ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഒക്ടോബറില്‍ 59,863 ഇരുചക്രവാഹനങ്ങളും 15,953 കാറുകളും നിരത്തിലിറങ്ങി.

പുതിയ നാല് ലക്ഷത്തോളം വാഹനങ്ങള്‍ കൂടി എത്തിയതോടെ ബെംഗളൂരുവിലെ സ്വകാര്യവാഹനങ്ങളുടെ ആകെ എണ്ണം 1.09 കോടിയിലെത്തി. നഗരത്തിലെ ജനസംഖ്യ ഏകദേശം ഒന്നര കോടിയിലെത്തിയിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, ജനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം കേവലം 40 ലക്ഷം മാത്രമാണ്. ശരാശരി കണക്കാക്കുമ്ബോള്‍ ബെംഗളൂരുവിലെ ഒരു കുടുംബത്തിന് രണ്ടില്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഇന്ന് സ്വന്തമായുണ്ട്.

സ്വകാര്യ വാഹനങ്ങളുടെ മാത്രം കണക്കാണിത്. വാണിജ്യ, പൊതുഗതാഗത വാഹനങ്ങള്‍ കൂടി പരിഗണിക്കുമ്ബോള്‍ നഗരത്തില്‍ ആകെ 1.9 കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ആകെ 3.6 കോടി വാഹനങ്ങളുള്ളതില്‍ പകുതിയില്‍ അധികവും തലസ്ഥാനമായ ബെംഗളൂരുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കും അനുബന്ധ പ്രശ്നങ്ങളും കൂടുതല്‍ രൂക്ഷമാകുന്നതിന് കാരണമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *