ഓടുന്ന ട്രെയിനിൽ നിന്നും ഫോൺ താഴേക്ക് പോയാൽ ചങ്ങല വലിക്കരുത്; നഷ്ടമായ വസ്തു വീണ്ടെടുക്കാൻ ചെയ്യേണ്ടത് ഇങ്ങനെ: റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത് വായിക്കാം

ട്രെയിനില്‍ സഞ്ചരിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീണു പോകുന്നത് പലര്‍ക്കും സംഭവിച്ചിട്ടുള്ള കാര്യമാണ്.ചിലപ്പോള്‍ ഇത് തിരക്കിനിടയിലാണ് സംഭവിക്കുന്നത്. അല്ലെങ്കില്‍ റീല്‍സ് എടുക്കാന്‍ ഉള്ള ശ്രമത്തിനിടെ താഴെ പോകുന്ന സംഭവങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ പോകുന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. വിലപ്പെട്ട എല്ലാ രേഖകളും കോണ്‍ടാക്റ്റ് നമ്ബറുകളും അതില്‍ ആയിരിക്കും. മൊബൈല്‍ താഴെ പോകുമ്ബോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടി അപകടം വരുത്തിയിട്ടുള്ളവര്‍ നിരവധിയാണ്. പലര്‍ക്കും ഫോണ്‍ നഷ്ടപ്പെടുമ്ബോള്‍ വല്ലാത്ത വെപ്രാളവും ടെന്‍ഷനും അനുഭവപ്പെടും. ചിലര്‍ ആ വെപ്രാളത്തില്‍ അപായച്ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ ഇതൊന്നുമല്ല ചെയ്യേണ്ടതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ താഴെ പോയാല്‍ യാത്രക്കാര്‍ ഏറ്റവും അടിയന്തരമായി ചെയ്യേണ്ടത് എന്താണെന്ന കാര്യത്തില്‍ റെയില്‍വേ അധികൃതര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എടുത്തുചാടി അപകടങ്ങള്‍ വരുത്തി വയ്ക്കരുത് എന്നും ബുദ്ധിപൂര്‍വ്വമായ പ്രതികരണത്തിലൂടെ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആ പരിഭ്രാന്തിയില്‍ പല യാത്രക്കാരും ആദ്യം ചെയ്യുന്നത് അപായച്ചങ്ങല വലിച്ച്‌ ഓടുന്ന ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കും. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപകടങ്ങള്‍, തീപിടിത്തം, അടിയന്തര മെഡിക്കല്‍ സാഹചര്യം പോലുള്ള ജീവന് ഭീഷണിയുള്ള ഘട്ടങ്ങളില്‍ മാത്രമേ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്താന്‍ അനുവാദമുള്ളൂ. നഷ്ടപ്പെട്ട ഒരു ഫോണ്‍ വീണ്ടെടുക്കാന്‍ വേണ്ടി അപായച്ചങ്ങല വലിച്ചാല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ റെയില്‍വേയ്ക്ക് അധികാരം ഉണ്ട്.

കാരണം ഒരു ഫോണിന് വേണ്ടി ചങ്ങല വലിക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. ഇത് ട്രെയിന്‍ യാത്രയിലും അനാവശ്യമായ കാലതാമസം ഉണ്ടാക്കും.

ആദ്യം ചെയ്യേണ്ടത് ഫോണ്‍ വീണ സ്ഥലം കൃത്യമായി മനസിലാക്കുക എന്നതാണ്. റെയില്‍വേ ട്രാക്കില്‍ ഉടനീളം കിലോമീറ്റര്‍ മാര്‍ക്കറുകള്‍ ഉണ്ട്. ഇത് ശ്രദ്ധിക്കുന്നത് നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കും. ഫോണ്‍ പോയതിന് സമീപമുള്ള കിലോമീറ്റര്‍ മാര്‍ക്കര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലാന്‍ഡ് മാര്‍ക്ക് ശ്രദ്ധിക്കുന്നത് ഫോണ്‍ വീണ്ടെടുക്കാന്‍ സഹായിക്കും.

ഫോണ്‍ പോയാല്‍ ഉടന്‍ ആര്‍പിഎഫ് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഹെല്‍പ്പ് ലൈനിലേക്ക് സഹയാത്രക്കാരന്റെ ഫോണ്‍ കടം വാങ്ങി വിളിക്കാം. എന്നിട്ട് നിങ്ങള്‍ സഞ്ചരിക്കുന്ന ട്രെയിനിന്റെ നമ്ബറും കോച്ച്‌ നമ്ബറും ഫോണ്‍ നഷ്ടപ്പെട്ട ഏകദേശം സ്ഥലവും കോണ്‍ടാക്‌ട് വിശദാംശങ്ങളും നല്‍കുക.

ആര്‍പിഎഫ്, ഫോണ്‍ നഷ്ടപ്പെട്ട സ്ഥലത്തിനു സമീപമുള്ള റെയില്‍വേ സ്‌റ്റേഷനിലെ ആര്‍പിഎഫ് ടീമിനെ വിവരമറിയിക്കുകയും ഫോണ്‍ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും. 182 എന്ന എമര്‍ജന്‍സി ആര്‍പിഎഫ് ഹെല്‍പ്പ് ലൈന്‍ നമ്ബറിലോ അത് കിട്ടിയില്ലെങ്കില്‍ 1512 എന്ന് റെയില്‍വേ പൊലീസ് ഹെല്‍പ് ലൈന്‍ നമ്ബറിലോ ബന്ധപ്പെടാം.

ജനറല്‍ റെയില്‍വേ പാസഞ്ചര്‍ ഹെല്‍പ്പ്ലൈന്‍ നമ്ബറായ 138-ലും ബന്ധപ്പെടാം.ഫോണ്‍ തിരിച്ച്‌ കിട്ടിയാല്‍ അത് ആര്‍പിഎഫ് കൈവശം സൂക്ഷിക്കും. യാത്രക്കാരന് ഒരു പരാതി നമ്ബര്‍ ലഭിക്കും. ഫോണിന്റെ ഉടമ ഒരു സാധുവായ തിരിച്ചറിയല്‍ രേഖ ആര്‍പിഎഫിനെ കാണിക്കുകയും ഫോണിന്റെ വിശദാംശങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയും വേണം. തുടര്‍ന്ന് കാര്യങ്ങള്‍ പരിശോധിച്ചു സ്ഥിരീകരിച്ച ശേഷം ആര്‍പിഎഫ് ഫോണ്‍ കൈമാറും.

അതുകൊണ്ട് ഫോണ്‍ ട്രെയിനില്‍ നിന്ന് താഴെ വീണാല്‍ വെപ്രാളപ്പെടാതെ കൃത്യമായ സ്ഥലം ഓര്‍ത്തു വയ്ക്കുകയും അത് ഹെല്‍പ് ലൈന്‍ നമ്ബറിലൂടെ റെയില്‍വേ അധികാരികളെ അറിയിക്കുകയും ചെയ്യുക. ശാന്തമായ പ്രതികരണം അപകടങ്ങള്‍ ഒഴിവാക്കും. ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടാതെ തന്നെ ഫോണ്‍ വീണ്ടെടുക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *