കേരളത്തിലെ കോളേജ് അദ്ധ്യാപികയായ ഏക ഹൈന്ദവ സന്യാസിനി; അറിയാം തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജില്‍ അസി. പ്രൊഫസറായി നിയമിതയായ നിത്യ ചിന്മയിയെക്കുറിച്ച്

കേരളത്തില്‍ കോളേജ് അദ്ധ്യാപകരായി ധാരാളം പുരോഹിതരും കന്യാസ്ത്രീകളുമുണ്ടെങ്കിലും ഹിന്ദു സന്യാസിനി ഒന്നു മാത്രം. ആറു വർഷം മുൻപ് തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജില്‍ അസി. പ്രൊഫസറായി നിയമിതയായ നിത്യ ചിന്മയി. ശ്രീനാരായണ ഗുരുദേവൻ ഏല്‍പ്പിച്ച നിയോഗമാണിതെന്നാണ് നിത്യ ചിന്മയി പറയുന്നത്.

പത്തു വയസുള്ളപ്പോഴേ അദ്ധ്യാപികയാകാനായിരുന്നു മോഹം. ചിന്തകള്‍ വഴിമാറി കാഷായത്തില്‍ ലയിച്ചെങ്കിലും പി.എസ്.സി പരീക്ഷയെഴുതി വേദാന്ത ഗുരുവായി കോളേജിലെത്തുകയായിരുന്നു. അങ്ങനെ ഒരേസമയം അദ്ധ്യാപികയും സന്യാസിനിയുമായി. വേദാന്തത്തില്‍ ബിരുദാനന്തര ബിരുദമുള്ള നിത്യ, ഡോക്ടറേറ്റിനുള്ള ഗവേഷണത്തിന്റെ അവസാനഘട്ടത്തിലാണ്.

മലയാറ്റൂർ സ്വദേശി സുകുമാരന്റെയും ചെല്ലമ്മയുടെയും മകളായ സജിതയ്‌ക്ക് സന്യാസത്തിലേക്കു വഴിയൊരുക്കിയത് ഗുരു നിത്യചൈതന്യയതി. ‘ആരാണ് ഞാൻ” എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സന്യാസം. വീട്ടുകാരില്‍നിന്ന് എതിർപ്പുണ്ടായെങ്കിലും തീരുമാനം മാറ്റിയില്ല. 25 വർഷം മുമ്ബ്, നിത്യചൈതന്യ യതിയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ യതിയുടെ എറണാകുളം കാഞ്ഞിരമറ്റത്തെ ‘നിത്യനികേതനം” ആശ്രമത്തില്‍ അന്തേവാസിയായി.2018ല്‍ 38-ാം വയസില്‍ സന്യാസദീക്ഷ സ്വീകരിച്ചു. മൂത്തസഹോദരി സ്വാമിനി ശബരി ചിന്മയിയും ഇവിടെയുണ്ട്.

കോളേജിലെത്തിയാല്‍ തനി അദ്ധ്യാപിക: വിദ്യാർത്ഥികളെ കൂട്ടുകാരെപ്പോലെ കരുതുമ്ബോഴും ഒരു വിട്ടുവീഴ്ചയുമില്ല, നിത്യ മിസിനെ അവർക്കും ഏറെയിഷ്ടം.

അദ്ധ്യാപനത്തിനൊപ്പം ഇഷ്ടം പ്രഭാഷണവും യാത്രകളും: പുലർച്ചെ 4.30ന് എഴുന്നേറ്റാല്‍ പ്രാർത്ഥനയ്‌ക്കും യോഗയ്‌ക്കും ശേഷം പാചകമടക്കമുള്ള കാര്യങ്ങള്‍ ചെയ്യും. വൈകിട്ട് കോളേജില്‍ നിന്നെത്തിയാലും ചുമതലകളേറെ. ശ്രീനാരായണ ദർശനം, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ തുടങ്ങിയവയെക്കുറിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍ ക്ലാസെടുക്കും. യാത്രകള്‍ ഏറെയിഷ്ടമാണ്. 2017ല്‍ ഹിമാലയ യാത്ര നടത്തി. ശിവഗിരിയില്‍ പോകുമ്ബോള്‍ പുണ്യതീർത്ഥത്തില്‍ മുങ്ങിക്കുളിച്ച അനുഭവമാണ്. വിവിധ സന്യാസി മഠങ്ങളിലും കാശിയടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും പോകാറുണ്ട്.

ആത്മീയ വീക്ഷണം: എല്ലാം മിഥ്യയെന്നോ സ്വപ്‌നമെന്നോ കരുതി അവഗണിക്കുന്നതല്ല ആത്മീയതയെന്ന ശ്രീനാരായണ ഗുരുദേവ ദർശനമാണ് ഗുരു നിത്യ ആദ്യമായി പകർന്നു തന്നതെന്ന് സ്വാമിനി നിത്യ ചിന്മയി പറയുന്നു. എല്ലാം നിയോഗമാണെന്നു ബോദ്ധ്യമായി. ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതമായ ഭൗതികതയില്‍ വിശ്വസിക്കുന്നതിനാല്‍ കലാലയജീവിതം ഒരു വിദ്യാർത്ഥിയെപോലെ ആസ്വദിക്കുന്നുവെന്നും ചിന്മയി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *