ട്രെയിൻ റദ്ദായത്തിനെ തുടർന്ന് ബംഗളൂരു ടൂർ മുടങ്ങിയ സംഭവം: തേവര സേക്രട്ട് ഹാർട്ട് കോളേജിലെ വിദ്യാർഥികൾക്ക് ഒന്നേകാൽ ലക്ഷം തിരികെ നൽകാൻ വിധി; വിശദാംശങ്ങൾ വായിക്കാം

ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് വിദ്യാർത്ഥികളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നല്‍കാതിരുന്ന ടൂർ ഓപ്പറേറ്റർക്ക് തിരിച്ചടിയായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.1.25 ലക്ഷം രൂപ ടൂർ ഓപ്പറേറ്റർ നല്‍കണമെന്നാണ് ഉത്തരവ്. തേവര, സെക്രഡ് ഹാർട്ട് കോളേജ് (എസ്.എച്ച്‌ കോളേജ്) വിദ്യാർത്ഥിയായ ഹെലോയിസ് മാനുവല്‍, കലൂരില്‍ പ്രവർത്തിക്കുന്ന ബി.എം ടൂർസ് & ട്രാവല്‍സ് എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

ബി.എസ്.സി. (ഫിസിക്സ്) വിദ്യാർത്ഥിയായിരുന്നു പരാതിക്കാരൻ. 37 സഹപാഠികള്‍ക്കും മൂന്ന് അധ്യാപകർക്കുമൊപ്പം 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും സ്റ്റഡി ടൂർ പോകാൻ ടൂർ ഓപ്പറേറ്ററായ എതിർ കക്ഷിയെ ഇവർ സമീപിച്ചിരുന്നു. 41 പേർക്കായുള്ള ആകെ യാത്രാച്ചെലവ് 2,07,000/- രൂപയായിരുന്നു. അധ്യാപകർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം പരാതിക്കാരൻ 1,00,000/- രൂപ ടൂർ ഓപ്പറേറ്റർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഡ്വാൻസായി കൈമാറി.

എന്നാല്‍ ട്രെയിനുകള്‍ ഇന്ത്യൻ റെയില്‍വേ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങി. ബദല്‍ ടിക്കറ്റുകള്‍ ലഭ്യമാകാതെ വന്നതോടെ ടൂർ പൂർണ്ണമായും റദ്ദാക്കി. യാത്രക്ക് അഡ്വാൻസായി നല്‍കിയ ഒരു ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോള്‍ 2023 ജൂണ്‍ മാസത്തില്‍ നല്‍കാമെന്നാണ് ടൂർ ഓപ്പറേറ്റർമാർ സമ്മതിച്ചത്. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി, എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. സേവനം നല്‍കാത്തതിനാല്‍, പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അത് ചെയ്യാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയുമാണെന്ന് ഉത്തരവില്‍ പറയുന്നു.

ഒരു കൂട്ടം വിദ്യാർത്ഥികളുടെ വിശ്വാസത്തെയാണ് ടൂർ ഓപ്പറേറ്റർമാർ വഞ്ചിച്ചതെന്നും ഉത്തരവിലുണ്ട്. യാത്രാ തടസ്സം ഉണ്ടായപ്പോള്‍ പണം ഉടൻ തിരികെ നല്‍കുക എന്നതായിരുന്നു പ്രാഥമികവും നിയമപരവുമായ ബാധ്യത. എതിർ കക്ഷിയുടെ ദീർഘമായ നിശബ്ദതയാണ് വിദ്യാർത്ഥിയെ കോടതി വ്യവഹാരത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇത് ന്യായീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിദ്യാർത്ഥിയില്‍ നിന്നും അഡ്വാൻസായി വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നല്‍കണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 25000 /- രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിർകക്ഷികളോട് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ ജോണ്‍സണ്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *