സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ മൂന്നേകാൽ ഏക്കർ ഭൂമി പഞ്ചായത്തിനും ഭൂരഹിതർക്കും ദാനം ചെയ്ത് കയ്പമംഗലം പഞ്ചായത്ത് അംഗം; കോടികൾ വിലമതിക്കുന്ന ഭൂമി വീതം വച്ച് നൽകുന്നത് ഭൂരഹിതർക്കും, പൊതു കളിസ്ഥലത്തിനുമായി: വായിച്ചറിയാം സി ജെ പോൾസന്റെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ച്

വൻ തുക വിനിയോഗിച്ച്‌ സ്വന്തമായി വാങ്ങിയ കോടികള്‍ വിലമതിക്കുന്ന ഭൂമി പൊതുജനങ്ങള്‍ക്കായി വിട്ടു നല്‍കാൻ ജനപ്രതിനിധി കൂടിയായ സി.ജെ.പോള്‍സൻ.ഭൂമിദാന ചടങ്ങ് ഇന്ന് രാവിലെ 10ന് നടക്കും. കയ്പമംഗലം ഗ്രാമപഞ്ചായത്തംഗവും, കഴിഞ്ഞ നാലര പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവവുമാണ് പോള്‍സൻ. തന്റെ മൂന്നേകാല്‍ ഏക്കർ വരുന്ന ഭൂമിയാണ് പൊതുകളിസ്ഥലത്തിനായി ഗ്രാമപഞ്ചായത്തിനും 11 ഭവനരഹിതർക്കും ഒരു വൃദ്ധ സദനത്തിനും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനുമായി ഇദ്ദേഹം സൗജന്യമായി വിട്ടുനല്‍കുന്നത്.

ആർ.സി.യു.പി സകൂളിന് കിഴക്കുഭാഗത്തുള്ള, അതിരുകള്‍ കെട്ടി സംരക്ഷിച്ചിട്ടുള്ള ഭൂമിയാണ് ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ഭവനരഹിതരായ 10 പേർക്ക് വീട് നിർമ്മിക്കുന്നതിന് വഴി സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ള മൂന്ന് സെന്റ് വീതവും, ബന്ധു കൂടിയായ ഒരാള്‍ക്ക് 10 സെന്റും അങ്ങിനെ വഴിക്ക് നീക്കിവച്ചത് കൂടാതെ 40 സെന്റ് ഭൂമി ഭവനരഹിതർക്കും 13.6 സെന്റ് ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും 10 സെന്റ് ഭൂമി കൊടുങ്ങല്ലൂർ ആസ്ഥാനമായ ആശ്രയം അഗതിമന്ദിരത്തിനും ബാക്കിവരുന്ന രണ്ടര ഏക്കറോളം സ്ഥലം കയ്പമംഗലം പഞ്ചായത്തിന് കളിസ്ഥലത്തിനുമായാണ് ഇദ്ദേഹം നല്‍കിയിരിക്കുന്നത്.

അമ്മ പരേതയായ കൊച്ചമ്മ പഠിപ്പിച്ച വിദ്യാലയമെന്നതും തന്റെ പൂർവിദ്യാലയമെന്ന നിലയിലും ആർ.സി.യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് കളിക്കളമായി ഉപയോഗിക്കാനാകും വിധത്തിലാണ് ധാരണാപത്രമുണ്ടാക്കിയിട്ടുള്ളത്. മൂന്ന് തവണ മികച്ച ഭൂരിപക്ഷത്തില്‍ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട പോള്‍സണ്‍ തീരപ്രദേശത്തെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ മികച്ച പ്രവർത്തനങ്ങള്‍ കാഴ്ച്ചവച്ച വ്യക്തി കൂടിയാണ്.

ഒൻപത് വർഷത്തോളം അമേരിക്കയില്‍ ഗ്രീൻകാർഡ് ഹോള്‍ഡറായി കഴിഞ്ഞിരുന്ന കാലത്തെ സാമ്ബാദ്യം ഉപയോഗിച്ച്‌ 2011-12 കാലഘട്ടത്തില്‍ വാങ്ങിയ ഭൂമിയാണ് ദാനം ചെയ്യുന്നത്. പോള്‍സന്റെ പിതാവ് ഡോ. ജോസും ആദ്യകാല പഞ്ചായത്തംഗമായിരുന്നു. ഭാര്യ മറിയവും രണ്ടു മക്കളും അമേരിക്കയില്‍ തന്നെയാണ്. അവരുമായി കൂടി ആലോചിച്ചാണ് ഈ ഭൂമിദാനം നടത്തുന്നതെന്ന് പോള്‍സൻ കേരളകൗമുദിയോട് പറഞ്ഞു. കയ്പമംഗലം പഞ്ചായത്ത് ഓസിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബെന്നി ബെഹ്‌നാൻ എം.പി, ഇ.ടി.ടൈസണ്‍ എം.എല്‍.എ തുടങ്ങിയ നേതാക്കളും പൗര പ്രമുഖരും, നാട്ടുകാരും സംബന്ധിക്കുന്ന ചടങ്ങിലാണ് ഭൂമിദാനം.

Leave a Reply

Your email address will not be published. Required fields are marked *