ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത്-ഉല്‍-മോമിനാത്തിനെ കുറിച്ച് സുപ്രധാന റിപ്പോർട്ട് പുറത്ത്.ജമാഅത്ത്-ഉല്‍-മോമിനാത്തിലേക്ക് 5,000 വനിതാ ജിഹാദികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മസൂദ് അസ്ഹറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അവർക്ക് ചാവേർ ബോംബർമാരായി പരിശീലനം നല്‍കുന്നുണ്ട്. ഇതുവരെ 5,000 സ്ത്രീകളെ ജമാഅത്ത്-ഉല്‍-മോമിനാത്തില്‍ റിക്രൂട്ട് ചെയ്ത് ജിഹാദികളാക്കി മാറ്റിയിട്ടുണ്ട്. ഈ വനിതാ ജിഹാദികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നതായാണ് ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നത്. അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിനാല്‍ ഇനി ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവൻ മസൂദ് അസ്ഹർ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. റിക്രൂട്ട്മെൻ്റ് തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 5,000-ത്തിലധികം സ്ത്രീകള്‍ ചേർന്നു എന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണെന്ന് മസൂദ് അസ്ഹർ തൻ്റെ പോസ്റ്റില്‍ പറയുന്നു.
“ജില്ലാ യൂണിറ്റുകള്‍ രൂപീകരിക്കും, എല്ലാ ജില്ലകള്‍ക്കും ഒരു മുൻതസിമ ഉണ്ടാകും, ജോലികള്‍ വിതരണം ചെയ്യപ്പെടും. കുറഞ്ഞ സമയം കൊണ്ട് 5,000 അംഗങ്ങള്‍,” അസ്ഹർ കുറിച്ചു. ഒക്‌ടോബർ 8-നാണ് ജെയ്ഷ് ആസ്ഥാനമായ മർകസ് ഉസ്മാൻ-ഒ-അലിയില്‍ വെച്ച് ജമാഅത്ത് ഉല്‍ മോമിനാത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് ഡ്രൈവ് ആരംഭിച്ചത്. പാകിസ്ഥാനിലെ ബഹാവല്‍പൂർ, മുള്‍ട്ടാൻ, സിയാല്‍കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് പ്രധാനമായും റിക്രൂട്ട് ചെയ്തത്.
മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉല്‍ മോമിനാത്തിന് നേതൃത്വം നല്‍കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ കൊല്ലപ്പെട്ട യുസഫ് അസ്ഹറിൻ്റെ ഭാര്യയാണ് സാദിയ. പുല്‍വാമ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായിരുന്ന ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫീറയാണ് ഈ വനിതാ വിഭാഗത്തിലെ മറ്റൊരു പ്രധാന മുഖം.
സ്ത്രീകള്‍ക്ക് ഓണ്‍ലൈൻ വഴിയാണ് പരിശീലനം നല്‍കുന്നത്. 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഓണ്‍ലൈൻ ക്ലാസുകളില്‍ പങ്കെടുക്കാൻ ഓരോരുത്തരും 500 രൂപ ഫീസ് നല്‍കണം. ഐഎസ്, ഹമാസ്, എല്‍.ടി.ടി.ഇ. എന്നിവയുടെ മാതൃകയില്‍ ഫിദായീൻ ആക്രമണങ്ങള്‍ നടത്താൻ വനിതാ സ്ക്വാഡുകളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന കാർ സ്ഫോടനത്തില്‍ 13 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജമാഅത്ത് ഉല്‍ മോമിനാത്ത് ശ്രദ്ധയില്‍പ്പെട്ടത്. ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ നിന്ന് വൻതോതില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിനെ തുടർന്ന് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന് ജെയ്ഷ് ഭീകരവിഭാഗവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. നേരത്തെ സംഘടന ആരംഭിച്ചപ്പോള്‍, വനിതാ വിഭാഗത്തിലെ അംഗങ്ങളെ ജെയ്ഷിൻ്റെ പുരുഷ അംഗങ്ങളെ പരിശീലിപ്പിക്കുന്നത് പോലെ പരിശീലിപ്പിക്കുമെന്ന് അസ്ഹർ പറഞ്ഞിരുന്നു.
പുരുഷ അംഗങ്ങള്‍ 15 ദിവസത്തെ ‘ദൗറ-എ-തർബിയത്ത്’ കോഴ്സിന് വിധേയരാകുന്നത് പോലെ, വനിതാ അംഗങ്ങള്‍ ‘ദൗറ-എ-തസ്കിയ’ എന്ന ഇൻഡക്ഷൻ കോഴ്സില്‍ പങ്കെടുക്കും. ഈ പരിശീലനം മർകസ് ഉസ്മാൻ-ഒ-അലിയില്‍ വെച്ചായിരിക്കും നടത്തുക. ഈ ബ്രിഗേഡില്‍ ചേരുന്ന സ്ത്രീകള്‍ക്ക് അസ്ഹർ കർശനമായ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭർത്താവുമായോ അടുത്ത കുടുംബാംഗങ്ങളുമായോ അല്ലാതെ മറ്റ് അന്യപുരുഷന്മാരുമായി ഫോണിലൂടെയോ മെസഞ്ചറിലൂടെയോ സംസാരിക്കാൻ പാടില്ല എന്നതാണ് അതിലൊന്ന്.
അതേസമയം ജമാഅത്ത്-ഉല്‍-മോമിനാത്തില്‍ ചേരുന്ന ഏതൊരു സ്ത്രീയും മരണശേഷം നേരിട്ട് സ്വർഗത്തിലേക്ക് പോകുമെന്ന് അസ്ഹർ തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനിടെ മസൂദ് അസ്ഹർ തന്റെ സഹോദരി ഹവ ബീബിയുടെ മരണം വൈകാരികമായി വിവരിച്ചു. വനിതാ ജിഹാദ് വിഭാഗം എന്ന ആശയം അദ്ദേഹത്തിനും സഹോദരിക്കും ഉണ്ടായി. യൂസഫ് അസ്ഹർ, ജമീല്‍ അഹമ്മദ്, ഹംസ ജമീല്‍, ഹുവൈഫ അസ്ഹർ എന്നിവരുള്‍പ്പെടെ അസ്ഹറിന്റെ കുടുംബത്തിലെ പതിനാല് പേർ ഈ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. മസൂദ് അസ്ഹറിന്റെ മറ്റൊരു സഹോദരി സമീറ അസ്ഹറും ഈ വനിതാ വിഭാഗത്തില്‍ പങ്കാളിയാണ്, അവരാണ് ഇത് മുൻപോട്ട് കൊണ്ടുപോകുന്നത്.
