ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെയും സ്ഫോടകവസ്തു ശേഖരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് അല്‍-ഫലാഹ് യൂണിവേഴ്സിറ്റി.ഹരിയാന-ഡല്‍ഹി അതിർത്തിയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.
ഫരീദാബാദിലെ ധൗജിലുള്ള യൂണിവേഴ്സിറ്റി കാമ്ബസില്‍ പൊലീസ് തുടർച്ചയായി കയറിയിറങ്ങുകയാണ്. അവിടത്തെ 52 ഡോക്ടർമാരെ ഇതിനകം ചോദ്യം ചെയ്തു. ഡോ മുസമ്മില്‍ ഷക്കീല്‍, ഡോ ഷഹീൻ ഷാഹിദ്, ഡോ ഉമർ മുഹമ്മദ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ തേടുന്നത്. ഈ മൂന്ന് പേരും വൻതോതില്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് ഡല്‍ഹിയില്‍ വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്‌ഷ്-ഇ-മുഹമ്മദ് തീവ്രവാദ മൊഡ്യൂളുമായി ബന്ധമുള്ളവരാണെന്നാണ് ആരോപണം. ഈ മൊഡ്യൂളിന് പഴയ ഡല്‍ഹി കാർ സ്ഫോടനവുമായും ബന്ധമുണ്ടെന്നാണ് വിവരം.
2014ലാണ് 70 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന അല്‍-ഫലാഹ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത്. 1995ല്‍ രൂപീകരിച്ച ‘അല്‍-ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റി’ന് കീഴിലാണ് ഈ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. മെഡിക്കല്‍ സയൻസ്, എഞ്ചിനീയറിംഗ്, കമ്ബ്യൂട്ടർ സയൻസ്, തുടങ്ങി നിരവധി കോഴ്‌സുകള്‍ ഇവിടെയുണ്ട്. 2019 മുതല്‍ മെഡിക്കല്‍ സയൻസ് കോഴ്സുകള്‍ ആരംഭിച്ച ഇവിടെ 650 കിടക്കകളുള്ള ആശുപത്രിയും ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് എംബിബിഎസ് കോഴ്‌സിന് 74.50 ലക്ഷം രൂപയാണ് ഫീസ്. ഇതിന് പുറമെ ഹോസ്റ്റല്‍ ഫീസും ഉണ്ട്. ഇവിടെ പഠിക്കുന്നവരില്‍ 40 ശതമാനത്തോളം കശ്മീരി വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്.
ഡോക്ടർ മുസമ്മില്‍ കാമ്ബസിന് പുറത്ത് വാടകയ്ക്ക് എടുത്ത മുറികളില്‍ നിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ വസ്തുക്കള്‍ കണ്ടെത്തി. ഇതേ മെഡിക്കല്‍ കോളേജിലെ മറ്റൊരു ഡോക്ടറായ ഡോ. ഷഹീൻ അറസ്റ്റിലായത് അവരുടെ കാറില്‍ നിന്ന് ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ്. സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെഡ് ഫോർട്ടിനടുത്ത് കാർ പൊട്ടിത്തെറിച്ചത്. ഈ കാർ ഓടിച്ചിരുന്ന ഡോ ഉമറും അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു.
എന്നാല്‍ യൂണിവേഴ്സിറ്റിയെക്കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അധികൃതർ ആശങ്ക രേഖപ്പെടുത്തി.”സംഭവിച്ച ദൗർഭാഗ്യകരമായ കാര്യങ്ങളില്‍ യൂണിവേഴ്സിറ്റിക്ക് അങ്ങേയറ്റം ദുഃഖമുണ്ട്. ഈ വിഷയത്തില്‍ പ്രതികളായി പിടിയിലായവർക്ക് യൂണിവേഴ്സിറ്റിയിലെ ജോലിയുമായി ബന്ധമല്ലാതെ മറ്റെന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് പങ്കില്ല. യൂണിവേഴ്സിറ്റി പരിസരത്ത് സംശയകരമായ രാസവസ്തുക്കള്‍ ഒന്നുമില്ല,” എന്നാണ് വൈസ് ചാൻസലർ പ്രൊഫ ഡോ ഭൂപീന്ദർ കൗർ ആനന്ദ് പറഞ്ഞത്.
