ഹൃദയാരോഗ്യത്തിന് ഏറ്റവും ഫലപ്രദം; അറിയാം ‘ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ്’ വ്യായാമരീതി: വിശദാംശങ്ങൾ

ശരീരത്തിന്റെ ഊർജസ്വലത കാത്തുസൂക്ഷിക്കാൻ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ഭൂരിഭാഗം ആളുകളും നടത്തം ഒരു വ്യായാമമായി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം. എന്നാല്‍ നടത്തം വ്യായാമമുറയായി സ്വീകരിക്കുമ്ബോള്‍ ദിവസവും നടക്കേണ്ട ചുവടുകളുടെ എണ്ണം കണക്കാക്കേണ്ടത് അത്യാവശ്യമാണ്. അയ്യായിരം മുതല്‍ ഏഴായിരം സ്റ്റെപ്പുകള്‍ വരെ നടക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായകരവുമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ദിവസവും ചുവടുകള്‍ എണ്ണി മടുത്തെങ്കില്‍, തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമം ഒരു വെല്ലുവിളിയായി തോന്നുന്നുവെങ്കില്‍, ഇന്റർനെറ്റില്‍ ഇപ്പോള്‍ ട്രെൻഡിംഗ് ആയ ജാപ്പനീസ് ഇന്റർവെല്‍ വാക്കിങ് എന്ന പുതിയ രീതി പരീക്ഷിച്ചുനോക്കാവുന്നതാണ്. തുടക്കക്കാർ മുതല്‍ ഫിറ്റ്നസ് പ്രേമികള്‍ വരെ എല്ലാവർക്കും ജാപ്പനീസ് ഇന്റർവെല്‍ വാക്കിങ് അനുയോജ്യമാണ്. ദിവസവും ഓടുന്നതും ജിമ്മില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതും ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ ജാപ്പനീസ് ഇന്റർവെല്‍ വാക്കിങ് ഏറ്റവും അനുയോജ്യമായ ഒന്നായിരിക്കാം.

ഏകദേശം അരമണിക്കൂർ നീണ്ടുനില്‍ക്കുന്ന, മൂന്ന് മിനിറ്റ് വേഗത്തിലുള്ള നടത്തവും മൂന്ന് മിനിറ്റ് മെല്ലെയുള്ള നടത്തവും മാറിമാറി ചെയ്യുന്ന വ്യായാമ രീതിയാണിത്. മധ്യവയസ്കർക്കും പ്രായമായവർക്കും പരിക്കുകളില്‍ നിന്ന് സുഖം പ്രാപിക്കുന്നവർക്കും ഇത് തികച്ചും അനുയോജ്യമാണ്. കൂടാതെ, വേഗത കുറഞ്ഞ നടത്തം ശ്വാസമെടുക്കാൻ അവസരം നല്‍കുന്നതിനാല്‍ പെട്ടെന്നുണ്ടാകുന്ന തളർച്ചയും ഒഴിവാക്കാം.

വ്യായാമരീതി: ഒരു വാം-അപ്പ് നടത്തത്തോടെ ആരംഭിക്കുക. തുടർന്ന്, സംസാരിക്കാൻ പ്രയാസം തോന്നുന്ന തരത്തില്‍ കൈകള്‍ വീശി, ശ്വാസമെടുപ്പ് വേഗത്തിലാക്കി നടക്കുക. ഇതിനെയാണ് ഫാസ്റ്റ് ഫേസ് എന്ന് പറയുന്നത്. മൂന്ന് മിനിറ്റിന് ശേഷം നിങ്ങളുടെ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചും അറിഞ്ഞും പതുക്കെയുള്ള നടത്തത്തിലേക്ക് മാറുക. ഇതാണ് സ്ലോ ഫേസ്. ഇത് മുപ്പത് മിനിറ്റ് ആവർത്തിക്കുക. സൗകര്യമനുസരിച്ച്‌ രാവിലെ, ഉച്ചയ്ക്ക്, അല്ലെങ്കില്‍ വൈകുന്നേരം എപ്പോള്‍ വേണമെങ്കിലും ഇത് ചെയ്യാം. .ജാപ്പനീസ് ഇന്റർവെല്‍ വാക്കിങ്ങിന് പ്രത്യേക സജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. നടക്കാനായി ഇടനാഴിയോ, ടെറസോ, പാർക്കോ, അല്ലെങ്കില്‍ ട്രെഡ്മില്ലോ സൗകര്യപൂർവം തിരഞ്ഞെടുക്കാം.

എന്തുകൊണ്ടാണ് ഫലപ്രദം?

ജാപ്പനീസ് ഇന്റർവെല്‍ വാക്കിങ്ങിനെക്കുറിച്ച്‌ പഠിച്ച കോപ്പൻഹേഗൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ക്രിസ്റ്റ്യൻ കാർസ്റ്റോഫ്റ്റ് വിശദീകരിക്കുന്നതനുസരിച്ച്‌, വേഗതയേറിയ നടത്തം നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും ഉത്തേജിപ്പിക്കുകയും, വേഗത കുറഞ്ഞ നടത്തം ശരീരം പൂർവ്വസ്ഥിതിയിലാകാൻ സഹായിക്കുകയും ചെയ്യുന്നു. ഈ മാറിമാറിയുള്ള വേഗത ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊഴുപ്പ് എരിച്ചുകളയാനും ഫിറ്റ്നസ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, നടത്തം സന്ധികള്‍ക്ക് അധികം ആയാസം നല്‍കാത്ത വ്യായാമമായതിനാല്‍ കാല്‍മുട്ടുകള്‍ക്കും ഇടുപ്പിനും ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *