വധശിക്ഷ നടപ്പാക്കാൻ മറ്റ് മാർഗങ്ങള്‍ അവശ്യപ്പെട്ടുള്ള ഹർജിയില്‍ സർക്കാരിന്റെ എതിർപ്പ് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി.തൂക്കിക്കൊല്ലല്‍ എന്ന പരമ്ബരാഗത രീതിക്ക് പകരം മറ്റ് വഴികള്‍ നിർദേശിച്ചുള്ള പൊതു താല്‍പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള ഒരു മാർഗമായി വിഷം കുത്തിവയ്ക്കല്‍ നല്‍കണമെന്ന് ഹർജിയില്‍ നിർദേശിച്ചിരുന്നു.
തൂക്കികൊല വളരെ പഴയ നടപടിക്രമമാണ്. അതിന് പകരം മറ്റ് മാർഗങ്ങള്‍ എന്ന പരിഷ്കാരങ്ങളെ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രശ്നമമെന്നും കോടതി ചൂണ്ടിക്കാട്ടി. കാലക്രമേണ കാര്യങ്ങള്‍ മാറുമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
“കുറഞ്ഞപക്ഷം ശിക്ഷിക്കപ്പെട്ട തടവുകാരന് ഒരു ഓപ്ഷൻ നല്‍കുക. അവർക്ക് തൂക്കിക്കൊല്ലണോ അതോ കുത്തിവയ്പ്പ് വേണോയെന്ന്. തൂക്കിക്കൊല്ലലിനെ അപേക്ഷിച്ച് കുത്തിവയ്പ്പ് വേഗത്തിലുള്ളതും മനുഷ്യത്വപരവും മാന്യവുമാണ്. സൈനിക സംവിധാനങ്ങളിലും, മറ്റ് രാജ്യങ്ങളിലുമെല്ലാം അത്തരം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ തൂക്കിക്കൊല ക്രൂരവും പ്രാകൃതവും ഏറെ നേരം നീണ്ടുനില്‍ക്കുന്നതുമാണ്.” ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഋഷി മല്‍ഹോത്ര പറഞ്ഞു.
എന്നാല്‍ ആ നിർദേശം പ്രായോഗികമല്ലെന്ന് സർക്കാർ നല്‍കിയ എതിർ സത്യവാങ്മൂലത്തില്‍ പറയുന്നു. സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക സോണിയ മാത്തൂർ, തടവുകാർക്ക് ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നത് എളുപ്പമല്ല, അത് നയന്ത്രപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് നവംബർ 11 ലേക്ക് മാറ്റി.
