രാജ്യത്തെ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്നത് 67000 കോടി രൂപ; പൂർവികരുടെ നിക്ഷേപം അറിയാതെ പോയിട്ടുണ്ടെങ്കിൽ പലിശ സഹിതം തിരികെ കിട്ടും: ലളിതമായി പരിശോധിക്കേണ്ടത് എങ്ങനെ?

രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. 67,000 കോടി രൂപയിലധികം വരുന്ന തുകയ്ക്ക് ദീർഘകാലമായി അവകാശികളാരും വന്നിട്ടില്ല.ഈ പണത്തിന്റെ അവകാശികളെ കണ്ടെത്താനും, പണം തിരികെ നല്‍കാനും സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

67,270 കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ പൊതുമേഖലാ ബാങ്കുകളില്‍ 58,400 കോടി രൂപയും സ്വകാര്യ ബാങ്കുകളില്‍ 8,600 കോടി രൂപയുമാണുള്ളത്. ഈ പണം കണ്ടെത്താൻ സഹായിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) UDGAM എന്ന പേരില്‍ ഒരു പോർട്ടല്‍ ആരംഭിച്ചിട്ടുണ്ട്.

‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പേരില്‍ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഒക്ടോബർ മാസത്തില്‍ ഒരു പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. ഈ പ്രചാരണം ഒക്ടോബർ മുതല്‍ ഡിസംബർ വരെ രാജ്യവ്യാപകമായി നടക്കും. മറന്നുപോയ ബാങ്ക് നിക്ഷേപങ്ങള്‍, ഇൻഷുറൻസ് ക്ലെയിമുകള്‍, ഓഹരികള്‍ എന്നിവയില്‍ നിന്നുള്ള പണം കണ്ടെത്താനും വീണ്ടെടുക്കാനും ഇത് സഹായിക്കും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ കാര്യക്ഷമമായി തീർപ്പാക്കുന്നതിനായി ഒരു വർഷത്തെ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ രൂപയും അതിന്റെ യഥാർത്ഥ ഉടമസ്ഥനിലേക്ക് എത്തുന്നുവെന്ന് ഇത് ഉറപ്പാക്കുകയാണ് ലക്ഷ്യം.

എസ്ബിഐയിലാണ് കൂടുതല്‍ തുക അവകാശികള്‍ വരാതെ കിടക്കുന്നത്. 19,330 കോടി എസ്ബിഐയില്‍ ഉള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 6911 കോടിയും കനറാ ബാങ്കില്‍ 6278 കോടിയും കെട്ടിക്കിടക്കുന്നു. സ്വകാര്യബാങ്കുകളില്‍ ഐസിഐസിഐ (2063 കോടി), എച്ച്‌ഡിഎഫ്‌സി (1610 കോടി), ആക്‌സിസ് ബാങ്ക് (1360 കോടി) എന്നീ ബാങ്കുകളിലാണ് കൂടുതല്‍ തുക കെട്ടിക്കിടക്കുന്നത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചതാണിക്കാര്യം.

10 വർഷമായി പ്രവർത്തനരഹിതമായ ഏതൊരു ബാങ്ക് അക്കൗണ്ടും, നിക്ഷേപവും അവകാശികളില്ലാത്ത പണമായി കണക്കാക്കും. ഇതില്‍ സേവിംഗ്സ് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റുകള്‍ (FD), റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ (RD) എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കാലാവധി പൂർത്തിയായിട്ടും കൈപ്പറ്റാത്ത നിക്ഷേപങ്ങളും ഇതില്‍പ്പെടും.

അവകാശികള്‍ വരാത്ത പണത്തിന് എന്ത് സംഭവിക്കുന്നു?

10 വർഷത്തിനു ശേഷം ഈ പണം റിസർവ് ബാങ്കിന്റെ DEA ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക. ബാങ്ക് നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിന്റെ നിക്ഷേപക വിദ്യാഭ്യാസ ബോധവല്‍ക്കരണ ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എന്നിരിക്കിലും, യഥാർത്ഥ ഉടമയ്‌ക്കോ നിയമപരമായ അനന്തരാവകാശികള്‍ക്കോ അതേ ബാങ്കില്‍ പോയി മുഴുവൻ തുകയും ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്. ബാങ്ക് പണത്തിന് ബാധകമായ പലിശ സഹിതം തിരികെ നല്‍കാൻ ബാങ്ക് ബാധ്യസ്ഥരാണ്. പിന്നീട് റിസർവ് ബാങ്ക് ഫണ്ടില്‍ നിന്ന് ഈ തുക ബാങ്കിന് തിരിച്ചെടുക്കാനും കഴിയും. ഇത്തരം ക്ലെയിമുകള്‍ക്ക് സമയപരിധിയില്ല.

UDGAM പോർട്ടല്‍ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരയാൻ സാധിക്കും. മുപ്പതിലധികം ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ക്കിടയില്‍ നിങ്ങളുടെ പേരുവിവരങ്ങളുണ്ടോയെന്ന് തിരയാവുന്നതാണ്. പേര്, മൊബൈല്‍ നമ്ബർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച്‌ തിരയാം. ഈ വിവരങ്ങളെല്ലാം പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ പണം തിരികെ അവകാശപ്പെടാവുന്നതാണ്.

പൂർവ്വികരാരെങ്കിലും വലിയ തുക ബാങ്കില്‍ നിക്ഷേപിച്ച്‌ നിശ്ശബ്ദമായി കടന്നു പോയിരിക്കുമോ? UDGAM പോർട്ടല്‍ വഴി ഒന്ന് തിരഞ്ഞു നോക്കാവുന്നതാണ്!

Leave a Reply

Your email address will not be published. Required fields are marked *