ഇന്ത്യൻ ഫുട്ബോൾ പാതാളത്തിലേക്ക്; 9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന പോയിൻറ് നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ടീം: വിശദമായി വായിക്കാം

ഇന്ത്യൻ ഫുട്ബോള്‍ ടീമിൻ്റെ ശനിദശ തുടരുന്നു. 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലാണ് ഇപ്പോള്‍ ഇന്ത്യൻ ടീം. 2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തിലെ മോശം പ്രകടനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ 136ആം റാങ്കിലേക്കാണ് വീണത്.134ആം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയാണ് 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലെത്തിയത്.

2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തില്‍ ഒരു കളി പോലും വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങളില്‍ രണ്ട് സമനിലയും രണ്ട് പരാജയവും സഹിതം രണ്ട് പോയിൻ്റുമായി ഗ്രൂപ്പ് സിയില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇതോടെയാണ് ഇന്ത്യ മോശം റാങ്കിലേക്ക് കൂപ്പുകുത്തിയത്. 2016 ഒക്ടോബറിലാണ് ഇന്ത്യ ഇതിന് മുൻപ് ഇതിനെക്കാള്‍ മോശം റാങ്കിലായിരുന്നത്. 2016ല്‍ ഇന്ത്യ 137ആം റാങ്കിലായിരുന്നു. 1996 ഫെബ്രുവരിയില്‍ 94ആം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.

സിംഗപ്പൂരിനെതിരായ ഹോം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. 14ആം മിനിട്ടില്‍ ലാലിൻസുവാല ചാങ്തെ ഇന്ത്യക്കായി ഗോള്‍ നേടിയെങ്കിലും പിന്നീട് സിംഗപ്പൂർ രണ്ട് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. ഗ്രൂപ്പില്‍ ഹോങ് കോങ് ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ഖാലിദ് ജമീല്‍ ആണ് നിലവില്‍ ഇന്ത്യൻ ടീം പരിശീലകൻ. മനോലോ മാർക്കസിൻ്റെ പിൻഗാമിയായി ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഖാലിദ് ജമീല്‍ സ്ഥാനമേറ്റെടുത്തത്. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച്‌ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. ഖാലിദ് ജാമില്‍, സ്റ്റീഫൻ കോണ്‍സ്റ്റന്റൈൻ, സ്റ്റെഫാൻ തർക്കോവിച്ച്‌ എന്നിവരില്‍ നിന്നാണ് പരിശീലകനെ തിരഞ്ഞെടുത്തത്. ഐഎസ്‌എലില്‍ ജംഷഡ്പൂർ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *