ഉത്തരേന്ത്യൻ സമൂഹ മാധ്യമങ്ങളില്‍ ഒരു അസാധാരണ പ്രണയകഥ ശ്രദ്ധ നേടുകയാണ്. സ്വന്തം മൂത്ത സഹോദരിയുടെ ഭർത്താവിനെ വിവാഹം കഴിച്ച 18 വയസ്സുകാരിയുടെ കഥയാണിത്.പ്രായം പ്രണയത്തിന് ഒരു തടസ്സമല്ലെന്ന് ഇവർ തെളിയിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനം ഉയരുന്നുണ്ടെങ്കിലും, തൻ്റെ 55 വയസ്സുകാരനായ ഭർത്താവ് ‘വൃദ്ധനല്ല, മിടുക്കനാണ്’ എന്ന് പറഞ്ഞ് യുവതി തൻ്റെ പ്രണയബന്ധത്തെ ശക്തമായി ന്യായീകരിക്കുന്നു.
ഭർത്താവ് ‘ജീജ’ തൻ്റെ കുട്ടിക്കാലം മുതല്‍ ജീവിതത്തിൻ്റെ ഭാഗമായിരുന്നെന്ന് സാലി എന്ന ഈ യുവതി പറയുന്നു. 18 വയസ്സ് തികഞ്ഞപ്പോള്‍ അദ്ദേഹത്തെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ‘ജീജ-സാലി പ്രണയകഥ’ എന്ന പേരില്‍ ഇവരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മാധ്യമങ്ങളോട് സംസാരിക്കുമ്ബോള്‍ യുവതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. “എൻ്റെ ഭർത്താവിന് പ്രായമായിട്ടില്ല, അദ്ദേഹം മിടുക്കനാണ്,” അവർ പറയുന്നു. കുറച്ചുകാലമായി തൻ്റെ സഹോദരിക്ക് അസുഖമായതിനാല്‍ പാചകത്തിനും സഹായത്തിനുമായി താൻ വീട്ടില്‍ വരാറുണ്ടായിരുന്നു എന്നും ഈ അടുപ്പം ക്രമേണ പ്രണയമായി വളരുകയും വിവാഹത്തില്‍ എത്തുകയും ചെയ്തു എന്നും സാലി വിശദീകരിക്കുന്നു.
“എൻ്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന് പ്രായമായിട്ടില്ല. വെളുത്തത് മുടി മാത്രമാണ്. മുടി കറുപ്പിക്കുകയും പല്ലുകള്‍ക്ക് തിളക്കം കൂട്ടുകയും ചെയ്താല്‍ അദ്ദേഹം കൂടുതല്‍ സുന്ദരനാകും,” അവർ ആവേശത്തോടെ പറഞ്ഞു.
വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. ഇവരുടെ സംസാരരീതി കേട്ട് ഇരുവരും ഉത്തർപ്രദേശുകാരാണെന്ന് പലരും അഭിപ്രായപ്പെട്ടു. യുവതിയുടെ അമിതമായ ആവേശത്തെ ചിലർ വിമർശിച്ചപ്പോള്‍, ഭർത്താവ് ഈ ‘വായാടിത്തത്തില്‍’ വീണുപോയതാകാമെന്ന് മറ്റുചിലർ കമൻ്റ് ചെയ്തു. പ്രണയം അന്ധമാണെന്ന് ചിലർ കുറിച്ചപ്പോള്‍, തൻ്റെ ഇഷ്ടം തുറന്നുപറയാനുള്ള യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചവരും ഉണ്ട്.
