കേരളത്തിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; ആവശ്യമുള്ള രേഖകൾ എന്തൊക്കെ? വിശദമായി വായിക്കാം

കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും ഒക്ടോബർ 28 മുതല്‍ അടുത്ത വർഷം ഫെബ്രുവരി 7 വരെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കും.

കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി രണ്ടാം ഘട്ടത്തില്‍ 51 കോടിയോളം വോട്ടർമാരുടെ പട്ടിക പുതുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വോട്ടർ പട്ടിക പുതുക്കുന്നതിനായുള്ള പ്രക്രിയയാണ് വോട്ടർ പട്ടിക പരിഷ്കരണം. നിയമപ്രകാരം, ഓരോ തിരഞ്ഞെടുപ്പിനും മുമ്ബോ അല്ലെങ്കില്‍ ആവശ്യാനുസരണമോ വോട്ടർ പട്ടിക പരിഷ്കരിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ച വോട്ടർമാർ, താമസം മാറിയവര്‍, ഒന്നിലധികം തവണ പട്ടികയില്‍ ഇടംപിടിച്ചവര്‍, പൗരന്‍മാര്‍ അല്ലാത്തവര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യം. 21 വർഷങ്ങള്‍ക്ക് മുമ്ബ് 2002 നും 2004 നും ഇടയിലാണ് രാജ്യത്ത് അവസാനമായി വോട്ടർ പട്ടിക പരിഷ്കരണം നടന്നത്.

വോട്ടർ പട്ടിക പരിഷ്‌കരണം, പ്രധാന തീയതികള്‍

  • തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം, രണ്ടാംഘട്ട എസ്‌ഐആറിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 28 മുതല്‍ നവംബർ 3 വരെ നടക്കും.
  • വീടുവീടാന്തരമുള്ള കണക്കെടുപ്പ് നവംബർ 4 മുതല്‍ ഡിസംബർ 4 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ഡിസംബർ 9 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
  • ഡിസംബർ 9 മുതല്‍ 2026 ജനുവരി 8 വരെ എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കില്‍ സമർപ്പിക്കാം.
  • പരാതി പരിഹാരവും സ്ഥിരീകരണവും ഡിസംബർ 9 നും 2026 ജനുവരി 31 നും ഇടയില്‍ നടക്കും.
  • അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.

വോട്ടർ പട്ടിക പരിഷ്‌കരണത്തിനായി സമർപ്പിക്കേണ്ട രേഖകള്‍

  • കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനോ, പെൻഷൻകാരനോ ആയ വ്യക്തിക്ക് അനുവദിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ കാർഡ് അല്ലെങ്കില്‍ പെൻഷൻ പേയ്മെന്റ് രേഖ.
  • ആധാർ കാർഡ്
  • ജനന സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട്
  • മെട്രിക്കുലേഷൻ/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
  • യോഗ്യതയുള്ള അധികാരി നല്‍കുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്
  • ഫോറസ്റ്റ് റൈറ്റ്സ് സർട്ടിഫിക്കറ്റ്
  • ഒബിസി/എസ്‌സി/എസ്‌ടി അല്ലെങ്കില്‍ മറ്റേതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
  • ദേശീയ പൗരത്വ രജിസ്റ്റർ (ബാധകമാകുന്നിടത്തെല്ലാം)
  • സർക്കാർ നല്‍കുന്ന ഏതെങ്കിലും ലാൻഡ്/ ഹൗസ് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന കുടുംബ രജിസ്റ്റർ

ഇന്ത്യൻ ഗവണ്‍മെന്റ് ഇഷ്യൂ ചെയ്തിട്ടുള്ള തിരിച്ചറിയല്‍ കാർഡുകളും സർട്ടിഫിക്കറ്റുകളും എസ്‌ഐആറിനായുള്ള നടപടികള്‍ക്ക് സമർപ്പിക്കാം.

വോട്ടർ പട്ടിക പരിഷ്‌കരണം, ഭാരവാഹികള്‍ ആരെല്ലാം?

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്‌, രാജ്യത്തെ ഒരോ പോളിംഗ് സ്റ്റേഷനിലും ശരാശരി 1,000 വോട്ടർമാരുണ്ട്.

  • ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു ബൂത്ത് ലെവല്‍ ഓഫീസർ ഉണ്ട്.
  • ഓരോ നിയമസഭാ മണ്ഡലത്തിലും നിരവധി പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്.
  • ഓരോ നിയോജകമണ്ഡലത്തിനും ഒരു ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറെ നിയമിച്ചിട്ടുണ്ട്.
  • നിയമപ്രകാരം കരട് വോട്ടർ പട്ടിക തയ്യാറാക്കുകന്നതും എതിർപ്പുകളും പരാതികളും സ്വീകരിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതും, അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥനാണ് (ഇആർഒ).
  • ഇവരെ കൂടാതെ, ഓരോ താലൂക്കിലോ ബ്ലോക്കിലോ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *